ഗാന്ധി മരിച്ചതെങ്ങനെയാണ്? ആ ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കുക

ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തയ്യാറായ ആൾക്കൂട്ടം മുന്നിലുള്ള കാലത്തോളം ചരിത്രം വക്രീകരിക്കപ്പെട്ടുകൊണ്ടിരിക്കും.

ഗാന്ധി മരിച്ചതെങ്ങനെയാണ്? ആ ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കുക

ഷെരീഫ് സാഗർ

എങ്ങനെയാണ് മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എന്ന അമ്പരപ്പിക്കുന്ന ചോദ്യവുമായി ഗുജറാത്തിലെ ഒരു സ്‌കൂൾ രംഗത്തുവന്ന വാർത്ത അത്ഭുതകരമായ ഒന്നല്ല. ചരിത്രത്തെ വക്രീകരിക്കാനും ചരിത്ര പുരുഷന്മാരെ പരിഹസിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗം മാത്രമാണത്. ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തയ്യാറായ ആൾക്കൂട്ടം മുന്നിലുള്ള കാലത്തോളം ചരിത്രം വക്രീകരിക്കപ്പെട്ടുകൊണ്ടിരിക്കും. യഥാർത്ഥ ചരിത്രം പറഞ്ഞുകൊണ്ടിരിക്കുക എന്നതു മാത്രമാണ് ഇതിനുള്ള പരിഹാരം.

ഗാന്ധിയെ കൊന്നതോടെ യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്തത് രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയമാണ്. വിഭജനത്തിനു ശേഷമുള്ള ഇന്ത്യയുടെ ചിത്രം തന്നെ അതോടെ മാറ്റിമറിക്കപ്പെട്ടു. ആർ.എസ്.എസ്സിലും കോൺഗ്രസ്സിലും ഒരുപോലെ പ്രവർത്തിക്കുന്ന അന്നത്തെ ചില നേതാക്കൾക്ക് വീണ്ടുവിചാരമുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയം അപകടമാണെന്നും മതേതരത്വവും മതസഹിഷ്ണുതയും അനിവാര്യമാണെന്നും തോന്നി. ആർ.എസ്.എസ്സിനെ നിരോധിക്കാൻ സർദാർ പട്ടേൽ നിർബന്ധിതനായി. ഈ വിപത്ത് നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ പാക്കിസ്ഥാൻ സംഭവിക്കില്ലായിരുന്നു എന്നുവരെ ചിലർക്കു തോന്നി. പക്ഷേ, അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.

ഗാന്ധി മരിച്ചതെങ്ങനെയാണ്? ആ ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. 1948 മാർച്ച് 30ന് അതിരാവിലെ കർക്കറെ, ആപ്‌തെ, നാഥുറാം വിനായക് ഗോഡ്‌സെ എന്നിവർ പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ വിശ്രമ മുറിയിലെത്തി. അവിടെനിന്ന് കുളിച്ചൊരുങ്ങി ഒരു വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് പ്രാതൽ കഴിച്ചു. വീണ്ടും മുറിയിൽ തിരിച്ചെത്തി ഗാന്ധിയെ കൊല്ലാനുള്ള അവസാന വട്ട ഗൂഢാലോചന നടത്തി.

മൂന്നു കാലുള്ള ക്യാമറ സംഘടിപ്പിച്ച് ക്യാമറാ തുണികൊണ്ട് മൂടി അതിന്റെ പിന്നിൽനിന്ന് വെടിയുതിർക്കാം എന്നായിരുന്നു ഒരു അഭിപ്രായം. മുസ്ലിം സ്ത്രീകൾ അണിയുന്ന പർദ്ദ ധരിക്കാമെന്നായിരുന്നു ആപ്‌തെയുടെ ഉപായം. അത് കൊള്ളാമെന്നു പറഞ്ഞ് ആപ്‌തെയും കർക്കറെയും പർദ്ദ വാങ്ങാൻ ചാന്ദ്‌നി ചൗക്കിലേക്ക് പോയി. 50 രൂപക്ക് പർദ്ദ വാങ്ങി അവർ തിരിച്ചെത്തി. പർദ്ദ അണിഞ്ഞു നോക്കിയെങ്കിലും തോക്ക് പുറത്തെടുക്കാൻ പ്രയാസമാകുമെന്ന് പറഞ്ഞ് ഗോഡ്‌സെ ആ പദ്ധതി വേണ്ടെന്നു വെച്ചു. പിടിക്കപ്പെട്ടാൽ ഈ വേഷം അപമാനമാണെന്നും ഗോഡ്‌സെ പറഞ്ഞു.

