വയനാടന്‍ കാടുകള്‍ക്ക് വനംവകുപ്പിന്റെ ചരമക്കുറിപ്പ്; എതിര്‍പ്പുമായി സി.പി.ഐയും പരിസ്ഥിതി സംഘടനകളും

200 ഏക്കർ വനം ക്ലിയർ ഫെല്ലിങ് ചെയ്ത് തേക്കുമരം നടാൻ കണ്ണൂരിലെ നോർത്ത് സോൺ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കാർത്തികേയനാണ് നിർദ്ദേശം നൽകിയത്.

വയനാടന്‍ കാടുകള്‍ക്ക് വനംവകുപ്പിന്റെ ചരമക്കുറിപ്പ്; എതിര്‍പ്പുമായി സി.പി.ഐയും പരിസ്ഥിതി സംഘടനകളും

ബിൻ സൂഫി

കൽപ്പറ്റ: ജൈവസമ്പന്നവും നിരവധി നീരൊഴുക്കുകളുടെ ഉത്ഭവകേന്ദ്രവും നിത്യഹരിതവുമായ വയനാടൻ സ്വാഭാവികവനം വെട്ടിവെളുപ്പിച്ച് വീണ്ടും തേക്കിന്റെ ഏകവിളത്തോട്ടമുണ്ടാക്കാനുള്ള വനംവകുപ്പിന്റെ നീക്കം വയനാടൻ വനങ്ങൾക്കുള്ള ചരമഗീതമാവും. വയനാട്ടിലെ നിത്യഹരിതവനങ്ങൾ തേക്ക് തോട്ടമാക്കാൻ വനംവകുപ്പ് നടപടി തുടങ്ങിയതോടെ പ്രതിഷേധവും ശക്തമായി.

നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ബേഗൂർ റേഞ്ചിലെ തൃശ്ശിലേരി സെക്ഷനിൽപെട്ട 200 ഏക്കർ വനം ക്ലിയർ ഫെല്ലിങ് ചെയ്ത് തേക്കുമരം നടാൻ കണ്ണൂരിലെ നോർത്ത് സോൺ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കാർത്തികേയനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഈ വനങ്ങൾ ജൈവസമ്പന്നമായ സ്വാഭിവിക വനമായി മാറിക്കഴിഞ്ഞെന്നും ഒരു കാരണവശാലും ക്ലിയർഫെല്ലിങ് നടത്തരുതെന്നുമുള്ള ബേഗൂർ റേഞ്ച് ഓഫീസറുടെ റിപ്പോർട്ട് തള്ളിയാണ് ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ നടപടി. രണ്ടാഴ്ചയ്ക്കു മുമ്പ് സ്ഥലം സന്ദർശിച്ച സി.സി.എഫിന്റെ നിർദ്ദേശപ്രകാരം ഈ വനത്തിലെ തേക്ക്, ഇലവ്, മട്ടി എന്നീ മരങ്ങൾക്ക് നമ്പറിടുകയും കാടിന്റെ വിവിധ ഭാഗങ്ങളിൽ 20 മീറ്റർ വീതിയും 20 മീറ്റർ നീളവുമുള്ള സാമ്പിൾ പ്ലോട്ടുകളുണ്ടാക്കി വിവരശേഖരണം നടത്തുകയും ചെയ്തു. ടെണ്ടർ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

1958-ൽ ഉണ്ടാക്കിയ സോഫ്റ്റ് വുഡ് പ്ലാന്റേഷനാണ് തൃശ്ശിലേരി സെക്ഷനിലെ ഒണ്ടയങ്ങാടി മുതൽ തൃശ്ശിലേരി റോഡ് വരെ വ്യാപിച്ചുകിടക്കുന്നത്. ഇവിടെ തേക്കിനെ കൂടാതെ ഇലവ്, മട്ടി എന്നീ മരങ്ങളും നട്ടുപിടിപ്പിച്ചിരുന്നു. എന്നാൽ പ്ലാന്റേഷൻ പരാജയപ്പെട്ടു. 39.26 ഹെക്ടറിന്റേയും 42 ഹെക്ടറിന്റേയും രണ്ട് പ്ലാന്റേഷനുകളാണ് ഉണ്ടാക്കിയത്. ആദ്യത്തേതിൽ 2237 തേക്കും 39 ഇലവും 48 മട്ടിയും മാത്രമാണുള്ളത്. രണ്ടാമത്തെ പ്ലോട്ടിൽ 4150 തേക്കും 144 ഇലവും 789 മട്ടിയും ഉണ്ട്. കൈവണ്ണമുള്ള മരത്തൈകൾക്കു വരെ നമ്പറിട്ടിട്ടുണ്ട്. വയനാട്ടിലെ ഏത് സ്വാഭാവികവനത്തിലും ഇത്രയും മരജനുസ്സുകൾ സ്വാഭാവികമായിത്തന്നെ ഉണ്ടാകും.

