സര്‍ക്കാര്‍ രൂപീകരിക്കേണ്ടവര്‍ ഒളിച്ചോടി; ബി.ജെ.പിയെ കടന്നാക്രമിച്ച് വീണ്ടും ശിവസേന

ബി.ജെപിയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി

സര്‍ക്കാര്‍ രൂപീകരിക്കേണ്ടവര്‍ ഒളിച്ചോടി; ബി.ജെ.പിയെ കടന്നാക്രമിച്ച് വീണ്ടും ശിവസേന

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ച ചെയ്ത് ബി.ജെ.പി മുന്നോട്ടു വച്ച വാഗ്ദാനം ശിവസേന സ്വീകരിക്കില്ലെന്ന് സൂചന. കേന്ദ്രമന്ത്രി രാംദാസ് അത്തേവാല മുതിര്‍ന്ന സേനാ നേതാവ് സഞ്ജയ് റാവുത്തുമായുള്ള ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ടു വച്ചിരുന്നത്.

എന്നാല്‍ കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകള്‍ക്കകം ബി.ജെ.പിയെ കടന്നാക്രമിച്ച് റാവുത്ത് രംഗത്തു വന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കേണ്ടവര്‍ ഒളിച്ചോടുകയായിരുന്നു എന്നാണ് പരിഹാസം. ബി.ജെപിയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെത്തിയ ശരദ് പവാറുമായി സഞ്ജയ് റാവുത്ത് ഡല്‍ഹിയിലെ വീട്ടില്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് സേനയുടെ നേതൃത്വത്തില്‍ വൈകാതെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

അതിനിടെ, വിഷയത്തില്‍ ശരദ് പവാര്‍ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനങ്ങളൊന്നുമുണ്ടായില്ല. 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ സേനയുടെ അവകാശവാദങ്ങളില്‍ പവാര്‍ ആശങ്ക അറിയിച്ചു. 170 എം.എല്‍.എമാരുടെ പിന്തുണ എങ്ങനെ കിട്ടും എന്ന കാര്യം അറിയില്ലെന്ന് പവാര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ്-എന്‍.സി.പി നേതാക്കള്‍ ഒന്നു രണ്ടു ദിവസത്തിനകം വിഷയത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ വ്യക്തമാക്കി.

288 അംഗ സഭയില്‍ 105 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റുണ്ട്.

Read More >>