പരീക്ഷയ്ക്കിടെ ഉത്തരക്കടലാസില്‍ ശിവരഞ്ജിത് കുറിച്ചത് പ്രേമലേഖനവും സിനിമാപ്പാട്ടും

പരീക്ഷാ സമയം അവസാനിക്കുമ്പോഴേക്ക് നേരത്തെ തയ്യാറാക്കി വെച്ച ഉത്തരക്കടലസ് പുറത്തുനിന്നെത്തും

പരീക്ഷയ്ക്കിടെ ഉത്തരക്കടലാസില്‍ ശിവരഞ്ജിത് കുറിച്ചത് പ്രേമലേഖനവും സിനിമാപ്പാട്ടും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്ത് പരീക്ഷാഹാളില്‍ വെറുതേ ഇരിക്കുകയല്ലെന്ന് തോന്നിക്കാന്‍ ഉത്തരക്കടലാസില്‍ കുറിച്ചിരുന്നത് പ്രേമലേഖനവും സിനിമാപ്പാട്ടും. പരീക്ഷാ സമയം അവസാനിക്കുമ്പോഴേക്ക് നേരത്തെ തയ്യാറാക്കി വെച്ച ഉത്തരക്കടലസ് പുറത്തുനിന്നെത്തും. ഇതാണ് അദ്ധ്യാപകര്‍ക്ക് നല്‍കിയിരുന്നതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് എഫ്.ഐ.ആറഫിലാണ് ഈ വിവരങ്ങള്‍ ഉള്ളതെന്ന് പത്രം പറയുന്നു.

ശിവരഞ്ജിത്ത് സംഘടിപ്പിച്ച ഉത്തരക്കടലാസുകളുടെ ഒരു കെട്ട് സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ എസ്.എഫ്.ഐ നേതാവ് പ്രണവിന് നല്‍കിയിരുന്നു. മോഷ്ടിച്ച ഉത്തരക്കടലാസുകള്‍ മണക്കാട് ശിവകൃപ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്- എഫ്.ഐ.ആര്‍ പറയുന്നു.

212801, 212802, 202024, 2022016, 495529, 359467, 320548, 495528, 495526 എന്നീ സീരിയല്‍ നമ്പറുകളിലുള്ള ഉത്തരക്കടലാസുകളും ഫേസിങ് ഷീറ്റ് ഇല്ലാത്ത ഏഴ് ഉത്തരക്കടലാസുകളുമാണു ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നു പോലീസ് പിടിച്ചെടുത്തത്. ഇവ യൂണിവേഴ്സിറ്റി കോളജിനു നല്‍കിയതാണെന്നു സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ അദ്ധ്യാപകരും പ്രതിക്കൂട്ടിലാകുമെന്ന് സൂചനയുണ്ട്. ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും വിഷയത്തില്‍ പരാതി നല്‍കാന്‍ പ്രിന്‍സിപ്പലോ സര്‍വകലാശാലാ അധികൃതരോ തയ്യാറായിട്ടില്ല. വൈകാതെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോപ്പിയടി വിവാദത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന സ്ഥിതി വന്നതോടെ അന്വേഷണം മരവിപ്പിക്കാന്‍ ഉന്നത തല സമ്മര്‍ദ്ദവുമുണ്ട്.

Read More >>