നെഹ്‌റുവാണ് അതു ചെയ്തത്; യു.എന്നില്‍ നിന്ന് കശ്മീര്‍ ഹര്‍ജി പിന്‍വലിക്കണം-സുബ്രഹ്മണ്യന്‍ സ്വാമി

1947 ഡിംസബറിലാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാ സമിതിയെ സമീപിച്ചത്.

നെഹ്‌റുവാണ് അതു ചെയ്തത്; യു.എന്നില്‍ നിന്ന് കശ്മീര്‍ ഹര്‍ജി പിന്‍വലിക്കണം-സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ വേണ്ടി ആദ്യം ചെയ്യേണ്ടത് ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് വേണ്ടതെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇതോടെ നിയന്ത്രണ രേഖ നിയമപരമല്ലാതായി മാറുമെന്നും ഇന്ത്യന്‍ സേനയ്ക്ക് അവിടേക്ക് കടക്കാന്‍ സാദ്ധ്യമാകുമെന്നും സ്വാമി പറഞ്ഞു. മുസഫറബാദ് പിടിക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

1947 ഡിംസബറിലാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാ സമിതിയെ സമീപിച്ചത്. കശ്മീരിലേക്കുള്ള പാക് അധിനിവേശത്തിന് പിന്നാലെ, ഡിസംബര്‍ എട്ടിനാണ് നെഹ്‌റുവും പാക് പ്രധാനമന്ത്രി ലിയാഖത് അലി ഖാനും വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. വൈസ്രോയി മൗണ്ട്ബാറ്റനും ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നു. വിഷയം യു.എന്നില്‍ അവതരിപ്പിക്കാന്‍ മൗണ്ട് ബാറ്റണാണ് നിര്‍ദ്ദേശിച്ചത്.

ഒറ്റയ്ക്ക് തീരുമാനമെടുക്കാതെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ കൂടി അടങ്ങുന്ന മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നെഹ്‌റു യു.എന്നിനെ സമീപിച്ചത്. ഡിസംബര്‍ 31നാണ് വിഷയം ഇന്ത്യ യു.എന്‍ സുരക്ഷാ സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. നിരവധി തവണ വിഷയം യു.എന്‍ പരിഗണിച്ചിരുന്നെങ്കിലും തീരുമാനമൊന്നും ആയിരുന്നില്ല.

നിലവില്‍ കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞ സാഹചര്യത്തിലാണ് പാകിസ്താന്‍ വിഷയവുമായി വീണ്ടും യു.എന്നിനെ സമീപിച്ചത്. ചൈനയുടെ നിര്‍ദ്ദേശത്തില്‍ അടച്ചിട്ട മുറിയിലായിരുന്നു ഇന്നത്തെ ചര്‍ച്ച.

48 വര്‍ഷത്തനുള്ളില്‍ ആദ്യമായാണ് യു.എന്‍ രക്ഷാ സമിതി വീണ്ടും ചര്‍ച്ച ചെയ്തത്. യോഗത്തിന് ശേഷം സമിതി പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടില്ലെങ്കിലും ചൈന പാകിസ്താനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ് തുടങ്ങി 15 രാഷ്ട്രങ്ങളാണ് പങ്കെടുത്തത്. അടച്ചിട്ട മുറിയിലെ ചര്‍ച്ചയായതിനാല്‍ വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തില്ല. വിവരങ്ങള്‍ രഹസ്യമായി തുടരുകയും ചെയ്യും. തുറന്ന ചര്‍ച്ച വേണമെന്നായിരുന്നു പാകിസ്താന്റെ നിലപാട്.

നേരത്തെ, കശ്മീര്‍ വിഭജന പ്രമേയം അവതരിപ്പിക്കവെ പാക് അധീന കശ്മീരും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയിരുന്നു.

Read More >>