12.5 ശതമാനം നായന്മാര്‍ക്ക് 21ശതമാനം പ്രാതിനിധ്യം- സാമ്പത്തിക സംവരണം ആരെ രക്ഷിക്കാനാണ് ?

പരാധീനതകളുടെ പേരില്‍ സവര്‍ണ സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ഇപ്പോഴും അവര്‍ കേരളത്തിലെങ്കിലും വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു

12.5 ശതമാനം നായന്മാര്‍ക്ക് 21ശതമാനം പ്രാതിനിധ്യം- സാമ്പത്തിക സംവരണം ആരെ രക്ഷിക്കാനാണ് ?

മുന്നോക്കക്കാരുടെ പരാധീനതകളുടെ പേരില്‍ സാമ്പത്തിക സംവരണ ബില്ലിന് ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും അനുമതി നല്‍കുമ്പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് വ്യത്യസ്തമായ ചിത്രം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു? എന്ന പഠനമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത്.

കണക്കനുസരിച്ച് ജനസംഖ്യയില്‍ 1.3 ശതമാനം മാത്രം പ്രാതിനിധ്യമുള്ള മുന്നോക്ക ഹിന്ദുക്കള്‍ 3.1 ശതമാനം സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ കൈവശം വച്ചിരിക്കുന്നു. ജനസംഖ്യാനുപാതികമായി ഏറ്റവും നേട്ടമുണ്ടാക്കിയ വിഭാഗവും ഇവരാണ്. ജനസംഖ്യയില്‍ 12.5 ശതമാനം മാത്രം വരുന്ന നായന്മാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളിലുള്ള പ്രാതിനിധ്യം 21 ശതമാനമാണ്. ജനസംഖ്യയില്‍ 18.3 ശതമാനം അംഗസംഖ്യയുള്ള ക്രിസ്ത്യാനികള്‍ക്ക് 20.6 ശതമാനം പ്രാതിനിധ്യമുണ്ട്. ഈ മൂന്നു വിഭാഗങ്ങളും അവരുടെ ജനസംഖ്യയെ അപേക്ഷിച്ച് ഉണ്ടാക്കിയ നേട്ടം വമ്പിച്ചതാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

ഈഴവര്‍ മാത്രമാണ് ഈ കണക്കനുസരിച്ച് ആനുപാതിക പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി നേടി സമതുലിതാവസ്ഥ പാലിക്കുന്ന ഏക സമുദായം.

പട്ടികജാതി, പട്ടിക വര്‍ഗം തുടങ്ങിയ വിഭാഗങ്ങള്‍ക്ക് യഥാക്രമം 9 ശതമാനം, 1.2 ശതമാനം അംഗസംഖ്യയുളളപ്പോള്‍ അവരുടെ ഉദ്യോഗത്തിലുള്ള പങ്കാളിത്തം 7.6 ശതമാനം, 0.8ശതമാനം എന്നിങ്ങനെയാണ്. ഈഴവേതര പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിലും ആവശ്യമായ പ്രാതിനിധ്യം ഉണ്ടായിട്ടില്ല. 8.2 ശതമാനം അംഗസംഖ്യയുള്ള ഇവര്‍ക്കിടയില്‍ നിന്ന് സര്‍ക്കാര്‍ ജോലി നേടിയവര്‍ 5.8ശതമാനമാണ്. ഈ ലിസ്റ്റില്‍ ഏറ്റവും മോശം സ്ഥാനം വഹിക്കുന്നത് മുസ്ലിങ്ങളാണ്. 26.9ശതമാനം പേര്‍ ഉള്ള ഇവര്‍ക്ക് 11.4ശതമാനത്തിന്റെ പങ്കാളിത്തമാണുള്ളത്. ചുരുക്കത്തില്‍ സവര്‍ണ, നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇത് തൊഴിലിന്റെ കാര്യത്തിലാണെങ്കില്‍ വിദ്യാഭ്യാസത്തിലും സ്ഥിതി വ്യത്യസ്തമല്ല. 18-25 വയസ്സിനിടയിലുള്ള യുവതീയുവാക്കളുടെ കാര്യത്തില്‍ മുന്നോക്ക ഹിന്ദുക്കളില്‍ 39.7 ശതമാനം പേരും കോളജ് അടക്കമുള്ള പഠനരംഗത്ത് പ്രവേശിക്കുമ്പോള്‍ പിന്നാക്ക ഹിന്ദുക്കളില്‍ ഇത് 26.9 ശതമാനമേയുള്ളൂ. മുസ്ലിങ്ങളിലും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലും സ്ഥിതി ഗുരുതരമാണ്. മുസ്ലിങ്ങളിലെ 14.3 ശതമാനം യുവതീ യുവാക്കളെ പഠന രംഗത്തുള്ളൂ. പട്ടികജാതി, പട്ടിക വര്‍ഗങ്ങളില്‍ ഇത് 16.9 ഉം 17.7ഉം ശതമാനമാണ്. ഈ രംഗത്തും ക്രിസ്ത്യാനികള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നു. തൊഴില്‍ രഹിതതരായവരുടെ എണ്ണത്തിലും ഇതേ പാറ്റേണ്‍ ദൃശ്യമാണ്. മുസ്ലിം, പിന്നാക്ക ജാതി, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഗുരുതരമാണെന്ന് പഠനം സൂചിപ്പിക്കുന്നു.

പഠനത്തിനാവശ്യമായ സര്‍വ്വേ നടക്കുന്നതും പഠനം പുറത്തുവിടുന്നതു 2006 ലാണെങ്കിലും വസ്തുതകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു..
Read More >>