ഗുജറാത്ത് മാതൃകയ്ക്ക് കേരളം; വാഹനപ്പിഴ പകുതിയാക്കാന്‍ ആലോചന, തീരുമാനം ഉടന്‍

പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗുജറാത്ത് മാതൃകയ്ക്ക് കേരളം; വാഹനപ്പിഴ പകുതിയാക്കാന്‍ ആലോചന, തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക നാല്‍പത് മുതല്‍ അന്‍പത് ശതമാനം വരെ കുറയ്ക്കുമെന്ന് സൂചന ഹെല്‍മിറ്റ് ധരിക്കാത്തവര്‍ക്കും സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ക്കുമുള്ള പിഴ അഞ്ഞൂറായും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴ മൂവായിരമോ രണ്ടായിരമോ ആയി കുറയ്ക്കാനാണ് ആലോചിക്കുന്നത്. അതേസമയം, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴത്തുകയില്‍ മാറ്റം വരുത്തേണ്ടെന്നും തീരുമാനമുണ്ട്.

പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി അധികാരത്തില്‍ ഇരിക്കുന്ന ഗുജറാത്തില്‍ അടക്കം പിഴയില്‍ കുറവ് വരുത്തിയിരുന്നു.

ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുക, നിലവാരം കുറഞ്ഞ െഹല്‍മറ്റ് ധരിക്കുക തുടങ്ങി ചെറിയ കുറ്റങ്ങള്‍ക്കുള്ള പിഴ അഞ്ഞൂറില്‍ നിന്ന് മുന്നൂറാക്കിയേക്കും. ഹെല്‍മറ്റില്ലാത്തതിനും സീറ്റ് ബല്‍റ്റിടാത്തതിനും നിലവില്‍ ആയിരം രൂപയാണ് പിഴ. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ അഞ്ഞൂറുരൂപയായിരുന്നതാണ് പത്തിരട്ടി വര്‍ധിപ്പിച്ച് അയ്യായിരമാക്കിയത്. ഇത് രണ്ടായിരമോ മൂവായിരമോ ആക്കി ചുരുക്കിയേക്കും. പെര്‍മിറ്റ് ലംഘനത്തിന് എല്ലാ വാഹനങ്ങളും ഒരേ പിഴ ഏര്‍പ്പെടുത്തിയത് വ്യാപക എതിര്‍പ്പുയര്‍ത്തിയിരുന്നു. ഓട്ടോയ്ക്ക് രണ്ടായിരവും ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് മൂവായിരവും ഹെവി വെഹിക്കിളിന് അയ്യായിരവുമായിരുന്നത് ഭേദഗതി വന്നതോെട എല്ലാവര്‍ക്കും പതിനായിരമാക്കി. ഇതിലും മാറ്റം വരുത്തും.

എയര്‍ഹോണ്‍ മുഴക്കുന്നതിനുള്ള പതിനായിരം രൂപയാണ് പിഴ. ഇത് പാതിയാക്കും. ഇന്‍ഷ്വറന്‍സില്ലെങ്കിലുള്ള പിഴ രണ്ടായിരമായി തന്നെ നിലനിര്‍ത്തും. പിഴത്തുക കുറയ്ക്കുന്നതിനായി പുതിയ വിജ്ഞാപനം ഇറക്കണം. ഇതിന്റ കരട് കേന്ദ്രസര്‍ക്കാരിന്റ നിര്‍ദേശം കൂടി അറിഞ്ഞശേഷം മോട്ടോര്‍വാഹനവകുപ്പ് തയാറാക്കും.

പത്തിരട്ടിവര്‍ധിച്ച ഓവര്‍ ലോഡിന്റ പിഴ ഇരുപതിനായിരത്തില്‍ നിന്ന് പതിനായിരമായി ചുരുക്കിയേക്കും.

തിങ്കളാഴ്ച ഗതാഗതമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ കരട് ചര്‍ച്ചചെയ്യും തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പിഴയ്‌ക്കെതിരെ സി.പി.എം പരസ്യമായി രംഗത്തു വന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫിലും വിഷയം ചര്‍ച്ച ചെയ്യും.

Next Story
Read More >>