ഇറാന്‍ തിരിച്ചടിക്കുമെന്ന ഭയം; ദക്ഷിണ യമനില്‍ രഹസ്യ സൈനിക വിന്യാസം നടത്തി യു.എസ്

യു.എസ് സഖ്യകക്ഷിയായ യു.കെയുടെ റോയല്‍ നേവിയും ഏദനിലേക്ക് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും അയച്ചിട്ടുണ്ട്.

ഇറാന്‍ തിരിച്ചടിക്കുമെന്ന ഭയം; ദക്ഷിണ യമനില്‍ രഹസ്യ സൈനിക വിന്യാസം നടത്തി യു.എസ്

തെഹ്‌റാന്‍: സൈനിക ജനറല്‍ ഖാസിം സുലൈമാനെ വകവരുത്തിയതിന് ഇറാന്‍ തിരിച്ചടിച്ചേക്കുമെന്ന സൂചനയില്‍ ദക്ഷിണ യമനിലെ ഏദനില്‍ രഹസ്യ സൈനിക വിന്യാസം നടത്തി യു.എസ്. സൈന്യം യമനില്‍ പ്രവേശിച്ചതായി അറബ് വാര്‍ത്താ വെബ്‌സൈറ്റായ മസ പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സൗദി സഹായത്തോടൊണ് സൈനിക നീക്കം എന്നാണ് റിപ്പോര്‍ട്ട്.

യു.എസ് സഖ്യകക്ഷിയായ യു.കെയുടെ റോയല്‍ നേവിയും ഏദനിലേക്ക് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും അയച്ചിട്ടുണ്ട്.

കൃത്യമായ സമയത്ത് കൃത്യമായ സ്ഥലത്ത് തിരിച്ചടി നടത്തുമെന്ന് സുലൈമാനി വധത്തിന് പിന്നാലെ ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഒരു ഡസന്‍ മിസൈല്‍ തൊടുത്ത് സൈനിക നീക്കം അവസാനിപ്പിക്കുമെന്ന് കരുതേണ്ടെന്ന് ഇസ്‌ലാമിക് റവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) കമാന്‍ഡര്‍ ജനറല്‍ അമീര്‍ അലി ഹജിസദേഹ് വ്യക്തമാക്കിയിരുന്നു.

'ട്രംപിനെ കൊന്നതു കൊണ്ടോ യു.എസ് സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് മിസൈല്‍ തൊടുത്തതു കൊണ്ടോ ശഹീദ് സുലൈമാനിയെ കൊന്നതിന് പകരമാകില്ല. ഇതൊന്നും അദ്ദേഹത്തിന്റെ രക്തത്തിന് പകരമാകില്ല' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മേഖലയില്‍ നിന്ന് അമേരിക്കയെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഇറാന്‍ കൈയില്‍ ആണവായുധങ്ങള്‍ ഒന്നുമില്ലെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്വിറ്ററിലാണ് യു.എസ് പ്രസിഡണ്ടിന്റെ പ്രതികരണം.

Next Story
Read More >>