ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ എന്താണ് ഇത്ര താമസം? കേസെടുത്തില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും- ഡല്‍ഹി ഹൈക്കോടതി

എല്ലാ വിദ്വേഷ പ്രസംഗങ്ങളും ഇന്ന് തന്നെ ഇരുന്നു കണ്ട് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ എന്താണ് ഇത്ര താമസം? കേസെടുത്തില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും- ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ ഇന്നു തന്നെ കേസെടുക്കാനും ജസ്റ്റിസ് മുരളീധര്‍ ആവശ്യപ്പെട്ടു. കേസ് എടുക്കാന്‍ എന്തു കൊണ്ടാണ് വൈകിയത് എന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഡല്‍ഹിയിലെ അനിഷ്ട സംഭവങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് കടക്കവെയാണ് കോടതിയുടെ ശക്തമായ ഇടപെടല്‍.

എല്ലാ വിദ്വേഷ പ്രസംഗങ്ങളും ഇന്ന് തന്നെ ഇരുന്നു കണ്ട് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്തു കൊണ്ടാണ് കപില്‍ മിശ്ര, പര്‍വേശ് ശര്‍മ്മ, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കാത്തത്? - ജസ്റ്റിസ് മുരളീധര്‍ ചോദിച്ചു.

ഈ വീഡിയോകള്‍ കണ്ടിട്ടില്ല എന്നായിരുന്നു പൊലീസ് മറുപടി നല്‍കിയത്. ടി.വി കാണാത്തതു കൊണ്ട് ഇതുവരെ വീഡിയോ കണ്ടിട്ടില്ല എന്ന് പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വാര്‍ത്ത കാണാത്തവര്‍ക്ക് പ്രത്യേകം പ്രിവിലേജുകള്‍ ഒന്നുമില്ലൈന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹിയറിങില്‍ മൂന്ന് വീഡിയോകളും കോടതിയില്‍ പ്ലേ ചെയ്യിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

പൊതുസ്വത്ത് നശിപ്പിച്ചതിന് എതിരെ നിങ്ങള്‍ കേസെടുത്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളില്‍ കേസില്ല. നിങ്ങള്‍ക്ക് ഒരു കുറ്റം നടക്കുന്നത് അറിയില്ലേ? വീഡിയോകള്‍ പ്രകോപനപരമാണ് എന്ന് സോളിസിറ്റര്‍ ജനറല്‍ പറയുന്നു. കേസെടുക്കാത്തതെന്ത്? രാജ്യം മുഴുവന്‍ ചോദിക്കുന്നത് ആ ചോദ്യമാണ്. കേസെടുത്തിട്ടില്ല എങ്കില്‍ അതിന്റെ പ്രത്യാഘാതം ഓര്‍ക്കണം- കോടതി മുന്നറിയിപ്പു നല്‍കി.

നാളെ ഉച്ചയ്ക്ക് 2.15ന് കേസ് വീണ്ടും കോടതി പരിഗണിക്കും. ജസ്റ്റിസ് മുരളീധറിന് പുറമേ, ജസ്റ്റിസ് തല്‍വന്ത് സിങാണ് കേസ് പരിഗണിക്കുന്ന ബഞ്ചിലുള്ളത്.

Next Story
Read More >>