സ്‌കൂളില്‍ അല്ലാമാ ഇഖ്ബാലിന്റെ കവിത ചൊല്ലിച്ചു; യു.പിയില്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വി.എച്ച്.പിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

സ്‌കൂളില്‍ അല്ലാമാ ഇഖ്ബാലിന്റെ കവിത ചൊല്ലിച്ചു; യു.പിയില്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ കവിത വിദ്യാര്‍ത്ഥികളെ കൊണ്ട് ചൊല്ലിച്ചതിന് യു.പിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. ബിലാസ്പൂരിലെ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫുര്‍ഖാന്‍ അലിയെയാണ് ജില്ലാ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തത്. വി.എച്ച്.പിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

1902ല്‍ അല്ലാമാ ഇഖ്ബാല്‍ എഴുതിയ 'ലബ് പെ ആതീ ഹെ ദുആ' എന്ന പ്രശസ്തമായ കവിത വിദ്യാര്‍ത്ഥികളെ കൊണ്ടു ചൊല്ലിച്ചു എന്നതാണ് വി.എച്ച്.പി പരാതിയായി ഉന്നയിച്ചത്. എന്നാല്‍ കവിത ചൊല്ലിച്ചതിന് എന്തിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് അലി ചോദിക്കുന്നത്. സ്‌കൂളില്‍ എല്ലാ ദിവസവും പതിവു പോലെ ദേശീയ ഗാനം ചൊല്ലുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.

അതേസമയം, കവിത ചൊല്ലിച്ചതിനെ കുറിച്ച് അറിയില്ലെന്നും ദേശീയ ഗാനം ചൊല്ലാത്തതിനാണ് ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടിയെടുത്തതെന്നും പിലിഭിത് ജില്ലാ മജിസ്‌ട്രേറ്റ് വൈഭവ് ശ്രീവാസ്തവ പറയുന്നു.

എന്നാല്‍ പതിവു പരിശോധനയില്‍ സ്‌കൂളില്‍ ദേശീയ ഗാനം ചൊല്ലുന്നതായാണ് ബോദ്ധ്യപ്പെട്ടത് എന്ന് ബിലാസ്പൂര്‍ ബ്ലോക് എജ്യുക്കേഷന്‍ ഓഫീസര്‍ ദേവേന്ദ്ര സ്വരൂപ് ദേശീയ മാദ്ധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മദ്രസിയില്‍ ആലപിക്കുന്ന പദ്യമാണ് അല്ലാമാ ഇഖ്ബാലിന്റേത് എന്നാണ് വി.എച്ച്.പി പറയുന്നത്.

എന്നാല്‍ സ്‌കൂളിലെ ഉര്‍ദു സിലബിസില്‍ ഈ പദ്യം ഉള്ളതായി ഹെഡ്മാസ്റ്റര്‍ അലി പറയുന്നു. തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പിയും ഹിന്ദു യുവ വാഹിനിയും സ്‌കൂളിനും കലക്ടറേറ്റിനും പുറത്ത് പ്രകടനം നടത്തിയിരുന്നു. സര്‍ക്കാര്‍ സിലബസിലെ പദ്യമാണ് താന്‍ ചൊല്ലിച്ചത്. കുട്ടികള്‍ ഭാരത് മാതാ കീ ജയ് അടക്കമുള്ള മുദ്രാവാക്യങ്ങളും എല്ലാ അസംബ്ലിയിലും വിദ്യാര്‍ത്ഥികള്‍ വിളിക്കാറുണ്ട് - അലി കൂട്ടിച്ചേര്‍ത്തു.

Read More >>