അധിര്‍ വേണ്ട; തരൂരിനെ ലോക്‌സഭാ നേതാവാക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കക്ഷി നേതാവ് സ്ഥാനം സന്തോഷ പൂര്‍വ്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു

അധിര്‍ വേണ്ട; തരൂരിനെ ലോക്‌സഭാ നേതാവാക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

ചണ്ഡിഗഡ്: കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായി അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി പകരം ശശി തരൂരിനെ നിയോഗിക്കണമെന്ന് പഞ്ചാബ് പി.സി.സി അദ്ധ്യക്ഷന്‍ സുനില്‍ ജാഖര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പി. ചിദംബരം, പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉപസമിതിക്കു മുമ്പാകെയാണ് ജാഖര്‍ ഈയാവശ്യം ഉന്നയിച്ചത്.

'അധിര്‍ രഞജന്‍ പോരാളിയാണ്. അദ്ദേഹത്തെ പ്രതിഷേധവും സമരവും നയിക്കാന്‍ ഉപയോഗിക്കണം. പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ നന്നായി സംസാരിക്കാനും ബി.ജെപിയെ എതിരിടാനും കഴിയുന്ന നേതാവിനെയാണ് ലോക്‌സഭയില്‍ വേണ്ടത്. ശശി തരൂരിനെ അധിറിന് പകരം നിയോഗിക്കണം' - ഗുരുദാസ്പൂരില്‍ നിന്നുള്ള മുന്‍ എം.പി കൂടിയായ ജാഖര്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ അധിര്‍ കോണ്‍ഗ്രസിനെ സഭയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. കശ്മീര്‍ ആഭ്യന്തര വിഷയം മാത്രമാണോ എന്ന ചോദ്യമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നത്. കശ്മീര്‍ വിഭജന ചര്‍ച്ചയില്‍ നടന്ന പരാമര്‍ശത്തെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാഗാന്ധി, മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്. കശ്മീര്‍ വിഭജനത്തെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനോട് അധിര്‍ ഉപമിച്ചതും നേതൃത്വത്തിന് രസിച്ചിട്ടില്ല.

ഇതിനു ശേഷം അധിറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി എം.പിമാര്‍ പാര്‍ട്ടി ഉപസമിതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഭാ സെഷനില്‍ എല്ലാദിവസവും യോഗം ചേരണമെന്ന അഭിപ്രായവും ചില അംഗങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

നേരത്തെ, ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ സോണിയാ ഗാന്ധിയാണ് ബംഗാളില്‍ നിന്നുള്ള എം.പിയായ അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭാ നേതാവാക്കി നിയമിച്ചിരുന്നത്. മുന്‍ പാര്‍ലമെന്റിലെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കക്ഷി നേതാവ് സ്ഥാനം സന്തോഷ പൂര്‍വ്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു.

Read More >>