അണുനാശിനി നല്‍കി സ്വീകരണം; ഇത് കൊറോണക്കാലത്തെ ഇരട്ടക്കല്യാണം!

വിവാഹ ചടങ്ങിനെത്തിയവരെ പനിനീര് തളിച്ച് ആനയിക്കുന്നതിന് പകരം ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷമാണ് വിവാഹമണ്ഡപത്തിലേക്ക് കടത്തിവിട്ടത്.

അണുനാശിനി നല്‍കി സ്വീകരണം; ഇത് കൊറോണക്കാലത്തെ ഇരട്ടക്കല്യാണം!

തിരുവനന്തപുരം: കൊറോണ ഭീതിക്കിടയിൽ മാതൃകയായി ഒരു ഇരട്ടകല്യാണം. വട്ടിയൂർക്കാവ് ഓട്ടോ ഡ്രൈവേഴ്‌സ് സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ നിർദ്ധനരായ രണ്ട് പെൺകുട്ടികൾക്ക് ഒരുക്കിയ മംഗല്യമാണ് ശ്രദ്ധേയമായത്. പത്താംകല്ല് സ്വദേശി സക്കീർ ഹുസൈനും മലയിൻകീഴ് സ്വദേശിനി ആമിനയും തമ്മിലും തമലം സ്വദേശിനി വിഷ്ണുവും ചാക്ക സ്വദേശിനി ഇന്ദുവും തമ്മിലാണ് വിവാഹിതരായത്. സർക്കാര്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വധുവരന്മാരും ബന്ധുക്കളും മറ്റും മാസ്‌ക് ധരിച്ചാണ് എത്തിയത്.

വിവാഹ ചടങ്ങിനെത്തിയവരെ പനിനീര് തളിച്ച് ആനയിക്കുന്നതിന് പകരം ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷമാണ് വിവാഹമണ്ഡപത്തിലേക്ക് കടത്തിവിട്ടത്. മുൻകരുതലിന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവരുടെ ആധാർ നമ്പറും മൊബൈൽ നമ്പറും സമിതി അംഗങ്ങൾ ആരോഗ്യവകുപ്പിന് കൈമാറി. ആരോഗ്യ വകുപ്പിന്റെയും അധികൃതരുടെയും നിർദേശങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്.

വട്ടിയൂർക്കാവ് മാസ് ഓഡിറ്റോറിയമായിരുന്നു വിവാഹവേദി. ഇസ് ലാമിക മതാചാര പ്രകാരം സക്കീർ ഹുസൈൻ - ആമിന എന്നിവരുടെ വിവാഹമാണ് ആദ്യം നടന്നത്. ശേഷം ഹിന്ദു മതാചാരപ്രകാരം വിഷ്ണുവിന്റേയും ഇന്ദുവിന്റേയും വിവാഹം നടന്നു. അടുത്തബന്ധുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

1500 പേരെ പങ്കെടുപ്പിച്ച് നടത്താനിരുന്ന വിവാഹം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വെറും 100 പേരിലേക്കൊതുക്കി. വിവാഹ ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കി. 26 വർഷമായി പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് ഓട്ടോ ഡ്രൈവേഴ്‌സ് സാംസ്‌ക്കാരിക സമിതിയുടെ അംഗങ്ങൾ ഓട്ടോറിക്ഷ ഓടി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം സാമൂഹികസേവനത്തിന് മാറ്റി വെക്കുന്നുണ്ട്. ഇതിൽ നിന്നുള്ള പണമെടുത്താണ് മുൻ വർഷങ്ങളിലെന്ന പോലെ ഇത്തവണയും നിരാലംബരായ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തിയത്.

ഓരോരുത്തർക്കും അഞ്ച് പവൻ സ്വർണ്ണം, വിവാഹ വസ്ത്രം, വിവാഹത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണം ഉൾപ്പടെ എല്ലാ ചിലവുകളും സമിതിയാണ് വഹിച്ചത്. വട്ടിയൂർക്കാവ് ഓട്ടോ ഡ്രൈവേഴ്‌സ് സാംസ്‌ക്കാരിക സമിതിയുടെ ഇരുപതിയാറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ രണ്ട് പെൺകുട്ടികൾക്കുമുള്ള സ്വർണം സുരേഷ് ഗോപി എം.പിയാണ് കൈമാറിയത്.

Next Story
Read More >>