ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ എന്തുണ്ട്

രാജ്യത്ത് ഏറ്റവും വലിയ തൊഴില്‍ വിഭാഗമായ ചെറുകിട സംരംഭങ്ങള്‍ക്ക് വേണ്ട പരിഗണന ഇടക്കാല ബജറ്റില്‍ ലഭിച്ചില്ല

ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ എന്തുണ്ട്

നോട്ടുനിരോധനവും ചരക്കു സേവന നികുതിയും പാടെ തകർത്തെറിഞ്ഞ ചെറുകിട ഇടത്തരം സംരംഭമേഖലയ്ക്ക് കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. രാജ്യത്ത് ഏറ്റവും വലിയ തൊഴിൽ വിഭാഗമായ ചെറുകിട സംരംഭങ്ങളെ ഇടക്കാല ബജറ്റിൽ അൽപംകൂടി പരിഗണിക്കണമായിരുന്നു. സ്വയം സംരംഭമെന്ന ആശയം കൂടുതലും പരീക്ഷിക്കപ്പെടുന്നത് ഇത്തരം ചെറുസംരംഭങ്ങളിലാണ്. നമുക്കറിയാവുന്നതുപോലെ രാജ്യം കനത്ത തൊഴിലില്ലായ്മ നേരിടുന്ന ഇക്കാലത്ത് ചെറുകിട സംരംഭമെന്ന ആശയം എത്ര പ്രസക്തമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

പിന്നിട്ട നാലുവര്‍ഷം

ഇക്കഴിഞ്ഞ നാലു വർഷങ്ങൾ ചെറുകിട സംരംഭങ്ങൾക്ക് അത്ര നല്ലകാലമായിരുന്നില്ല. നോട്ടുനിരോധനത്തിന്റെ ആഘാതമാണ് പ്രധാന പ്രശ്നം. വിപണി, വിതരണക്കാർ, തൊഴിലാളികൾ എന്നിവരുടെ വരുമാനത്തെ തകർത്തെറിഞ്ഞു. ഈ വെല്ലുവിളിയെ അതിജീവിച്ച് മുന്നേറുമ്പോഴാണ് ചരക്കു സേവന നികുതി നടപ്പാക്കുന്നത്.

കഴിഞ്ഞ നാലു വർഷത്തിനിടെ ചെറുകിട മേഖലയിൽ നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമായതായി ആൾ ഇന്ത്യ മാനുഫാക്ടേഴ്സ് അസോസിയേഷൻ നടത്തിയ സർവേയിൽ പറയുന്നു. സർവ്വേപ്രകാരം വിലയിരുത്തുമ്പോള്‍ ചെയ്യുമ്പോള്‍ 2014-15 കാലഘട്ടത്തിൽ 100 തൊഴിലാളികൾ ഉണ്ടായിരുന്നത് നാലര വർഷത്തിനിടെ 57ആയി കുറഞ്ഞു. നൂറ് ചെറുകിട സംരംഭങ്ങൾ 68 ആയും 100 ഇടത്തരം സംരംഭങ്ങൾ 76 ആയി കുറഞ്ഞു.

പന്ത്രണ്ടിനപ്പുറം എന്ത്

തെരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറിൽ ദീപാവലി സമ്മാനമായി പ്രഖ്യാപിച്ച പന്ത്രണ്ടു പ്രഖ്യാപനങ്ങൾക്കപ്പുറത്തേക്ക് യാതൊന്നും ഇടക്കാല ബജറ്റിൽ ഉണ്ടായില്ല. ഒരുകോടി രൂപവരെയുള്ള വായ്പ 59 മിനുട്ടിനകം ലഭിക്കുമെന്ന പദ്ധതിയും പ്രഖ്യാപനത്തിന്റെ ഭാഗമാണ്. എന്നാൽ ഈ പ്രഖ്യാപനങ്ങളൊന്നും ഇനിയും എവിടെയും എത്തിയില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

ജി.എസ്.ടി രജിസ്ട്രേഷനുള്ള എം.എസ്.എം.ഇ യൂണിറ്റുകളുടെ ഒരു കോടി രൂപവരെയുള്ള വായ്പകൾക്ക് 2 ശതമാനം പലിശ സബ്സിഡി അടുത്ത വർഷം മുതൽ ലഭിക്കും. ഇതുകൂടാതെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ജി.എസ്.ടി വരുമാന പരിധി 40 ലക്ഷം രൂപയാക്കുകയും 50 ലക്ഷം വരെയുള്ള വരുമാനമുള്ള സംരംഭങ്ങൾക്ക് 6 ശതമാനം നികുതി മാത്രം ബാധകമാക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു കോടിയിൽ താഴെവിറ്റുവരവുള്ള സംരംഭങ്ങൾ മൂന്നു മാസം കൂടുമ്പോൾ റിട്ടേൺ സമർപ്പിച്ചാൽ മതി എന്നതും മാത്രമാണ് ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിലുള്ള നേട്ടം.

പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്നവർക്ക് വേണ്ടത്ര നേട്ടമൊന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നു വേണം വിലയിരുത്താൻ. 2019-20 വർഷത്തിൽ ചെറുകിട ഇടത്തരം മേഖലയ്ക്കായി 7011.29 കോടി രൂപയാണ് വകയിരുത്തിയത്.

Read More >>