മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്; മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് ബി.ജെ.പി- മന്ത്രി അത്തേവാല സഞ്ജയ് റാവുത്തിനെ കണ്ടു

മൂന്ന് വര്‍ഷം മുഖ്യമന്ത്രി പദം ബി.ജെ.പിയും രണ്ടു വര്‍ഷം ശിവസേനയും പങ്കിടാം എന്ന ഫോര്‍മുലയാണ് ബി.ജെ.പി മുന്നോട്ടു വച്ചിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്; മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് ബി.ജെ.പി- മന്ത്രി അത്തേവാല സഞ്ജയ് റാവുത്തിനെ കണ്ടു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംസ്ഥാന മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ബി.ജെ.പി ശിവസേനയെ അറിയിച്ചു. കേന്ദ്രമന്ത്രി രാംദാസ് അത്തേവാല സേനാ എം.പി സഞ്ജയ് റാവുത്തിനെ കണ്ടാണ് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍.സി.പി നേതാവ് ശരദ് പവാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ബി.ജെ.പിയുടെ നീക്കം. ശിവസേന വാഗ്ദാനം സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല.

മൂന്ന് വര്‍ഷം മുഖ്യമന്ത്രി പദം ബി.ജെ.പിയും രണ്ടു വര്‍ഷം ശിവസേനയും പങ്കിടാം എന്ന ഫോര്‍മുലയാണ് ബി.ജെ.പി മുന്നോട്ടു വച്ചിട്ടുള്ളത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം ഏകദേശം യാഥാര്‍ത്ഥ്യമാകുമെന്ന ഘട്ടത്തിലാണ് ബി.ജെ.പി സേനയുടെ ആവശ്യത്തിനു മുമ്പില്‍ വഴങ്ങുന്നത്. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം പങ്കിടണം എന്നായിരുന്നു അവരുടെ ആവശ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം ബി.ജെ.പി പാലിക്കണമെന്നും സേന ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി വഴങ്ങാതിരുന്ന സാഹചര്യത്തില്‍ സേന മുപ്പത് വര്‍ഷമായി തുടരുന്ന എന്‍.ഡി.എ ബന്ധം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഏക മന്ത്രി അരവിന്ദ് സാവന്ത് മന്ത്രിപദം രാജിവയ്ക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ച ഇന്ന് അവര്‍ പ്രതിപക്ഷ ബഞ്ചിലാണ് ഇരുന്നത്. മഹാരാഷ്ട്രയിലെ മഴ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സേനാ എം.പിമാര്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

ആവശ്യമാണ് എങ്കില്‍ ശിവേസനയ്ക്കും ബി.ജെ.പിക്കും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാം എന്ന് ഇന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.

'എന്‍.സി.പിയും കോണ്‍ഗ്രസും ഒന്നിച്ചാണ് മത്സരിച്ചത്. ശിവസേനയും ബി.ജെ.പിയും ഒന്നിച്ചു. അവര്‍ക്ക് അവരുടെ വഴി തെരഞ്ഞെടുക്കാം. ഇന്ന് വൈകിട്ട് സോണിയ ഗാന്ധിയെ കാണുന്നുണ്ട്' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

288 അംഗ സഭയില്‍ 105 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റുണ്ട്.

Read More >>