മുജീബ് റഹ്മാന്‍ പറയുന്നു; ഹിന്ദു സഹോദരങ്ങള്‍ കൈകൂപ്പി നിന്നാണ് ഞങ്ങളെ രക്ഷിച്ചത്- ഇതാ വിദ്വേഷത്തിന്റെ കനലിലും കത്തുന്ന വെളിച്ചം

മുസ്തഫാബാദില്‍ വീടു നഷ്ടപ്പെട്ട മുജീബ് റഹ്മാന്‍ എന്നയാളുടെ കഥയാണ് മാദ്ധ്യമപ്രവര്‍ത്തകയായ ബര്‍ഖാ ദത്ത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

മുജീബ് റഹ്മാന്‍ പറയുന്നു; ഹിന്ദു സഹോദരങ്ങള്‍ കൈകൂപ്പി നിന്നാണ് ഞങ്ങളെ രക്ഷിച്ചത്- ഇതാ വിദ്വേഷത്തിന്റെ കനലിലും കത്തുന്ന വെളിച്ചം

ന്യൂഡല്‍ഹി: വര്‍ഗീയത ഉറഞ്ഞു തുള്ളിയ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് ഇതാ സ്‌നേഹത്തിന്റെ വര്‍ത്തമാനങ്ങള്‍. സംഘ്പരിവാര്‍ വിതച്ച വിദ്വേഷത്തിന്റെ കനലുകള്‍ക്കിടയിലാണ്, പാരസ്പര്യത്തിന്റെ വെളിച്ചം നിറഞ്ഞ കഥകള്‍ പുറത്തു വരുന്നത്.

മുസ്തഫാബാദില്‍ വീടു നഷ്ടപ്പെട്ട മുജീബ് റഹ്മാന്‍ എന്നയാളുടെ കഥയാണ് മാദ്ധ്യമപ്രവര്‍ത്തകയായ ബര്‍ഖാ ദത്ത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

അക്രമികള്‍ വന്ന വേളയില്‍ തന്നെ രക്ഷിച്ചത് തന്റെ അയല്‍വാസിയായ സജ്ഞീവ് ഭായി ആണ് എന്ന് മുജീബ് റഹ്മാന്‍ പറയുന്നു.

'ഞങ്ങളുടെ പ്രദേശത്തെത്തി അക്രമികള്‍ മുസ്‌ലിംകളോട് പുറത്തിറങ്ങാന്‍ ആക്രോശിക്കുകയായിരുന്നു. അവര്‍ നാട്ടുകാരായിരുന്നില്ല. മിക്കവരും പുറത്തു നിന്നുള്ളവരായിരുന്നു. ഞങ്ങളുടെ വീടിനു മുമ്പിലാണ് സഞ്ജീവ് ഭായിയും ആകാശ് ഭായിയും താമസിക്കുന്നത്. അവര്‍ പറഞ്ഞു. മുജീബ് ഭായ്, നിങ്ങള്‍ ഇവിടെ നിന്ന് പോകേണ്ട ഒരു കാര്യവുമില്ല. അവര്‍ ഞങ്ങളെ അവരുടെ വീടുകളില്‍ കൊണ്ട് പോയി ഒളിപ്പിച്ചു. നിങ്ങള്‍ ഭയക്കേണ്ട ഒരു കാര്യവുമില്ലെന്ന് പറഞ്ഞു. ഞങ്ങളെ താമസിപ്പിച്ചത് അറിഞ്ഞ ചിലര്‍ വന്ന് സജ്ഞീവ് ഭായിയോട് ഞങ്ങളെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു. ഈ ചതിയന്മാരെ എന്തിന് താമസിപ്പിക്കുന്നു എന്നായിരുന്നു അവരുടെ ചോദ്യം. ആള്‍ക്കൂട്ടത്തിന് മുമ്പില്‍ ഹിന്ദു സഹോദരങ്ങള്‍ കൈകൂപ്പി നിന്നാണ് ഞങ്ങളെ രക്ഷിച്ചത്' - മുജീബ് പറഞ്ഞു.

' ഞങ്ങളൊന്നിച്ച് ജീവിക്കുന്നവരാണ്. അവിടെ മന്ദിറും മസ്ജിദുമുണ്ട്. ഞങ്ങള്‍ ഒന്നിച്ചാണ് അവിടെ പോകാറുള്ളത്. നമ്മള്‍ എല്ലാവരും ഒരു ദൈവത്തിന്റെ അടിമകള്‍ അല്ലേ. ഞങ്ങള്‍ സ്‌നേഹത്തോടെയാണ് ജീവിക്കുന്നത്. എന്തു വ്യത്യാസമാണ് നമ്മള്‍ തമ്മിലുള്ളത്. കാഴ്ചയില്‍ അല്ലാതെ. നമ്മള്‍ ഒരു മാതാപിതാക്കളുടെ മക്കളല്ലേ' - മുജീബ് ചോദിക്കുന്നു.

അതിനിടെ, മൂന്നു ദിവസമായി അശാന്തി നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ ഡല്‍ഹി ശാന്തമാകുകയാണ്. കലാപത്തില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടു. 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു. എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്.

Next Story
Read More >>