സുഗതന്‍ വെറും കടലാസ് പുലിയാണ്, അയാള്‍ പോയതു കൊണ്ട് ഒന്നും സംഭവിക്കില്ല- വെള്ളാപ്പള്ളി

സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. സുഗതൻ വെറും കടലാസ് പുലിയാണ്. സുഗതന് പാർലമെന്ററി മോഹമാണ്.

സുഗതന്‍ വെറും കടലാസ് പുലിയാണ്, അയാള്‍ പോയതു കൊണ്ട് ഒന്നും സംഭവിക്കില്ല- വെള്ളാപ്പള്ളി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നവോത്ഥാന സമിതി വിടാനുള്ള സമിതി ജോയിന്റ് കൺവീനറും ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽസെക്രട്ടറിയുമായ സി.പി സുഗതന്റെ നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു സുഗതൻ പോയത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും നവോത്ഥാന സമിതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദുഐക്യമല്ല നവോത്ഥാന സമിതി ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. സുഗതൻ വെറും കടലാസ് പുലിയാണ്. സുഗതന് പാർലമെന്ററി മോഹമാണ്. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏത് അറ്റം വരെയും എസ്.എൻ.ഡി.പി പോകും. പിന്നാക്ക സമുദായത്തിനായല്ലാതെ വേറെ ആർക്ക് വേണ്ടിയാണ് താൻ വാദിക്കേണ്ടതെന്ന് വെള്ളാപ്പള്ളി ചോദിച്ചു.

നവോത്ഥാന സമിതിയിൽ നിന്നും പിന്മാറുകയാണെന്ന് ഹിന്ദു പാർലമെന്റ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. 94 ഹിന്ദുസംഘടനകളുടെ കേന്ദ്രസമിതിയാണ് ഹിന്ദു പാർലമെന്റ്. പിന്മാറുകയാണെങ്കിലും ഹിന്ദു പാർലമെന്റ് അംഗങ്ങളായ ഏതെങ്കിലും സമുദായങ്ങൾക്ക് അവരുടെ സ്വന്തം തീരുമാനമനുസരിച്ച് നവോത്ഥാനസമിതിയിൽ തുടരാൻ തടസ്സമുണ്ടാവില്ലെന്നും അംഗസംഘടനകൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കി. എന്നാൽ സുഗതന്റേത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അത് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടർപ്രവർത്തനത്തിന് ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്നും കൺവീനർ പുന്നല ശ്രീകുമാർ വ്യക്തമാക്കിയിരുന്നു.

നവോത്ഥാന മൂല്യസംരക്ഷണസമിതിയുടെ രൂപീകരണയോഗത്തിൽ ഹിന്ദു പാർലമെന്റിനെ പ്രതിനിധീകരിച്ച് 94 സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു. നവോത്ഥാന മൂല്യസംരക്ഷണസമിതിയുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാടുകളെ പുതിയ സർക്കുലറിൽ തള്ളിപ്പറഞ്ഞിട്ടില്ല. കൺവീനർ പുന്നല ശ്രീകുമാറിന് പക്ഷേ പരോക്ഷവിമർശനവുമുണ്ട്. പുന്നലയോടുള്ള അഭിപ്രായഭിന്നതയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് സർക്കുലർ.

ശബരിമല വിഷയത്തിന്റെ തുടക്കത്തിൽ സന്നിധാനത്ത് യുവതികളെ തടയുന്നതിന് നേതൃത്വം നൽകിയ നേതാവ് കൂടിയാണ് സുഗതൻ. പിന്നീടാണ് അദ്ദേഹം നിലപാടിൽ മാറ്റം വരുത്തി നവോത്ഥാനസമിതിയുമായി ചേർന്നത്. വനിതാമതിലിലും പങ്കാളിയായി. വനിതാമതിൽ രൂപീകരണ തീരുമാനമുണ്ടായതോടെ ഹിന്ദു പാർലമെന്റിന്റെ ഭാഗമായ 12 മുന്നാക്ക സംഘടനകൾ നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് പിന്മാറിയതാണെന്ന് സർക്കുലറിൽ പറയുന്നു.

പാലായിൽ ഇടതിന് സാദ്ധ്യത: വെള്ളാപ്പള്ളി

തിരുവനന്തപുരം: പാലായിലെ സമുദായ അംഗങ്ങൾക്കിടയിൽ മാണി. സി. കാപ്പൻ അനുകൂല തരംഗമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതേ രീതിയിൽ പോയാൽ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടില ചിഹ്നം നിലനിർത്താനാകാത്ത പാർട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ജോസ് ടോമിന് ജനകീയ മുഖമില്ല. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story
Read More >>