ഇന്‍ഷാ അല്ലാഹ്, സമാധാനം ഉണ്ടാകുമെന്ന് അജിത് ഡോവല്‍; ഡല്‍ഹി ശാന്തമാകുന്നു- മരണം 27

കലാപ ബാധിത പ്രദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു

ഇന്‍ഷാ അല്ലാഹ്, സമാധാനം ഉണ്ടാകുമെന്ന് അജിത് ഡോവല്‍; ഡല്‍ഹി ശാന്തമാകുന്നു- മരണം 27

ന്യൂഡല്‍ഹി: മൂന്നു ദിവസമായി അശാന്തി നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ ഡല്‍ഹി ശാന്തമാകുന്നു. കലാപത്തില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടു. 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

കലാപ ബാധിത പ്രദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു.കലാപത്തെ കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇന്‍ഷാ അല്ലാഹ്, അമാന്‍ ഹോഗാ (സമാധാനം ഉണ്ടാകും) എന്നാണ് ഡോവല്‍ മറുപടി നല്‍കിയത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഉത്തരവ് പ്രകാരമാണ് ഇവിടെ എത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോവലിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ, കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു. എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഉന്നതല യോഗവും ചേര്‍ന്നു.

നേരത്തെ, കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കാത്ത പൊലീസ് നടപടിയെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം. കേസ് നാളെ ഉച്ച തിരിഞ്ഞ് കോടതി പരിഗണിക്കും. ഡല്‍ഹിയില്‍ മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ സ്മ്മതിക്കില്ലെന്ന്് കോടതി വ്യക്തമാക്കിയിരുന്നു.

കോടതി നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Next Story
Read More >>