എയര്‍ ഇന്ത്യയെ ഇത്തിഹാദ് ഏറ്റെടുക്കുമോ? ഒന്നും മിണ്ടാതെ അബൂദാബി എയര്‍ലൈന്‍സ് കമ്പനി

വിദേശകമ്പനികള്‍ക്ക് 49 ശതമാനം ഓഹരി മാത്രമാണ് നേരിട്ടുള്ള വിദേശനിക്ഷേപം വഴി കൈവശപ്പെടുത്താനാകുക.

എയര്‍ ഇന്ത്യയെ ഇത്തിഹാദ് ഏറ്റെടുക്കുമോ? ഒന്നും മിണ്ടാതെ അബൂദാബി എയര്‍ലൈന്‍സ് കമ്പനി

അബൂദാബി: ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാതെ ഇത്തിഹാദ്. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ല എന്നാണ് ഇത്തിഹാദ് വക്താവ് അറേബ്യന്‍ ബിസിനസിനോട് വ്യക്തമാക്കിയത്. എയര്‍ ഇന്ത്യയില്‍ ഇത്തിഹാദ് താത്പര്യം പ്രകടിപ്പിച്ചുവെന്ന് എകണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ രണ്ട് പ്രതിനിധികള്‍ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഇന്ത്യന്‍ വ്യോമയാന മേഖലയിലെ നിയമപ്രകാരം വിദേശകമ്പനികള്‍ക്ക് 49 ശതമാനം ഓഹരി മാത്രമാണ് നേരിട്ടുള്ള വിദേശനിക്ഷേപം വഴി കൈവശപ്പെടുത്താനാകുക. എന്നാല്‍ അബുദാബി നിക്ഷേപ അതോറിറ്റിയുമായി ചേര്‍ന്ന് നൂറു ശതമാനം ഓഹരിയും വാങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നഷ്ടത്തില്‍ ഓടുന്ന ജെറ്റ് എര്‍വെയ്‌സ് എറ്റെടുക്കാന്‍ ഹിന്ദുജ കമ്പനി മുന്നോട്ടു വരുന്നു എന്നും സൂചനയുണ്ട്.

നേരത്തെ, എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടാറ്റയ്ക്ക് ഇപ്പോള്‍ താല്പര്യമില്ലെന്നാണ് സൂചന. നിലവിലെ ചട്ടപ്രകാരം ഇന്‍ഡിഗോയ്ക്ക് 100 ശതമാനം ഓഹരിയും സ്വന്തമാക്കാനാകും. നേരത്തെ എയര്‍ഇന്ത്യ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യക്ക് 60000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്ക്.

Next Story
Read More >>