ചേട്ടാ, കൃഷി ചെയ്യാനൊക്കെ എന്തിനാ സ്ഥലം!

പ്രളയമാലിന്യങ്ങളില്‍ കൃഷിസ്ഥലം ഒരുക്കി ഏഴാം ക്ലാസുകാരി

ചേട്ടാ, കൃഷി ചെയ്യാനൊക്കെ എന്തിനാ സ്ഥലം!

ദിവ്യ വിശ്വനാഥന്‍

അമ്പലവയല്‍: ഒരു പേമാരി, ഇരവുപകലില്ലാതെ കേരളത്തിനു മുകളില്‍ ആര്‍ത്തലച്ചു പെയ്തത് അത്രവേഗം മറക്കാനാവില്ല. ആ മഴപ്പെയ്ത്ത് വിതച്ച നാശനഷ്ടവും അങ്ങനെ തന്നെ. പ്രളയം വീടായ വീടുകളെയെല്ലാം തൊട്ടുവിളിച്ചു. ആ മഹാപ്രളയത്തില്‍ നിന്നാണ് വയനാട്ടിലെ അമ്പലവയല്‍ മാങ്കൊമ്പ് കൊണ്ടാടന്‍ വീട്ടില്‍ ശിഖ ലുബ്ന എന്ന കൊച്ചു മിടുക്കി ഒരു കൃഷിപ്പുതുമ പരീക്ഷിച്ചത്.

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ കൃഷിക്കായി ഉപയോഗിക്കുകയാണ് ഈ കുട്ടിക്കര്‍ഷക. പ്രളയത്തില്‍ ഉപയോഗ ശൂന്യമായ ടയര്‍, ചാക്ക്, റെയിന്‍ കോട്ട്, ബക്കറ്റ്, ട്രേ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളിലും കൃഷിചെയ്യുകയാണ് ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ ഈ വിദ്യാര്‍ത്ഥിനി. കാര്‍ഷിക മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് സ്‌കൂളില്‍ നടത്തിയ ചിത്ര മത്സരത്തില്‍ നിന്നാണ് എന്തു കൊണ്ട് ഉപയോഗ ശൂന്യമായ വസ്തുക്കളെ കൃഷിക്കായി ഉപയോഗിച്ചുകൂടാ എന്നാലോചിച്ചത്. ഓരോ ഇടത്തുനിന്നും ഉല്പന്നങ്ങള്‍ ശേഖരിച്ചു- ശിഖ പറയുന്നു. ആര്‍ക്കും വേണ്ടാത്ത വസ്തുക്കളില്‍ കാബേജ്, പയര്‍, വെണ്ട, തക്കാളി, ചീര,സെലറി, കാരറ്റ് എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും വിളഞ്ഞു നില്‍പ്പുണ്ട്. സ്‌കൂളില്ലാത്ത സമയങ്ങളിലാണ് കൃഷി പരിചരണം. ചാണകം, ശീമക്കൊന്ന എന്നി ജൈവ വളങ്ങള്‍ ഉപയോഗിക്കാറുണ്ട്. എല്ലാ ചെടികളിലും പൂക്കളും കായ്കളും കാണുന്നതാണ് ഏറെ സന്തോഷമുള്ള കാര്യം. വീട്ടിലെ ആവശ്യത്തിനും അയല്‍പക്കത്തെ വീടുകളിലേക്കും പച്ചക്കറികള്‍ നല്‍കാറുണ്ട്.

കൃഷിയില്‍ തന്റെ സഹായിയും വഴികാട്ടിയും ആരാണെന്നു ചോദിച്ചാല്‍ അതിന് ഒരുത്തരമേയുള്ളു ശിഖയ്ക്ക്- അതെന്റെ ഉപ്പച്ചിയാണ്. ബേക്കറി നടത്തിപ്പുകാരനായ പിതാവ് അബ്ദുല്‍ ഗഫൂറിന്റെ പിന്തുണയാണ് ശിഖയുടെ വിജയത്തിനു പിന്നിലെ ശക്തി. മാതാവ് നസ്രിയും സഹോദരങ്ങളും പ്രോത്സാഹനവും സഹായവുമായി എല്ലായ്‌പ്പോഴും കൂടെയുണ്ട്.

സ്ഥലപരിമിതി കൃഷിക്ക് ഒരു പ്രശ്നമേ അല്ലെന്ന് തെളിയിച്ച ശിഖയുടെ വീടിന്റെ ടെറസിലും പച്ചക്കറിയും പൂക്കളും സുലഭം. കൃഷിയോ അതിനിവിടെ എവിടെയാ സമയം ഇനി സമയം കിട്ടിയാല്‍തന്നെ എവിടെയാ സ്ഥലം- കൃഷി എന്നു കേട്ടാല്‍ ഒട്ടുമിക്ക ആളുകളും ആദ്യം ഉന്നയിക്കുന്ന പ്രശ്നമാണിത്. എന്നാല്‍ ഇത്തരം ആശയകുഴപ്പങ്ങള്‍ നേരിടുന്നവര്‍ ഈ ഏഴാം ക്ലാസ്സുകാരിയെ കണ്ടുപഠിക്കണം. വേണ്ടിവന്നാല്‍ പൊട്ടിയ ബക്കറ്റും, കീറിയ ചാക്കും വരെ നിങ്ങള്‍ക്ക് കൃഷിയിടമാണെന്ന് ശിഖ ലുബ്ന പറയുന്നു.

Read More >>