ചിദംബരം കുരുക്കിലേക്ക്; അമിത് ഷാക്ക് ഇത് മധുരപ്രതികാരം?

ഉച്ചയ്ക്ക് ശേഷം ഗൊഗോയ് ചിദംബരത്തിന്റെ ഹര്‍ജി പരിഗണിച്ചില്ലെങ്കില്‍ മുന്‍ ആഭ്യന്തര മന്ത്രിയുടെ അറസ്റ്റ് എന്തായാലും ഉണ്ടാകും.

ചിദംബരം കുരുക്കിലേക്ക്; അമിത് ഷാക്ക് ഇത് മധുരപ്രതികാരം?

ന്യൂഡല്‍ഹി: ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ അമിത് ഷായെ സി.ബി.ഐ അറസ്റ്റ് ചെയ്യുമ്പോള്‍ അന്നത്തെ യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി കസേരയില്‍ പി. ചിദംബരമായിരുന്നു. ഇന്ന് ചിദംബരത്തിനെതിരെ സി.ബി.ഐ കുരുക്ക് മുറുക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര കസേരയില്‍ ഇരിക്കുന്നത് അന്നത്തെ പ്രതിയായിരുന്ന അമിത് ഷായാണ്. അമിത് ഷായുടേത് ക്രിമിനല്‍ കുറ്റകൃത്യമായിരുന്നെങ്കില്‍ ചിദംബരത്തിന്റേത് സാമ്പത്തിക കുറ്റകൃത്യമാണ് എന്നതാണ് ഏക വ്യത്യാസം.

മന്ത്രിക്കസേരയിലിരുന്നപ്പോള്‍ തന്നോട് ചെയ്തതിന് പകരം വീട്ടാന്‍ ചിദംബരത്തേയും മകന്‍ കാര്‍ത്തിയേയും സി.ബി.ഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള സ്വാധീനം ഇപ്പോള്‍ അമിത്ഷായ്ക്കുണ്ട്. അതു കൊണ്ടു തന്നെ ആയിരിക്കണം ഹൈക്കോടതി വിധിക്ക് തൊട്ടുപിന്നാലെ രണ്ടു തവണ മുന്‍ ധനമന്ത്രിയെ തേടി സി.ബി.ഐയും ആദായ നികുതി വകുപ്പും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.

തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ച് കാര്‍ത്തി ചിദംബരം ഇത്തവണ ലോക്സഭയിലെത്തി. എന്നാല്‍, മത്സര രംഗത്തുനിന്നും വിട്ടുനിന്ന ചിദംബരം രാജ്യസഭയിലൂടെ എം.പിയാകുകയും ചെയ്തു. നേരത്തെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ കാര്‍ത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

കാര്‍ത്തിയെ കൂടാതെ ചിദംബരത്തേയും കസ്റ്റഡിയിലെത്തുന്ന് ചോദ്യം ചെയ്യണമെന്ന് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഇതോടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് സുനില്‍ ഗൗര്‍ ചിദംബരത്തെ ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യവും ഒരുക്കി നല്‍കി. കേസ് ഇന്ന് ഉച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് പരിഗണിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ അയോദ്ധ്യാ കേസാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജായ എസ്.എ ബോബ്‌ഡെയും പരിഗണിക്കുന്നത്. ദിനംപ്രതിയുള്ള വിചാരണയാണ് കേസില്‍ നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഗൊഗോയ് ചിദംബരത്തിന്റെ ഹര്‍ജി പരിഗണിച്ചില്ലെങ്കില്‍ മുന്‍ ആഭ്യന്തര മന്ത്രിയുടെ അറസ്റ്റ് എന്തായാലും ഉണ്ടാകും.