സുപ്രിംകോടതിക്കും തെറ്റുപറ്റാം, എന്നാലും വിധി അംഗീകരിക്കുന്നു- അസദുദ്ദീന്‍ ഉവൈസി

വിഷയത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

സുപ്രിംകോടതിക്കും തെറ്റുപറ്റാം, എന്നാലും വിധി അംഗീകരിക്കുന്നു- അസദുദ്ദീന്‍ ഉവൈസി

ന്യൂഡല്‍ഹി: വിധിയില്‍ സംതൃപ്തനല്ലെന്നും എന്നാല്‍ സുപ്രിംകോടതി വിധിയെ അംഗീകരിക്കുമെന്നും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സുപ്രിംകോടതി സുപ്രിം തന്നെയാണെന്നും എന്നാല്‍ കോടതിക്കും തെറ്റു പറ്റാമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയില്‍ തൃപ്തരല്ലെന്നും റിവ്യൂ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്നുമാണ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്.

ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേര്‍ന്ന് റിവ്യൂ ഹരജി നല്‍കുന്നതടക്കമുള്ള ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജീലാനി വ്യക്തമാക്കിയിരുന്നു.

കേസിന്റെ എല്ലാവശങ്ങളും പരിഗണിച്ചല്ല സുപ്രീംകോടതിയിലെ അഞ്ചംഗ ബഞ്ചിന്റെ വിധി പ്രസ്താവന. തര്‍ക്കഭൂമിയില്‍ ഹിന്ദു ആരാധനകള്‍ നടത്തി എന്നു കണ്ടെത്താന്‍ കോടതി ആശ്രയിച്ച രേഖകളില്‍ തന്നെ അവിടെ നമസ്‌കാരം നടന്നിരുന്നു എന്നതിനും തെളിവുകളുണ്ട്. പള്ളിയുടെ പുറംമുറ്റത്തില്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍, നമസ്‌കാരം നടന്നതടക്കമുള്ള അകംമുറ്റവും മറുപക്ഷത്തിന് നല്‍കിയതിനെ നീതി എന്നു വിളിക്കാന്‍ കഴിയില്ല. അവിടെ പള്ളിയായിരുന്നു എന്നതിന് മറുഭാഗം ഹാജരാക്കിയ രേഖകളില്‍ തന്നെ തെളിവുണ്ട്. ഇക്കാര്യം റിവ്യൂ ഹരജിയില്‍ ചൂണ്ടിക്കാട്ടും- ജീലാനി പറഞ്ഞു.

ബാബരി മസ്ജിദിനു പകരം ഭൂമി എന്ന വിധി നീതിയായി കരുതുന്നില്ല. പള്ളിക്ക് പകരമായി മറ്റൊന്നുമില്ല. ശരീഅത്ത് പ്രകാരം പള്ളി കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ കഴിയുന്നതല്ല. ആരാധന നടന്നിരുന്ന പള്ളി മറ്റൊരു വിഭാഗത്തിന് കൈമാറുന്നത് നീതിയല്ല. പക്ഷേ, കോടതിയുടെ വിധി അംഗീകരിക്കും. റിവ്യൂ ഹരജി നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കൂടുതല്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ ജനങ്ങളോട് സമാധാനം പുലര്‍ത്താന്‍ ആവശ്യപ്പെടുകയും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി നിരീക്ഷണങ്ങളില്‍ രാജ്യത്തെ മതേതര സംവിധാനത്തിന് ഉപകാരമപ്രദമായ കാര്യങ്ങളുണ്ട്. ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റൊരു വിഭാഗത്തിന്റെ വിശ്വാസത്തിന് മുകളിലല്ല എന്നകാര്യം കോടതി പരിഗണിക്കണമായിരുന്നുവെന്നും ജിലാനി പറഞ്ഞു.

Read More >>