'വിറയ്ക്കാതെ, ആണത്തം കാണിക്കൂ' മോദിയെ കളിയാക്കി രാഹുല്‍ ഗാന്ധി

നിങ്ങള്‍ യഥാര്‍ത്ഥ റഫേല്‍ കരാര്‍ മറികടന്നപ്പോള്‍ പ്രതിരോധ മന്ത്രാലയവും വ്യോമസേനയും അതിനെ തടഞ്ഞില്ലേ എന്ന ചോദ്യത്തിന് വിറക്കാതെ പുരുഷനെപ്പോലെ മറുപടി പറയാനാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്.

വിറയ്ക്കാതെ, ആണത്തം കാണിക്കൂ മോദിയെ കളിയാക്കി രാഹുല്‍ ഗാന്ധി

ഒരാളോട് 'പുരുഷനെപ്പോലെയാവൂ' 'ആണത്തത്തോടെ പെരുമാറൂ' എന്നൊക്കെ പറഞ്ഞാല്‍ ചെറിയൊരു വിഷമമൊക്കെ തോന്നാം. എന്നാല്‍ അമ്പത്താറിഞ്ച് മുന്നോട്ട് തളളിയ നെഞ്ചുമായി നില്‍ക്കുന്ന ഒരാളോടാണ് അത് പറയുന്നതെങ്കില്‍ വിഷമമല്ല, അമ്പരപ്പാവും ഉണ്ടാവുക. അദ്ദേഹം ഒരു പ്രധാനമന്ത്രി കൂടിയാണെങ്കിലോ? അത് അവിശ്വസനീയമായി തോന്നാം. പ്രധാനമന്ത്രി സ്ഥാനത്തേക്കുളള യഥാര്‍ത്ഥ പോരാട്ടം തുടങ്ങുന്നതിനു മുമ്പ് മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്‌യുദ്ധം ആരംഭിച്ചിട്ട് കുറച്ചു കാലമായി. അതിലെ അവസാന എപ്പിസോഡാണ് മോദിയോട് വിറയ്ക്കാതെ പുരുഷനാവാനുള്ള രാഹുല്‍ ഗാന്ധിയുടെ ഉപദേശം. റഫേല്‍ ഇടപാടില്‍ പാര്‍ലമെന്റില്‍ മറുപടി പറയാതെ ആ ചുമതല പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ ഏല്‍പ്പിച്ചുവെന്ന വിവാദത്തില്‍ ഇടപെട്ട് രാഹുല്‍ ചെയ്ത ട്വീറ്റിലാണ് ഈ പരാമര്‍ശം. നിങ്ങള്‍ യഥാര്‍ത്ഥ റഫേല്‍ കരാര്‍ മറികടന്നപ്പോള്‍ പ്രതിരോധ മന്ത്രാലയവും വ്യോമസേനയും എതിര്‍പ്പു പ്രകടിപ്പിച്ചില്ലേ എന്ന ചോദ്യത്തിന് വിറക്കാതെ പുരുഷനെപ്പോലെ മറുപടി പറയാനാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.

റഫേല്‍ ഇടപാടില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാതെ ആ ജോലി ഒരു സത്രീയെ ഏല്‍പ്പിച്ചുവെന്ന രാഹുലിന്റെ പരാമര്‍ശത്തോട് ശക്തമായ ഭാഷയിലായിരുന്നു കഴിഞ്ഞ ദിവസം ആഗ്രയില്‍ വച്ചു നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പ്രതികരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയാണ് നിര്‍മ്മലാ സീതാരാമന്‍. അതൊരു അഭിമാനകരമായ കാര്യമാണ്. റഫേല്‍ ഇടപാടിനെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളെ അവര്‍ വിജയകരമായി പ്രതിരോധിച്ചു. അവരെ കളിയാക്കുന്നവര്‍ ഒരു മന്ത്രിയെ മാത്രമല്ല, രാജ്യത്തിന്റെ സ്ത്രീശക്തിയെയാണ് കളിയാക്കുന്നത്, മോദി പറഞ്ഞു.

ഇതിനോടുള്ള പ്രതികരണമായിരുന്നു രാഹുലിന്റെ ട്വീറ്റ്. നമ്മുടെ സംസ്‌കാരത്തില്‍ സ്ത്രീകളോടുളള ബഹുമാനം വീട്ടില്‍ നിന്നാണ് പഠിക്കുന്നതെന്ന പരാമര്‍ശവും ട്വീറ്റിലുണ്ടായിരുന്നു.

ട്വീറ്റിനോട് പ്രതികരിച്ച ചിലര്‍ ഇതേ ചോദ്യം രാഹുലിനോട് തിരിച്ചു ചോദിച്ചു. അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസില്‍ നിങ്ങള്‍ പണം കൈപറ്റിയില്ലേ? ആണത്തത്തോടെ മറുപടി പറയൂ എന്നായിരുന്നു അതിലൊന്ന്.

ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധമന്ത്രി ഇന്ദിരാ ഗാന്ധിയാണെങ്കിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന വനിതാ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനാണ്. അനില്‍ അംബാനിയുടെ കമ്പനിയ്ക്കു വേണ്ടി റഫേല്‍ ഇടപാടില്‍ ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണത്തിനെതിരേ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കു വേണ്ടി പ്രതിരോധമുയര്‍ത്തിയത് നിര്‍മ്മലാ സീതാരാമനാണ്.

പുരുഷത്വവും ആണത്തവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും ഒരു മാതൃകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന രാഹുലിന്റെ പരാമര്‍ശവും. മോദി പ്രഭാവത്തെ അദ്ദേഹത്തിന്റെ അനുയായികള്‍ എന്നും ആണത്തവുമായി സമീകരിച്ചാണ് പരാമര്‍ശിക്കുക പതിവ്.Read More >>