ലോകായുക്തയും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു; മാരത്തോണ്‍ എല്‍.എല്‍.ബി പരീക്ഷയ്ക്ക് സ്റ്റേ

കേരള സർവകലാശാല പരീക്ഷ കൺട്രോളർ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ലോകായുക്തയും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു; മാരത്തോണ്‍ എല്‍.എല്‍.ബി പരീക്ഷയ്ക്ക് സ്റ്റേ

സുധീര്‍‌ കെ. ചന്ദനത്തോപ്പ്

തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി പരീക്ഷകൾ തോന്നിയ മട്ടിൽ നടത്തുന്ന കേരള സർവകലാശാലക്കെതിരേ ലോകായുക്തയും മനുഷ്യാവകാശ കമ്മിഷനും. ഈ മാസം 30ന് ആരംഭിക്കേണ്ട പരീക്ഷ ലോകായുക്ത സ്‌റ്റേ ചെയ്തു. വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കേസ് അടുത്ത മാസം ഒന്നിന് ലോകായുക്ത വീണ്ടും പരിഗണിക്കും. കേരള സർവകലാശാലയുടെ അശാസ്ത്രീയ പരീക്ഷ നടത്തിപ്പിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും സർവകലാശാലയോട് വിശദീകരണം തേടുകയും ചെയ്തു. കേരള സർവകലാശാല പരീക്ഷ കൺട്രോളർ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

എൽ.എൽ.ബി പരീക്ഷകൾ കൂട്ടമായി നടത്തുന്നത് തത്സമയം ഓൺലൈനാണ് ആദ്യം വാർത്തയാക്കിയത്. 2017 സെപ്തംബറിൽ ക്ലാസ് ആരംഭിച്ച ശേഷം 16 മാസത്തോളം ഒരു സെമസ്റ്റർ പരീക്ഷ പോലും നടത്താതിരുന്ന സർവകലാശാല ആഴ്ചകളുടെ വ്യത്യാസത്തിൽ പരീക്ഷകൾ തുടങ്ങി. 2018 ഡിസംബറിൽ ആദ്യ സെമസ്റ്റർ പരീക്ഷ തുടങ്ങി. ഇത് 2019 ജനുവരിയിൽ പൂർത്തിയായി. 2019 ജൂണിൽ ആരംഭിച്ച രണ്ടാം സെമസ്റ്റർ പരീക്ഷ ജൂലൈയിൽ അവസാനിച്ചു.

ഇത് കഴിഞ്ഞയുടൻ ഒന്നാം സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷ ആരംഭിച്ചു. ജൂലൈ അഞ്ചിന് രണ്ടാം സെമസ്റ്റർ പരീക്ഷ അവസാനിച്ച് ഒരു മാസത്തിനകം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്നു. പക്ഷേ പ്രളയം കാരണം ഓഗസ്റ്റ് 25നാണ് പരീക്ഷ തുടങ്ങിയത്. മൂന്നാം സെമസ്റ്റർ പൂത്തിയാകും മുമ്പ് നാലാം സെമസ്റ്ററിന്റെ നോട്ടിഫിക്കേഷൻ വന്നു.

സെമസ്റ്റർ പരീക്ഷകൾക്കിടയിൽ കൃത്യമായ ഇടവേള നൽകണമെന്നാണ് ചട്ടം. ആറു മാസത്തെ ഇടവേളകളിലായി 24 മാസം കൊണ്ട് നാല് സെമസ്റ്റർ പരീക്ഷ നടത്തേണ്ട കേരള സർവകലാശാല വെറും 10 മാസം കൊണ്ട് നാല് സെമസ്റ്റർ പരീക്ഷകളാണ് നടത്തിയത്. ഇക്കാരണത്താൽ വിദ്യാർത്ഥികൾക്ക് കോഴ്‌സിന്റെ ഭാഗമായ സെമിനാറുകളും ടെസ്റ്റ് പേപ്പറുകളും എഴുതാൻ കഴിയാറില്ല.

എൽ.എൽ.ബി പരീക്ഷകൾ കൃത്യമായി നടത്തണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സർവകലാശാല കാറ്റിൽ പറത്തിയതായി കേരള ലോ അക്കാദമി ലോ കോളജ് വിദ്യാർത്ഥി ഉല്ലാസ് കൃഷ്ണന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

Next Story
Read More >>