അസാദ്ധ്യമെന്നു കരുതിയ ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ട്- ഫ്രഞ്ച് പ്രവാസികളില്‍ ആത്മവിശ്വാസം നിറച്ച് മോദി

ഫ്രാന്‍സില്‍ നിന്ന് മടങ്ങിവരവെ പ്രധാനമന്ത്രി യു.എ.ഇയും ബഹ്‌റൈനും സന്ദര്‍ശിക്കും

അസാദ്ധ്യമെന്നു കരുതിയ ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ട്- ഫ്രഞ്ച് പ്രവാസികളില്‍ ആത്മവിശ്വാസം നിറച്ച് മോദി

പാരിസ്: എത്തിപ്പിടിക്കാന്‍ ദുര്‍ഘടമെന്നു തോന്നിയ ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെന്നും സംഘശക്തിയാണ് അതിന് സഹായിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സിലെ പാരിസില്‍ യുനസ്‌കോ ആസ്ഥാനത്ത് ഇന്ത്യന്‍ പ്രവാസി സമൂഹവുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ചരിത്രപരമായി ബന്ധം സൂക്ഷിക്കുന്ന രാഷ്ട്രങ്ങളാണ് ഇന്ത്യയും ഫ്രാന്‍സുമെന്നും ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിന് ഇന്ത്യയില്‍ ധാരാളം ആരാധകരുണ്ടെന്നും മോദി പറഞ്ഞു.

പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് ജനം വന്‍ ഭൂരിപക്ഷത്തില്‍ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിച്ചത്. അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ ക്രിയാത്മകമായ മാറ്റങ്ങളുണ്ട്. ടീം സ്പിരിറ്റിലൂടെയാണ് നമ്മള്‍ നേട്ടങ്ങള്‍ കൊയ്തത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ഇപ്പോള്‍ ഇന്ത്യയിലാണ്. സ്റ്റാര്‍ട്ട് അപ്പുകളുടെ ദേശവും ഇന്ത്യയാണ്- അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ സംസാരിച്ച മോദി ഇന്ത്യയില്‍ ഇപ്പോള്‍ അഴിമതിക്ക് സ്ഥാനമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'അഴിമതി, കുടുംബാധിപത്യം, ഭീകരവാദം എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍. ഇതിന് മുമ്പ് ഇതൊരിക്കലും ഉണ്ടായിട്ടില്ല. രണ്ടാമതായി അധികാരത്തില്‍ വന്ന് 75 ദിവസത്തിനകം ഞങ്ങള്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തു. മുത്തലാഖ് ഇല്ലാതാക്കി. ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അനീതിക്ക് അറുതി വരുത്തി- മോദി പറഞ്ഞു.

പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

ഫ്രാന്‍സില്‍ നിന്ന് മടങ്ങിവരവെ പ്രധാനമന്ത്രി യു.എ.ഇയും ബഹ്‌റൈനും സന്ദര്‍ശിക്കും. ഇന്ന് രാത്രി അബൂദബിയില്‍ എത്തുന്ന മോദി നാളെ യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങിയ ശേഷം മോദി ബഹ്റൈനിലേക്ക് തിരിക്കും.

മഹാത്മാ ഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായുള്ള സ്റ്റാമ്പ് നരേന്ദ്ര മോദി പുറത്തിറക്കും. ഇന്ത്യന്‍ ഡിജിറ്റല്‍ പേമന്റ് സംവിധാനമായ റു പേയുടെ ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. തുടര്‍ന്നാണ് ബഹ്റൈനിലെത്തുന്നത്. ആദ്യമായാണ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്.

Read More >>