വോട്ടര്‍ പട്ടിക 2015ലേതു മതി; ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിം കോടതിയിലേക്ക്

ആക്ഷേപങ്ങള്‍ കേട്ടു പരാതികള്‍ പരിഹരിച്ച ശേഷമേ അന്തിമ വാര്‍ഡു പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ

വോട്ടര്‍ പട്ടിക 2015ലേതു മതി; ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിം കോടതിയിലേക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍പട്ടിക അംഗീകരിക്കണമെന്ന് ആവശ്യപ്പെടും.

നിശ്ചിത സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു കമ്മിഷനു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 25,000 ബൂത്തുകളിലും ആളെ നിയമിച്ചു വോട്ടര്‍മാരുടെ പേരു വിവരങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. വാര്‍ഡ് പുനര്‍വിഭജനം വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെങ്കില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാര്‍ഡ് അടിസഥാനത്തിലാക്കണം. ഇതിന് ഓരോ വോട്ടറുടെയും വിട്ടിലെത്തി ആ വാര്‍ഡിലെ അംഗമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 25,000 ബൂത്തുകളില്‍ ഈ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി 10 കോടിയോളം രൂപ ചെലവു വരും. വാര്‍ഡ് വിഭജനമാണു കമ്മിഷനു മറ്റൊരു വെല്ലുവിളി. ആക്ഷേപങ്ങള്‍ കേട്ടു പരാതികള്‍ പരിഹരിച്ച ശേഷമേ അന്തിമ വാര്‍ഡു പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ. ഈ പ്രക്രിയയ്ക്കു അഞ്ചു മാസമെങ്കിലും വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍.

2015ലെ പഴയ പട്ടിക ഉപയോഗിക്കാനുള്ള കമ്മിഷന്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസും മുസ്‌ലിംലീഗും നല്‍കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ വിധി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കമ്മിഷന്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

Read More >>