ക്ലിയർഫെല്ലിങ് നടത്താൻ തീരുമാനിച്ച കാട്ടിൽ പതിനായിരക്കണക്കിന് വിവിധതരം മറ്റ് മരങ്ങളും ലക്ഷക്കണക്കിന് ചെറുമരത്തൈകളും കൂടാതെ വിവിധതരം കുറിഞ്ഞികൾ, കൈത, ഞാറ, അപൂർവയിനം ഔഷധച്ചെടികൾ എന്നിവയുമുണ്ട്. ഇവിടെ നടന്ന സർവ്വേകളിൽ 280ൽ പരം പക്ഷിജാതികളെയും 250 ഇനം പൂമ്പാറ്റകളേയും അപൂർവ തവളകളെയും കണ്ടെത്തിയിട്ടുണ്ട്. ഈ കാടിനുള്ളിലെ ചതുപ്പുകൾ അത്യപൂർവജീവജാലങ്ങളുടെ കലവറയാണെന്ന് വിദഗ്ധർ പറയുന്നു.

ആന, കടുവ, പുള്ളിപ്പുലി, കരടി, മാനുകൾ, മലയണ്ണാൻ, കാട്ടാട്, രാജവെമ്പാല തുടങ്ങിയ വയനാടൻ കാടുകളിലെ എല്ലാതരം വന്യജീവികളും ഈ കാട്ടിലുണ്ടെങ്കിലും വന്യജീവിശല്യം കാടിന്റെ പരിസരങ്ങളിൽ ഒട്ടുമില്ല. ഇത് കാടിന്റെ സമ്പന്നതയ്ക്ക് തെളിവാണെന്ന് വിദഗ്ധർ പറയുന്നു. 1958-ൽ ഈ കാടാകെ വെട്ടിവെളുപ്പിച്ച് മരത്തടികൾ ലേലത്തിൽ വിറ്റശേഷം ശേഷിക്കുന്ന കാടും അവശിഷ്ടങ്ങളും തീയിട്ട് ചുട്ട് ചാമ്പലാക്കിയശേഷം തേക്ക്, ഇലവ്, മട്ടി എന്നീ മരത്തൈകൾ നടുകയായിരുന്നു.

ഒണ്ടയങ്ങാടിയിൽ വെട്ടിവെളിപ്പിക്കാൻ കാത്ത്കഴിയുന്ന മരങ്ങൾ


>വനംവകുപ്പ് പിൻമാറണം

തേക്കമരങ്ങൾ മുറിച്ചുമാറ്റപ്പെട്ട ജില്ലയിലെ വനമേഖലയിൽ വീണ്ടും തേക്ക് തന്നെ നടാനുളള നീക്കത്തിൽ നിന്ന് വനംവകുപ്പ് പിൻമാറണം. വന്യമൃഗങ്ങൾക്ക് തീറ്റയായി ഉപയോഗിക്കാവുന്ന തരത്തിലുളള വന വൽക്കണമാണ് വനങ്ങളിൽ നടത്തേണ്ടത്.

വിജയൻ ചെറുകര (സെക്രട്ടറി, സി.പി.ഐ വയനാട് ജില്ല)

>തേക്ക് നടുന്നതിനെതിരെ നിവേദനം

കൽപ്പറ്റ: സ്വാഭാവിക വനം നശിപ്പിച്ച് തേക്ക് തൈകൾ നടാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി ഡിവിഷൻ സീനിയർ ഫോറസ്റ്റ് ഓഫീസർ മുരളീധരന് കെ.സി.വൈ.എം മാനന്തവാടി രൂപത നിവേദനം നൽകി. രൂപതാ ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടം, ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, റ്റോബി കൂട്ടുങ്കൽ, പ്രിൻസ് പാലമറ്റം എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

Read More >>