ധനവിനിയോഗവും വരുമാനവും കുറയുന്നു- തുറിച്ചു നോക്കി സാമ്പത്തിക മാന്ദ്യം

സര്‍ക്കാറിലേക്ക് വരുന്ന വരുമാനത്തിന്റെ തോതും കുറഞ്ഞിട്ടുണ്ട്. ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസുകള്‍ വഴിയുള്ള വാര്‍ഷിക വരുമാനത്തില്‍ 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ധനവിനിയോഗവും വരുമാനവും കുറയുന്നു- തുറിച്ചു നോക്കി സാമ്പത്തിക മാന്ദ്യം

ന്യൂഡല്‍ഹി: സാമ്പത്തിക മേഖലയിലെ മുരടിപ്പ് വന്‍ മാന്ദ്യത്തിലേക്കു വഴുതുമെന്ന സൂചന നല്‍കി സര്‍ക്കാര്‍ കണക്കുകള്‍. സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിനു പിന്നാലെ, ബജറ്റില്‍ പദ്ധതികള്‍ക്കായി നീക്കി വച്ച തുകകളുടെ സിംഹഭാഗം ഇതുവരെ സര്‍ക്കാറിന് വിനിയോഗിക്കാനായിട്ടില്ലെന്ന് രേഖകള്‍ പറയുന്നു. ഇതിനെ പ്രതികൂല സൂചകമായാണ് (negative indicator) സാമ്പത്തിക വിദഗധര്‍ വിലയിരുത്തുന്നത്.

ഔദ്യോഗിക കണക്കു പ്രകാരം സര്‍ക്കാറിന്റെ മൊത്തം പദ്ധതി ധനവിനിയോഗം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 360 ബേസിസ് പോയിന്റ് കുറവാണ്. കഴിഞ്ഞ വര്‍ഷം 29 ശതമാനം തുകയാണ് ഇതുവരെ ചെലവഴിച്ചതെങ്കില്‍ ഈ വര്‍ഷം അത് ഇത് 25.4 ശതമാനം മാത്രമാണ്. സര്‍ക്കാറിന്റെ ആദ്യപാദത്തില്‍ 27.86 ലക്ഷം കോടി രൂപയുടെ ധനവിനിയോഗമാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചെലവഴിക്കനായാത് 7,21,710 കോടിയും.

മൂലധനച്ചെലവില്‍ വന്‍ ഇടിവുണ്ടായി എന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. മൂലധനച്ചെലവിന്മേല്‍ 63000 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ വിനിയോഗിച്ചത്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 27.6 ശതമാനത്തിന്റെ കുറവ്. ബില്‍ഡിങുകള്‍, യന്ത്രങ്ങള്‍ പോലുള്ള ദീര്‍ഘകാല ആസ്തികള്‍ വാങ്ങാനോ അവയുടെ ശേഷി വര്‍ദ്ധിപ്പിക്കാനോ ചെലവഴിക്കുന്നതാണ് മൂലധന ധനവിനിയോഗം (capex) എന്നു പറയുന്നത്. കഴിഞ്ഞ വര്‍ഷം 86990 കോടിയായിരുന്നു കാപെസ്‌ക്‌സ്. അതേസമയം, തെരഞ്ഞെടുപ്പ വന്ന വര്‍ഷമായതിനാല്‍ സ്വാഭാവികമായും ഇതില്‍ കുറവു വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ, സര്‍ക്കാറിലേക്ക് വരുന്ന വരുമാനത്തിന്റെ തോതും കുറഞ്ഞിട്ടുണ്ട്. ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസുകള്‍ വഴിയുള്ള വാര്‍ഷിക വരുമാനത്തില്‍ 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ആര്‍.ബി.ഐ നടത്തിയ സര്‍വേ പ്രകാരം 31.6 ശതമാനം നിര്‍മാതാക്കള്‍ മാത്രമാണ് തങ്ങള്‍ക്ക് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടായി എന്ന് പറഞ്ഞത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടന്നുവരുന്ന 65 വന്‍കിട പദ്ധതികളില്‍ 37 എണ്ണവും കാലതാമസം നേരിടുന്നതായി സ്റ്റാറ്റിറ്റിസ്‌ക് മന്ത്രാലയം പറയുന്നു.

2019 ജൂണ്‍ വരെയുള്ള സാമ്പത്തിക പാദം പുതിയ പദ്ധതികള്‍ക്കും മോശം സമയമായിരുന്നു. 71,300 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് ഇക്കാലയവില്‍ പ്രഖ്യാപിക്കപ്പെട്ടത്. 2018-19ല്‍ ഇത് ശരാശരി 2.7 ലക്ഷം കോടിയായിരുന്നു.

ജൂണില്‍ ഫാക്ടറി ഉല്‍പ്പാദന വളര്‍ച്ച നാലു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്; രണ്ട് ശതമാനം. വ്യാവസായിക ഉല്‍പ്പാദന സൂചികയിലും ഇടിവുണ്ടായി. ആഭ്യന്തര സാമ്പത്തിക സജീവതയുടെ അടയാളമായി അറിയപ്പെടുന്ന ചരക്കുകടത്തിലും കുറവുണ്ടായി. വ്യോമ മാര്‍ഗം വഴിയുള്ള ചരക്കു കടത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇതില്‍ 6.6 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരുന്നത്.

Read More >>