അതിനു ശേഷം ബിർല ക്ഷേത്രത്തിനു പിറകിലുള്ള കാട്ടിലെത്തി ഇറ്റാലിയൻ ബരേറ്റ ബിസ്റ്റളെടുത്ത് മരത്തിലേക്ക് വെടിയുതിർത്ത് പരീക്ഷിച്ചു. ചാരനിറത്തിലുള്ള സൈനിക വേഷമണിഞ്ഞ് ഒരു കാക്കി തൊപ്പിയും ധരിച്ച് പുറപ്പെടാനൊരുങ്ങി. ഇന്ത്യാ ഗേറ്റിനടുത്തുനിന്ന് വാങ്ങിയ നിലക്കടല കൊറിച്ച് വൈകുന്നേരം 4.45ന് ഒരു കുതിര വണ്ടിയിൽ അവർ ബിർല മന്ദിരത്തിലേക്ക് തിരിച്ചു. അഞ്ചു മണിയോടെ മന്ദിരത്തിൽ പ്രവേശിച്ചു. ആപ്‌തെയും കർക്കറെയും ജനക്കൂട്ടത്തിൽ അലിഞ്ഞു.

ഗാന്ധിയുടെ വരവിനായി നാഥുറാം വിനായക് ഗോഡ്‌സെ കാത്തിരുന്നു. സമയം 5.15. അല്പം വൈകിയതിനാൽ പുൽത്തകിടി കുറുകെ കടന്ന് ഗാന്ധിജി പ്രാർത്ഥനാ വേദിയിലേക്ക് വേഗത്തിൽ നടന്നു. ബാപ്പുജി ബാപ്പുജി എന്ന് ആൾക്കൂട്ടത്തിൽനിന്ന് മർമ്മരമുയർന്നു. നാഥുറാം ഗോഡ്‌സെ ബരേറ്റ പിസ്റ്റൾ പാന്റിന്റെ പോക്കറ്റിൽ മറച്ചുപിടിച്ചു. ഗാന്ധി തൊട്ടുമുന്നിലെത്തിയ ഉടൻ പിസ്റ്റൾ കൈകളിൽ ഒതുക്കിവെച്ച് നമസ്‌തേ ബാപ്പുജി എന്നു പറഞ്ഞ് വന്ദിച്ചു. മനുവും ആഭയും ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു എന്ന് പറഞ്ഞ് അവർ യുവാവിനെ തടഞ്ഞു.

എന്നാൽ ഇടതു കൈ കൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റിയ ഗോഡ്‌സെ വലതുകൈയിലിരിക്കുന്ന പിസ്റ്റൾ കൊണ്ട് മൂന്നു തവണ വെടിയുതിർത്തു. ഉന്നം തെറ്റാതെ ഗാന്ധിയുടെ നെഞ്ചിൽത്തന്നെ വെടിയുണ്ടകൾ തറച്ചു. ഹേ റാം, ഹേ റാം എന്ന് ഉച്ചരിച്ച് കൈ കൂപ്പിക്കൊണ്ട് ഗാന്ധി നിലംപതിച്ചു. ഏതൊരു മണ്ണിനു വേണ്ടിയാണോ ജീവൻ ഉഴിഞ്ഞുവെച്ച് പോരാടിയത്, അതേ മണ്ണ് ഗാന്ധിയുടെ രക്തം കൊണ്ട് ചുവന്നു.

വിചാരണക്കു ശേഷം 1949 നവംബർ 15ന് അമ്പാല ജയിലിൽ നാഥുറാമിനെയും ആപ്‌തെയെയും തൂക്കിക്കൊല്ലാൻ തീരുമാനിച്ചു. കാലത്ത് എട്ടു മണിക്ക് കഴുമരത്തിലേക്ക് നടക്കുമ്പോൾ അവിഭക്ത ഇന്ത്യയുടെ ഭൂപടത്തിനൊപ്പം ഗോഡ്‌സെയുടെ കൈയിൽ കാവിക്കൊടിയും ഭഗവത്ഗീതയുമുണ്ടായിരുന്നു.

ഗാന്ധി ആത്മഹത്യ ചെയ്തതല്ല. കൊന്നതാണ്. കൊന്നത് ഹിന്ദുത്വ തീവ്രവാദിയായ ബ്രാഹ്മണനാണ്. ഗോഡ്‌സെയാണ്. ഇതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണ്. എപ്പോൾ പറച്ചിൽ അവസാനിക്കുന്നുവോ, അപ്പോൾ ചരിത്രത്തെ മറിച്ചിടാൻ തയ്യാറായി ഒരു വിഭാഗം ഇവിടെയുണ്ട് എന്നതു തന്നെയാണ് ഈ പറച്ചിലിന്റെ പ്രസക്തി. ഗാന്ധിജി കൊല്ലപ്പെട്ടതോടെ ആത്മഹത്യ ചെയ്തത് ഹിന്ദുത്വ രാഷ്ട്രീയം തന്നെയായിരുന്നു. കുപ്പായത്തിൽനിന്ന് ആ രക്തക്കറ മായ്ച്ചുകളയാനാണ് ആർ.എസ്.എസ്സും സംഘ്പരിവാറും പിൽക്കാലമത്രയും ഊർജ്ജം ചെലവാക്കിയത്. ഗുജറാത്ത് സ്‌കൂളിലെ ചോദ്യം ഉൾപ്പെടെ പലതും ആ രക്തക്കറയുടെ വിമ്മിട്ടം മാത്രമാണ്.

Read More >>