കശ്മീര്‍ സ്ഥിരം രാഷ്ട്രീയ ആയുധമാക്കാന്‍ ബി.ജെ.പി ശ്രമം; മോദി സര്‍ക്കാറിനെതിരെ രാഹുല്‍

കശ്മീരില്‍ മൂന്നു തവണ മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവാണ് ഫറൂഖ് അബ്ദുല്ല

കശ്മീര്‍ സ്ഥിരം രാഷ്ട്രീയ ആയുധമാക്കാന്‍ ബി.ജെ.പി ശ്രമം; മോദി സര്‍ക്കാറിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി: മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയെ പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡില്‍ വെച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ മോദി സര്‍ക്കാറിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

'ഫറൂഖ് അബ്ദുല്ലയെ പോലുളള ദേശീയനേതാക്കളെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാറിന്റേത്. ആ രാഷ്ട്രീയ വിടവ് നികത്തുന്നത് ഭീകരര്‍ ആയിരിക്കും. അതോടെ, കശ്മീര്‍ എല്ലാകാലത്തേക്കും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അതിന്റെ പേരില്‍ ധ്രുവീകരിക്കാനുമാണ് ശ്രമം' - ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു.

ഭീകരവാദികള്‍ക്ക് ഇടം നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും തടങ്കലില്‍ കഴിയുന്ന എല്ലാ നേതാക്കളെയും ഉടന്‍ വിട്ടയക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഫറൂഖ് അബ്ദുല്ലയ്ക്ക് പുറമേ, മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ തടങ്കലിലാണ്.

കഴിഞ്ഞ ദിവസമാണ് പൊതുസുരക്ഷാ നിയമപ്രകാരം മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഫറൂഖ് അബ്ദുല്ലയെ കസ്റ്റഡിയില്‍ എടുത്തത്. രണ്ടു വര്‍ഷം വരെ നിയമത്തിന് കീഴില്‍ അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കാനാകും. താഴ്‌വരയില്‍ പൊതുസുരക്ഷാ നിയമം ചുമത്തപ്പെടുന്ന ആദ്യ മുഖ്യധാരാ രാഷ്ട്രീയക്കാരനാണ് ഫറൂഖ് അബ്ദുല്ല.

നേരത്തെ, തടങ്കലിന് എതിരെ സി.പി.എം നേതാവ് സീതാറാം യെച്ചൂരി, എം.ഡി.എം.കെ നേതാവ് വൈക്കോ, എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

'ഇപ്പോള്‍ 43 ദിവസത്തിന് ശേഷം പി.എസ്.എ. നേരത്തെ ബി.ജെ.പി പറഞ്ഞത് ജമ്മു-കശ്മീരിലെ 92 ശതമാനം പേരും 370-ാം അനുച്ഛേദം റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നുവെന്നാണ്. സാധാരണ നിലയിലാണ് കശ്മീര്‍ എന്നും പറഞ്ഞു. ഫറൂഖ് അബ്ദുല്ലയെ തടവിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോള്‍? വൈക്കോ ഹര്‍ജി ഫയര്‍ ചെയ്തതുകൊണ്ടാണോ?'- എന്നായിരുന്നു സിബലിന്റെ ട്വീറ്റ്.

കശ്മീരില്‍ മൂന്നു തവണ മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവാണ് ഫറൂഖ് അബ്ദുല്ല. അഞ്ചു തവണ പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമാണ്.

Read More >>