നാദാപുരത്തെ മുത്തലാഖ്: ഇടപെട്ട് വനിതാ കമ്മീഷന്‍- സ്വമേധയാ കേസെടുത്തു

സംഭവത്തിൽ കോഴിക്കോട് എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

നാദാപുരത്തെ മുത്തലാഖ്: ഇടപെട്ട് വനിതാ കമ്മീഷന്‍- സ്വമേധയാ കേസെടുത്തു

കോഴിക്കോട്: നാദാപുരം സ്വദേശി മുത്തലാഖ് ചൊല്ലി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചതായ സംഭവത്തിൽ സംസ്ഥാന വനിതാ കമിഷൻ സ്വമേധയാ കേസെടുത്തു.

തനിക്കും മക്കൾക്കും ജീവനാംശം പോലും നൽകാത്ത ഭർത്താവിന്റെ വീട്ടുപടിക്കൽ കുഞ്ഞുങ്ങളുമായി യുവതി സമരം ചെയ്യുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കമിഷൻ അംഗം എം.എസ് താര പറഞ്ഞു.

സംഭവത്തിൽ കോഴിക്കോട് എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ആദ്യമായാണ് മുത്തലാഖ് കേസിൽ കമിഷൻ സ്വമേധയാ കേസെടുക്കുന്നത്. മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നശേഷം കോഴിക്കോട് നിന്ന് മൂന്ന് കേസാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നേരത്തെ, സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ‍വാണിമേൽ ഉണ്ണിയോട്ട് കുനിയിൽ ഫാത്തിമ ജുവൈരിയ (24) നൽകിയ പരാതിയിലാണ് നാദാപുരം സ്വദേശിയായ സമീറിനെതിരെ വളയം പൊലീസ് കേസെടുത്തത്. ചെലവിനു നൽകുന്നില്ല എന്ന പരാതിയുമായി കഴിഞ്ഞ അഞ്ചുദിവസമായി ഇവർ സമീറിന്റെ വീടിനു മുന്നിൽ സമരത്തിലാണ്.

ഒരുവർഷം മുൻപായിരുന്നു സമീർ ഫാത്തിമയെ തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. വിദേശത്തായിരുന്ന സമീർ 20 ദിവസം മുൻപ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാത്തിമ പൊലീസിൽ പരാതി നൽകിയിരുന്നു. ആറു വർഷം മുമ്പായിരുന്നു ഫാത്തിമ ജുവൈരിയുടേയും സമീറിന്റെയും വിവാഹം നടന്നത്. ജുവൈരിയയെ ഒഴിവാക്കാൻ സമീർ ശ്രമം തുടങ്ങിയതോടെ പ്രശ്‌ന പരിഹാരത്തിന് മഹല്ല് കമ്മറ്റിയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഇടപെട്ടു. എന്നാൽ ജുവൈരിയയെ മൊഴിചൊല്ലിയതായി സമീറും ബന്ധുക്കളും അറിയിക്കുകയായിരുന്നു. മറ്റൊരു പെൺകുട്ടിയെ നിക്കാഹ് ചെയ്‌തെന്നറിഞ്ഞതോടെയാണ് റോഡിൽ മക്കളുമൊത്ത് സമരം തുടങ്ങിയത്

താൻ വീട്ടിൽ കയറാതിരിക്കാൻ വീട് ഭർത്താവിന്റെ സഹോദരന്റെ പേരിലേക്ക് മാറ്റിയതായും നിയമപ്രകാരം മൊഴിചൊല്ലിയതായി തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ജുവൈരിയ പറയുന്നു. ജീവനാംശം പോലും നൽകാതെ തന്നെയും അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെതിരെയാണു താൻ സമരം ചെയ്യുന്നതെന്ന് ഫാത്തിമ പറഞ്ഞു. സമരത്തിന് രാജ്യസഭാ എം.പിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം പിന്തുണ പ്രഖ്യാപിച്ചു.

ഫാത്തിമയ്ക്കും മക്കൾക്കും 3,500 രൂപ വീതം ജീവനാംശം നൽകാൻ നാദാപുരം മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. എന്നാൽ ഈ തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ കോഴിക്കോട് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. തന്റെ 40 പവൻ ആഭരണങ്ങൾ ഭർത്താവിന്റെ വീട്ടുകാർ തട്ടിയെടുത്തെന്നാരോപിച്ചും ജീവനാംശം ആവശ്യപ്പെട്ടും ഫാത്തിമ വടകര കുടുംബ കോടതിയിലും കേസ് നൽകിയിട്ടുണ്ട്. മതനിയമം അനുസരിച്ചാണ് മൊഴി ചൊല്ലിയതെന്ന് സമീറിന്റെ അഭിഭാഷകൻ പറഞ്ഞു. കോടതി വിധി അനുസരിച്ചുള്ള 3,500 രൂപ ജീവനാംശം നൽകുന്നതായും അദ്ദേഹം പറഞ്ഞു.

സമീർ മതനിയമം അനുസരിച്ചാണ് ത്വലാഖ് ചൊല്ലിയതെന്നും മുത്ത്വലാഖല്ല ചൊല്ലിയതെന്നും സമീറിന്റെ അഭിഭാഷകൻ പറഞ്ഞു. ഒരു വർഷം മുമ്പ് നടത്തിയ ത്വലാഖിനെ സമീപ കാലത്തെ മുത്തലാഖ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതിനെ സമീറിന്റെ കുടുംബം ചോദ്യം ചെയ്തു.

Read More >>