അങ്ങനെയെങ്കില്‍ ആദ്യത്തെ തീവ്രവാദി ഞാനാണ്; കെ. സുരേന്ദ്രന് മറുപടിയുമായി സ്വാമി അഗ്നിവേശ്

ബി.ജെ.പി അദ്ധ്യക്ഷനായ ശേഷം കോഴിക്കോട് ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കവെയാണ് കെ സുരേന്ദ്രന്‍ യൂത്ത് ലീഗ് സമരത്തെ തീവ്രവാദികളുടെ സമരമാണ് എന്നാക്ഷേപിച്ചിരുന്നത്.

അങ്ങനെയെങ്കില്‍ ആദ്യത്തെ തീവ്രവാദി ഞാനാണ്; കെ. സുരേന്ദ്രന് മറുപടിയുമായി സ്വാമി അഗ്നിവേശ്

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ ഷാഹിന്‍ബാഗില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധമിരിക്കുന്നര്‍ തീവ്രവാദികളാണെന്ന ബി.ജെപി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ സ്വാമി അഗ്നിവേശ്. ഈ സമരം നടത്തുന്നവര്‍ തീവ്രവാദികള്‍ ആണ് എങ്കില്‍ അതിലെ ആദ്യത്തെ തീവ്രവാദി താനാണ് എന്നാണ് അഗ്നിവേശിന്റെ പ്രതികരണം.

യൂത്ത് ലീഗ് അദ്ധ്യക്ഷന്‍ മുനവ്വര്‍ അലി ശിഹാബ് തങ്ങളാണ് സ്വാമി അഗ്നിവേശിന്റെ പ്രതികരണം ഫേസ്ബുക്കില്‍ കുറിച്ചത്.

കുറിപ്പ് ഇങ്ങനെ;

സ്വാമി അഗ്‌നിവേശ് കോഴിക്കോട്ടെ ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ ഇന്ന് അതിഥിയായി പങ്കെടുക്കുകയുണ്ടായി. വേദിയിലേക്ക് പ്രവേശിക്കവേ പത്രക്കാര്‍ അദ്ദേഹത്തോട് യൂത്ത് ലീഗിന്റെ ഷഹീന്‍ ബാഗ് സ്‌ക്വയറിനെ തീവ്രവാദികള്‍ എന്നാക്ഷേപിച്ച ബിജെപി അദ്ധ്യക്ഷന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞ മറുപടി; ഈ സമരം നടത്തുന്നത് തീവ്രവാദികളാണെങ്കില്‍, അതിലെ ആദ്യത്തെ തീവ്രവാദി സ്വാമി അഗ്‌നിവേശ് എന്ന ഞാന്‍ ആകുന്നു. അതുകൊണ്ട് മോദിയുടെ പോലീസിനോട് ആദ്യം എന്നെ വന്ന് അറസ്റ്റ് ചെയ്യാന്‍ പറയൂ എന്നായിരുന്നു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്നവര്‍ക്ക് ബഹുമാന്യനായ സ്വാമിജിയുടെ വാക്കുകള്‍ സമര്‍പ്പിക്കുന്നു!

ബി.ജെ.പി അദ്ധ്യക്ഷനായ ശേഷം കോഴിക്കോട് ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കവെയാണ് കെ സുരേന്ദ്രന്‍ യൂത്ത് ലീഗ് സമരത്തെ തീവ്രവാദികളുടെ സമരമാണ് എന്നാക്ഷേപിച്ചിരുന്നത്.

'ഇവിടെ ചില തീവ്രവാദികള്‍ ഈ കടപ്പുറത്ത് കുറച്ചു ദിവസമായിട്ട് ഷാഹിന്‍ബാഗ് സ്‌ക്വയര്‍ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായിട്ടുള്ള പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാനീ കോര്‍പറേഷനില്‍ അന്വേഷിച്ചപ്പോള്‍ അതിന് ഒരു പെര്‍മിഷനുമില്ല. കടപ്പുറത്ത് അവര്‍ സ്തൂപങ്ങള്‍ കെട്ടിയും സ്മാരകങ്ങള്‍ കെട്ടിയും ഒരു അനുമതിയുമില്ലാതെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. ഈ കോഴിക്കോട്ടെ കോര്‍പറേഷനോ ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥന്മാരോ അവിടെ എന്താണ് നടക്കുന്നത് എന്നെങ്കിലും അന്വേഷിക്കാനുള്ള മര്യാദ കാണിക്കേണ്ടതായിരുന്നില്ലേ?' - എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍.

ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാന്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്കു നിര്‍ത്താത്തതെന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള സുരേന്ദ്രന്റെ ആദ്യ പ്രസംഗമായിരുന്നു ഇത്.

എന്നാല്‍ സുരേന്ദ്രന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്തെത്തി. സമരം നടത്തുന്നത് ബി.ജെ.പി അല്ല യൂത്ത് ലീഗാണെന്നും സുരേന്ദ്രന്റെ തിട്ടൂരം അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്നും ഫിറോസ് പറഞ്ഞു. നിയമം അനുസരിച്ചാണ് സമരം നടത്തുന്നതെന്നും പി.കെ ഫിറോസ് വ്യക്തമാക്കി. കടപ്പുറത്തിന്റെ അനുമതി കൊടുക്കുന്ന പോര്‍ട്ട് ഓഫീസറായിട്ടാണ് കെ. സുരേന്ദ്രന്‍ ചുമതലയേറ്റെടുത്തതെന്ന് സത്യമായിട്ടും അറിയില്ലായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

Next Story
Read More >>