മദ്ധ്യേഷ്യയില്‍ യു.എസിന്റെ വന്‍ സേനാ വിന്യാസം; തിരിച്ചടിക്കുമെന്ന് ഉറപ്പിച്ച് ഇറാന്‍

യുദ്ധക്കപ്പലുകള്‍ക്ക് യു.എസ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മദ്ധ്യേഷ്യയില്‍ യു.എസിന്റെ വന്‍ സേനാ വിന്യാസം; തിരിച്ചടിക്കുമെന്ന് ഉറപ്പിച്ച് ഇറാന്‍

തെഹ്‌റാന്‍: ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാന്‍ തിരിച്ചടിച്ചേക്കുമെന്ന ഭയത്തില്‍ മദ്ധ്യേഷ്യയില്‍ യു.എസിന്റെ വന്‍ സേനാ വിന്യാസം. ആയിരക്കണക്കിന് സൈനികരെയാണ് മദ്ധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ കൂടുതലായി വിന്യസിച്ചത്. 82 എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ഫസ്റ്റ് ബ്രിഗേഡ് സൈനികരെയാണ് വിന്യസിച്ചത്. ഇവര്‍ കുവൈത്തില്‍ നിന്ന് ഇറാഖിലേക്ക് തിരിച്ചു. ഇവിടെയുള്ള യു.എസ് പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

യുദ്ധക്കപ്പലുകള്‍ക്ക് യു.എസ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുവ്വായിരം അധിക സൈനികരെയാണ് വിന്യസിച്ചത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്ധ്യേഷന്‍ രാഷ്ട്രങ്ങളിലെ യു.എസ് എംബസികളുടെ എല്ലാം സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇറാനോട് അതിര്‍ത്തി പങ്കിടുന്ന മദ്ധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ എല്ലാം വന്‍തോതില്‍ യു.എസ് സേനാ സാന്നിദ്ധ്യമുണ്ട്. ഇറാഖില്‍ ആറായിരം പേരും കുവൈത്തില്‍ 13000 പേരുമുണ്ട്. യു.എ.ഇയില്‍ അയ്യായിരവും ഖത്തറില്‍ 13000 വും ബഹ്‌റൈനില്‍ ഏഴായിരവും സേനയുണ്ട്. എതിര്‍ചേരിയില്‍ നില്‍ക്കുന്ന സൗദിയില്‍ മുവ്വായിരം യു.എസ് സൈനികരുണ്ട്. സിറിയയില്‍ എണ്ണൂറും തുര്‍ക്കിയല്‍ 2500 ഉം.

നേരത്തെ, തിരിച്ചടിക്കാനുള്ള കേന്ദ്രങ്ങള്‍ സ്‌കെച്ച് ചെയ്‌തെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. 13 പ്രതികാര സാഹചര്യങ്ങള്‍ തയ്യാറായി എന്നാണ് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ഷംഖാനി വ്യക്തമാക്കിയത്. ആക്രമണം യു.എസന് പേക്കിനാവായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

മദ്ധ്യേഷ്യയിലെ യു.എസ് സൈനിക താവളങ്ങളായിരിക്കും ഇറാന്‍ ലക്ഷ്യമിടുക എന്നാണ് റിപ്പോര്‍ട്ട്. യു.എസ് സേനയെ ഭീകരസംഘമായി അംഗീകരിച്ച പ്രമേയത്തിന് ഇറാന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച അംഗീകാരം നല്‍കി

സൈനിക മേധാവിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയ യു.എസിനെതിരെ പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ മുദ്രാവാക്യം വിളിച്ചു. വ്യാഴാഴ്ച ആരംഭിച്ച സാധാരണ പാര്‍ലമെന്റ് സമ്മേളനത്തില്‍ ലഫ്റ്റനന്റ് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ യു.എസ് നടപടിയെക്കുറിച്ച് സ്പീക്കര്‍ സംസാരിച്ച് കഴിഞ്ഞതിന് പിന്നാലെയാണ് എം.പിമാര്‍ ഒന്നിച്ച് സ്പീക്കറുടെ ഡയസിന് മുമ്പില്‍ വന്നുനിന്ന് മുദ്രാവാക്യം വിളിച്ചത്. യു.എസ് വിരുദ്ധ, തീവ്രവാദ വിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു എം.പിമാര്‍ വിളിച്ചത്.

ദക്ഷിണ യമനിലെ ഏദനില്‍ യു.എസ് രഹസ്യ സൈനിക വിന്യാസം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. യു.എസ്. സൈന്യം യമനില്‍ പ്രവേശിച്ചതായി അറബ് വാര്‍ത്താ വെബ്‌സൈറ്റായ മസ പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സൗദി സഹായത്തോടൊണ് സൈനിക നീക്കം എന്നാണ് റിപ്പോര്‍ട്ട്. യു.എസ് സഖ്യകക്ഷിയായ യു.കെയുടെ റോയല്‍ നേവിയും ഏദനിലേക്ക് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും അയച്ചിട്ടുണ്ട്.

അതേസമയം, ഖാസിം സുലൈമാനിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Next Story
Read More >>