കശ്മീരില്‍ നിന്ന് വാര്‍ത്തകളില്ലേ? മറ്റു മാദ്ധ്യമങ്ങള്‍ക്ക് മൗനം- നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്ത് ടെലഗ്രാഫ്

ടെലഗ്രാഫിനു പുറമേ, ഹിന്ദു, കാരവന്‍, ദ വയര്‍ തുടങ്ങിയ മാദ്ധ്യമങ്ങളും കശ്മീരിനെ കുറിച്ച് സര്‍ക്കാരേതര സ്രോതസ്സില്‍ നിന്നുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്.

കശ്മീരില്‍ നിന്ന് വാര്‍ത്തകളില്ലേ? മറ്റു മാദ്ധ്യമങ്ങള്‍ക്ക് മൗനം- നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്ത് ടെലഗ്രാഫ്

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം സംസ്ഥാനത്ത് കേന്ദ്രം ഏര്‍പ്പെടുത്തിയ അതീവ നിയന്ത്രണങ്ങള്‍ 20 ദിവസമായി തുടരുകയാണ്. സംസ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

ഇന്ത്യയിലെ മുഖ്യധാരാ പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ മൂലം പലയിടത്തും എത്താനാകുന്നില്ല. ദേശീയ മാദ്ധ്യമങ്ങളില്‍ നിന്ന് ഭിന്നമായി, അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസും ബി.ബി.സിയും അല്‍ജസീറയും റോയിട്ടേഴ്‌സും കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് മറ്റൊരു ചിത്രമാണ് നല്‍കുന്നത്. ഇവര്‍ പുറത്തുവിട്ട ചില വീഡിയോകള്‍ വ്യാജമാണ് എന്ന് കേന്ദ്രം കുറ്റപ്പെടുത്തുകയും ചെയ്തു.

രാജ്യത്തെ മറ്റു മാദ്ധ്യമങ്ങളില്‍ നിന്ന് ഭിന്നമാണ് കൊല്‍ക്കത്ത ആസ്ഥാനമായ ദ ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടുകള്‍. കേന്ദ്രം നിരോധനാജ്ഞ പ്രഖ്യാപിച്ച ദിവസം മുതല്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ വാര്‍ത്തകള്‍ പത്രം നിര്‍ഭയം നിരന്തരം പ്രസിദ്ധീകരിക്കുന്നുണ്ട്. മിക്ക ദിവസവും ടെലഗ്രാഫിന്റെ ഒന്നാം പേജില്‍ തന്നെ കശ്മീര്‍ വാര്‍ത്തകള്‍ക്ക് ഇടമുണ്ട്.
ജമ്മു കശ്മീരിനെ വിഭജിച്ച വാര്‍ത്ത പാര്‍ട്ടിഷന്‍ (വിഭജനം) എന്ന പേരിലാണ് പത്രം അവതരിപ്പിച്ചത്. ഒരു സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി കൊട്ടിയടച്ചും മുന്‍ മുഖ്യമന്ത്രിമാരെ തടങ്കലിലാക്കിയും ഒരു സംസ്ഥാനത്തിന്റെ വിധി നിര്‍ണയിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നത് എന്താണ് എന്ന ചരിത്രകാരന്‍ രാമചന്ദ്രഗുഹയുടെ വാക്കുകള്‍ ചേര്‍ത്താണ് പത്രം ലീഡ് വാര്‍ത്ത അവതരിപ്പിച്ചിരുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെയും വാക്കുകള്‍ കൂടെ ചേര്‍ത്തിരുന്നു.

ഓഗസ്റ്റ് എട്ടിന് ഡയറി ഓഫ് ലോക്ക് ഡൗണ്‍ എന്ന പേരില്‍ ഓഗസ്റ്റ് മൂന്നിലെയും നാലിലെയും കാര്യങ്ങള്‍ പത്രം ലീഡായി അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ റിപ്പോര്‍ട്ടര്‍ സങ്കര്‍ഷന്‍ താക്കൂറാണ് ഡയറി എഴുതിയത്. കാര്‍ഗില്‍ കാലത്തോ കൈറോയില്‍ നടന്ന മുല്ലപ്പൂ വിപ്ലവ കാലത്തോ വടക്കന്‍ ലങ്കയിലെ ഐ.പി.കെ.എഫിന്റെ ഓപറേഷന്‍ കാലത്തോ ഇല്ലാത്ത നിയന്ത്രണങ്ങളാണ് കശ്മീരിലുള്ളത് എന്ന് അദ്ദേഹം തുറന്നെഴുതി.


ഓഗസ്റ്റ് 10ന് ശ്രീഗനറില്‍ പതിനായിരം പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ടിയര്‍ഗ്യാസും പെല്ലറ്റ് ഗണും ഉപയോഗിച്ചെന്ന റോയിട്ടേഴ്‌സിന്റെ വാര്‍ത്തയും ടെലഗ്രാഫ് പ്രസിദ്ധീകരിച്ചു. ശ്രീനഗറിലെ പ്രതിഷേധത്തില്‍ സൈന്യത്തിന് നേരെ കല്ലെടുത്ത് എറിയുന്ന അസോസിയേറ്റ് പ്രസിന്റെ ഫോട്ടോയും ഒന്നാം പേജില്‍ നല്‍കി. ശ്രീനഗറില്‍ മാത്രമാണ് പ്രശ്‌നമുള്ളത് എന്നും ബാക്കിയിടങ്ങളില്‍ സാധാരണ സ്ഥിതിയാണ് എന്നും ഈ വാര്‍ത്തയോട് വിദേശകാര്യമന്ത്രാലയം പിന്നീട് പ്രതികരിച്ചു.

