മദ്ധ്യസ്ഥത വഹിക്കാനില്ല, പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണം- കശ്മീരില്‍ പാകിസ്താനെ തള്ളി യു.എന്‍

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തില്‍ കശ്മീര്‍ വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളും കൊമ്പുകോര്‍ക്കവെയാണ് സെക്രട്ടറി ജനറലിന്റെ നിലപാട്.

മദ്ധ്യസ്ഥത വഹിക്കാനില്ല, പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണം- കശ്മീരില്‍ പാകിസ്താനെ തള്ളി യു.എന്‍

യുണൈറ്റഡ് നാഷന്‍സ്: കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കണമെന്ന പാകിസ്താന്‍ ആവശ്യം തള്ളി യു.എന്‍. വിഷയം ഇരുരാഷ്ട്രങ്ങളും നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

സെക്രട്ടറി ജനറലിനു വേണ്ടി വക്താവാണ് മാദ്ധ്യമള്‍ക്കു മുമ്പാകെ ഇക്കാര്യം അറിയിച്ചത്. പ്രശ്‌നത്തില്‍ ഇരുരാഷ്ട്ര പ്രതിനിധികളുമായും സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയെന്നും നേരത്തെ സ്വീകരിച്ച സമീപനത്തില്‍ ഇപ്പോള്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും വക്താവ് പറഞ്ഞു. എന്നാല്‍ മേഖലയിലെ നിലവിലെ സാഹചര്യങ്ങളില്‍ യു.എന്നിന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിലെ ബിയാരിറ്റ്സില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പിന്നീട് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച പാകിസ്താന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും യു.എന്‍. സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തില്‍ കശ്മീര്‍ വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളും കൊമ്പുകോര്‍ക്കവെയാണ് സെക്രട്ടറി ജനറലിന്റെ നിലപാട്.

നേരത്തെ, യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ കശ്മീര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ചിരുന്നു.

' കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈയിടെ നടപ്പിലാക്കിയ തീരുമാനം അവിടത്തെ മനുഷ്യാവകാശങ്ങള്‍ക്കു മേല്‍ ഏതുതരത്തില്‍ സ്വാധീനിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്. ഇന്റര്‍നെറ്റിനും സംഘം ചേരാനും അവിടെ നിയന്ത്രണങ്ങളുണ്ട്. പ്രാദേശിക രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും തടങ്കലിലുണ്' - എന്നായിരുന്നു കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്‌ലറ്റിന്റെ പ്രസ്താവന.

കഴിഞ്ഞ മാസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ കേന്ദ്രം രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയിരുന്നത്.

പ്രശ്നസാദ്ധ്യത മുന്നില്‍ക്കണ്ട് പതിനായിരക്കണക്കിന് സൈനികരാണ് താഴ്വരയില്‍ കാവല്‍ നില്‍ക്കുന്നത്. ടൂറിസ്റ്റുകളെയും തീര്‍ത്ഥാടകരെയും അവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ തടവിലാണ്.

Read More >>