പ്രീമിയര്‍ ലീഗില്‍ പൊരിഞ്ഞ പോരാട്ടം ഇന്നും നാളെയും

ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്നവർക്ക് വിജയവും തോൽവിയും സ്ഥാന ചലനത്തിന് കാരണമാകും.

പ്രീമിയര്‍ ലീഗില്‍ പൊരിഞ്ഞ പോരാട്ടം ഇന്നും നാളെയും

ലണ്ടൻ : ഇന്നും നാളെയുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ലിവർപൂളും ഇന്നിറങ്ങുമ്പോൾ നാളെ നടക്കുന്ന മത്സരത്തിൽ ടോട്ടനം ലെസ്റ്ററിനെയും മാഞ്ചസ്റ്റർ സിറ്റി ചെൽസിയെയും നേരിടും. ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്നവർക്ക് വിജയവും തോൽവിയും സ്ഥാന ചലനത്തിന് കാരണമാകും.

ഒലെ ഗണ്ണേർക്ക് കീഴിൽ തോൽവി അറിയാതെ മുന്നേറുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഫുൾഹാമിനെതിരെ ജയിച്ചാൽ നാലാം സ്ഥാനത്തേക്ക് കയറാം. പുതിയ പരിശീലകനെത്തുമ്പോൾ ആദ്യ നാല് സ്ഥാനക്കാരെക്കാൾ 11 പോയിന്റ് വ്യത്യാസമുണ്ടായിരുന്ന യുണൈറ്റഡിന്റെ എട്ടാമത്തെ ലീഗ് വിജയമായിരുന്നു ലെസ്റ്ററിനെതിരെ. അവസാന എട്ടു മത്സരങ്ങളിൽ നിന്നായി എട്ടു പോയിന്റ് മാത്രം നേടിയ ഫുൾഹാം തരംതാഴ്ത്തൽ ഭീഷണിയിലാണ്. ഒൻപ്ത ഗോളുകൾ വീതം നേടി തിളങ്ങി നിൽക്കുന്ന പോഗ്ബയും റാഷ്‌ഫോർഡുമാണ് യുണൈറ്റഡിന്റെ തുറുപ്പു ചീട്ട്.

നവമ്പറിന് ശേഷം ഒരു എവേ വിജയം നേടാൻ ആഴ്‌സണലിന് സാധിച്ചിട്ടില്ല. പ്രതിരോധ നിരയിലെ പരിക്ക് ആഴ്‌സണലിന് ഹണ്ടേഴ്‌സ്ഫീൽഡിനെതിരെ ബുദ്ധിമുട്ടുണ്ടാക്കും. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിച്ച കർലൻ ഗ്രാന്റ് ഇന്ന് ഹണ്ടേഴ്‌സഫീൾഡിനായി കളിക്കും. ആറാം സ്ഥാനക്കാരായ ആഴ്‌സണലിന് അവസാന സ്ഥാനക്കാരായ ഹണ്ടേഴ്‌സ്ഫീൽഡാണ് എതിരാളി. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റക്കെതിരായ 3-1ന്റെ തോൽവിയാണ് ആഴ്‌സണൽ വഴങ്ങിയത്. ആദ്യ നാലിലേക്ക് തിരിച്ചുകയറാൻ ആഴ്‌സണലിന് ജയിച്ചേ മതിയാകൂ.

ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ ലിവർപൂൾ ബൗൺമത്തിനെയാണ് നേരിടുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയ ലിവർപൂളിന് 25 മത്സരങ്ങളിൽ നിന്നായി 62 പോയിന്റാണുള്ളത്. ഒന്നാമതുള്ള മാഞ്ചസ്റ്ററിന് 26 മത്സരങ്ങളിൽ നിന്നാണ് ഇത്രയും പോയിന്റ്. നാളെ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളി ചെൽസിയായതിനാൽ സിറ്റിക്ക് ഒന്നാം സ്ഥാനം നിലനിർത്താൻ കടുത്ത പോരാട്ടം വേണ്ടിവരും. സിറ്റിക്കെതിരെ തോൽക്കുകയാണെങ്കിൽ ചെൽസിക്ക് നാലാം സ്ഥാനം നഷ്ടമാവുകയും ചെയ്യും.

എവേർട്ടനെതിരായ 2-0 വിജയത്തോടെയാണ് സിറ്റി ലിവർപൂളിനെ മറികടന്ന് ഒന്നാമതെത്തിയത്. കിരീട പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നവർക്ക് മത്സരമുള്ളതിനാൽ വിജയത്തിൽ കുറഞ്ഞത് സിറ്റിക്ക് പ്രതീക്ഷിക്കാനാവില്ല. എന്നാൽ സീസണിൽ സിറ്റി തോറ്റ നാല് തോൽവികളിൽ ഒന്ന് ചെൽസിയോടായിരുന്നു. പ്രതിരോധ താരങ്ങളായ ബെൻജമിൻ മെൻഡിയും വിൻസെന്റ് കോംബനിയുമില്ലാതെയാണ് സിറ്റി ഇറങ്ങുന്നത്.

കരാബോ കപ്പിലും എഫ്.എകപ്പിലും പുറത്തായ ടോട്ടനം വാട്‌ഫോർഡിനും ന്യൂകാസിലിനും എതിരായ അവസാന മിനുട്ട് വിജയങ്ങളോടെ കിരീട പോരാട്ടങ്ങൾക്കുള്ള സാദ്ധ്യതകൾ സജീവമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ വിജയിച്ച് പ്രതീക്ഷകൾ നിലനിർത്തുകയാണ് ടോട്ടനത്തിന്റെ ലക്ഷ്യം. അവസാനം കളിച്ച അഞ്ചിൽ നാലിലും ലെസ്റ്റർ സിറ്റി തോറ്റിരുന്നു.

ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ ക്രിസ്റ്റിയൽ പാലസ് വെസ്റ്റ് ഹാമിനെയും സതാംപ്ടൺ കാർഡിഫ് സിറ്റിയെയും ബ്രൈറ്റൻ ബൂൺലിയെയും വാട്‌ഫോർഡ് എവേർട്ടനെയും നേരിടും.

Read More >>