ഇതേ ദിവസമാണ് പ്രതിഷേധത്തെ കുറിച്ച് ബി.ബി.സി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ അവകാശവാദങ്ങളെ ചോദ്യം ചെയ്തത്. ഓഗസ്റ്റ് 11ന് ബി.ബി.സിയും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള വാക്‌പോരായിരുന്നു പത്രത്തിന്റെ മുഖ്യവാര്‍ത്ത. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ശ്രീനഗറില്‍ നടന്ന പ്രതിഷേധപ്രകടനത്തിന്റെ ചിത്രവും പത്രം ഒന്നാം പേജില്‍ നല്‍കി.

തൊട്ടടുത്ത ദിനം നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കിയ ആശ്വാസത്തിന്റെ ചിത്രവും പ്രതിഷേധം തുടരുന്നുവെന്ന റോയിട്ടേഴ്‌സിന്റെ ചിത്രവും ടെലഗ്രാഫ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നു എന്ന സര്‍ക്കാര്‍ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതായിരുന്നു സ്ത്രീകള്‍ മുദ്രാവാക്യം വിളിക്കുന്ന റോയിട്ടേഴ്‌സ് ചിത്രം.

സ്‌കൂളുകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ, മിക്ക സ്‌കൂളുകളിലും കുട്ടികളില്ല എന്ന വാര്‍ത്ത ചിത്രസഹിതം ഓഗസ്റ്റ് 20ന് പത്രം ഒന്നാം പേജിലെ മുഖ്യവാര്‍ത്തയാക്കി.

ഓഗസ്റ്റ് 11ന് പ്രക്ഷോഭത്തിന്റെ മുഖ്യകേന്ദ്രമായ ശ്രീനഗറിലെ സൗറയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പത്രം വിശദകരമായി പ്രസിദ്ധീകരിച്ചു. സെബ സിദ്ദീഖിയും ഫയാസ് ബുഖാരിയും ചേര്‍ന്നെഴുതിയ റിപ്പോര്‍ട്ടായിരുന്നു ഇത്.

സുരക്ഷാ സേന ഇവിടേക്ക് എത്തുമ്പോഴേക്ക് പള്ളിയില്‍ കയറി അറിയിപ്പ് നല്‍കുകയാണ് ഇവിടത്തെ പതിവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ചയിലെ ജുമുഅയ്ക്ക് ശേഷം പ്രദേശത്ത് നടന്ന പ്രതിഷേധത്തില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. പ്രതിഷേധത്തിന് ശേഷം ഇരൂനൂറോളം സുരക്ഷാ സൈനികര്‍ ഇവിടേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും തദ്ദേശവാസികള്‍ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു എന്ന് റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. അണ്‍റിപ്പോര്‍ട്ടഡ് എപിസെന്റര്‍ ഓഫ് ആന്‍ഗര്‍ (പ്രസിദ്ധീകരിക്കാത്ത ക്ഷോഭകേന്ദ്രം) എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്.കശ്മീരിലെ പത്രപ്രവര്‍ത്തനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടായിരുന്നു വെള്ളിയാഴ്ചയിലേത്. പ്രാദേശിക പത്രങ്ങളെല്ലാം സര്‍ക്കാര്‍ ബുള്ളറ്റിനാകുന്ന കാഴ്ചയാണ് കശ്മീരിലേത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. എല്ലാ പത്രങ്ങളും പിറ്റേന്ന് വൈകുന്നേരത്തെ സര്‍ക്കാര്‍ വാര്‍ത്തയാണ് ലീഡായി പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ പ്രമുഖ പത്രം എഡിറ്റോറിയല്‍ പേജില്‍ രണ്ട് ആരോഗ്യ ലേഖനമാണ് കൊടുത്തതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരു ദുരന്തത്തിന്റെ മദ്ധ്യത്തിലാണ് തങ്ങളെന്നും ഒരു ഹീറോ ആകാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഒരു ഇംഗ്ലീഷ് മാസികയുടെ എഡിറ്റര്‍ ടെലഗ്രാഫ് റിപ്പോര്‍ട്ടര്‍ മുസഫര്‍ റൈനയോട് പറഞ്ഞു.

ശനിയാഴ്ച പത്രത്തിന്റെ ദേശീയ പേജില്‍ മിഡ്‌നൈറ്റ് നോക്ക്‌സ് ആന്‍ഡ് അറസ്റ്റ് എന്ന പേരില്‍ കശ്മീരിലെ അറസ്റ്റുകളെ കുറിച്ച് വിശദമായ സ്റ്റോറി ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ അഞ്ചു ചിത്രങ്ങളാണ് ജഫ്രി ഗറ്റ്ല്‍മാന്‍, കൈ ഷുല്‍റ്റ്‌സ്, സമീര്‍ യാസിര്‍, സുഹാസിനി രാജ് എന്നിവര്‍ ചേര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി എഴുതിയ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുള്ളത്.

ടെലഗ്രാഫിനു പുറമേ, ഹിന്ദു, കാരവന്‍, ദ വയര്‍ തുടങ്ങിയ മാദ്ധ്യമങ്ങളും കശ്മീരിനെ കുറിച്ച് സര്‍ക്കാരേതര സ്രോതസ്സില്‍ നിന്നുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്.

Next Story
Read More >>