സ്മൃതി, നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ്? എല്‍.പി.ജി വിലയില്‍ ബി.ജെ.പി നേതാവിനെ കണക്കിന് തോണ്ടി ട്വിറ്റര്‍

Twitter reaction on smriti irani on lpg cylinder hike

സ്മൃതി, നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ്? എല്‍.പി.ജി വിലയില്‍ ബി.ജെ.പി നേതാവിനെ കണക്കിന് തോണ്ടി ട്വിറ്റര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പാചക വാതക വില വര്‍ദ്ധനവില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയെ ട്രോളി സാമൂഹിക മാദ്ധ്യമങ്ങള്‍. 2012ല്‍ യു.പി.എ സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവില്‍ പാചക വാതക വില വര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന ചിത്രമെടുത്താണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങള്‍ സ്മൃതിയെ വിമര്‍ശിക്കുന്നത്.

സ്മൃതി ഇറാനി, നിങ്ങള്‍ എവിടെപ്പോയി, നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടോ? നമ്മുടെ രാജ്യം അപകടത്തിലല്ലേ, എന്തെങ്കിലും മിണ്ടൂ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടിയത്. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 850 രൂപ 50 പൈസയാണ് പുതിയ വില.

മാസങ്ങള്‍ക്കിടെയുള്ള തുടര്‍ച്ചയായ ആറാം വര്‍ദ്ധനയാണിത്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ജനുവരി ഒന്നിനാണ് ഇതിനു മുമ്പ് വര്‍ദ്ധിപ്പിച്ചത്. സബ്‌സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് വില ബാങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികള്‍ വിശദീകരിച്ചു.

എല്ലാ ഒന്നാം തിയതിയും വിലയില്‍ മാറ്റം വരാറുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ധന നീട്ടിവെച്ചതെന്നാണ് സൂചന.

സബ്സിഡി നിരക്കില്‍ ഒരു വീട്ടില്‍ 12 സിലിണ്ടറുകളാണ് ലഭിക്കുക. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.

2020 ലെ ബജറ്റില്‍ സബ്സിഡി ഇന്ധനത്തിന്, പ്രത്യേകിച്ചും എല്‍.പി.ദി മണ്ണെണ്ണ എന്നിവയ്ക്കുള്ള വിഹിതം സര്‍ക്കാര്‍ ആറു ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ഇവര്‍ക്കായി 40,915.21 കോടിയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ സബ്സിഡിക്കായി അനുവദിച്ചത് 37,256 കോടി രൂപയായിരുന്നു.

Read More >>