സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെ തൊഴിലില്ലായ്മയും- നിരക്ക് മൂന്നു വര്‍ഷത്തെ ഉയരത്തില്‍

നഗരമേഖലയിലാണ് തൊഴിലില്ലായ്മ കൂടുതല്‍. 9.6 ശതമാനം. ഗ്രാമപ്രദേശങ്ങളില്‍ ഇത് 7.8 ശതമാനമാണ്.

സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെ തൊഴിലില്ലായ്മയും- നിരക്ക് മൂന്നു വര്‍ഷത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് മൂന്നു വര്‍ഷത്തെ ഉയരത്തിലെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകണോമിയുടെ പഠനം. 2019 ഓഗസ്റ്റില്‍ 8.4 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്.

ഇതേമാസം പ്രതിവാര തൊഴിലില്ലായ്മാ നിരക്ക് എട്ട്-ഒന്‍പത് ശതമാനത്തിന് ഇടയിലാണ്. ജൂലൈയില്‍ ഇത് 7-8 ശതമാനത്തിന് ഇടയിലായിരുന്നു. 2016 സെപ്തംബറിന് ശേഷം ഏറ്റവും കൂടിയ നിരക്കാണ് ഓഗസ്റ്റിലേത്.

പഠനപ്രകാരം നഗരമേഖലയിലാണ് തൊഴിലില്ലായ്മ കൂടുതല്‍. 9.6 ശതമാനം. ഗ്രാമപ്രദേശങ്ങളില്‍ ഇത് 7.8 ശതമാനമാണ്.

2018 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴിലില്‍ രണ്ടു ശതമാനത്തിന്റെ വര്‍ദ്ധനയാണ് നിരക്കില്‍ ഉണ്ടായിട്ടുള്ളത്. തൊഴില്‍ പങ്കാളിത്ത നിരക്കില്‍ ഒരു വര്‍ഷമായി ചെറിയ വര്‍ദ്ധനവുണ്ടായി. 2018 ഒക്ടോബറില്‍ ഇത് 42.46 ശതമാനമായിരുന്നെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ അത് 43.35 ശതമാനത്തിലെത്തി.

ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം തിരിച്ചുവരുന്നതിന്റെ സൂചനയാണ് ഇതെന്ന് പഠനം പറയുന്നു.

രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങള്‍ മോശമായി തുടരുകയാണ് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 2107-18 വര്‍ഷത്തില്‍ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് തൊഴിലില്ലായ്മാ നിരക്കുണ്ടായിരുന്നത്.

നേരത്തെ, തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ മുദ്രാ വായ്പ അടക്കമുള്ള പദ്ധതികള്‍ പരാജയപ്പെട്ടതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വായ്പ എടുത്തവരില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് പുതിയ തൊഴില്‍ കണ്ടെത്താനായത് എന്നായിരുന്നു മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

അതിനിടെ, സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ ഓട്ടോമൊബൈല്‍ അടക്കമുള്ള വ്യവസായ സംരഭങ്ങളില്‍ നിന്ന് കൂട്ടത്തോടെയാണ് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നത്. ഇവ വരും മാസങ്ങളിലെ നിരക്കുകളില്‍ പ്രതിഫലിച്ചേക്കും.

>ഇന്ത്യക്കാരന്റെ ഏറ്റവും വലിയ ഉത്കണ്ഠ

ശരാശരി ഇന്ത്യക്കാരന്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഉത്കണ്ഠയാണ് തൊഴിലില്ലായ്മ എന്ന് ഇപ്‌സോസ് പബ്ലിക് അഫയേഴ്‌സ് നടത്തിയ പഠനം പറയുന്നു. 46 ശതമാനം പേരാണ് ഇതില്‍ ആകുലത പ്രകടിപ്പിച്ചത്. 37 ശതമാനം പേര്‍ രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിലും സംഘര്‍ഷങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തി. ധന-രാഷ്ട്രീയ അഴിമതിയാണ് (34%) മൂന്നാമത്തേത്. 29 ശതമാനം പേര്‍ ഭീകരപ്രവര്‍ത്തനം വലിയ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ദാരിദ്ര്യവും സാമൂഹിക അസമത്വവും വലിയ വെല്ലുവിളിയാണെന്ന് 28 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ 73 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തിയത് ഇന്ത്യ ശരിയായ ദിശയിലൂടെയാണ് നീങ്ങുന്നത് എന്നാണ്.

Read More >>