22 ദിവസം, 12 വെടിവയ്പ്പ്, 4 കൊലപാതകം; യു.പിയില്‍ നിയമമുണ്ടോ? യോഗിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ചിന്മയാനന്ദ്, കര്‍ഷക വിഷയങ്ങളിലും സര്‍ക്കാറിനെതിരെ പ്രിയങ്ക ശക്തമായ ഭാഷയില്‍ സംസാരിച്ചിരുന്നു

22 ദിവസം, 12 വെടിവയ്പ്പ്, 4 കൊലപാതകം; യു.പിയില്‍ നിയമമുണ്ടോ? യോഗിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 22 ദിവസത്തിനിടെ 12 വെടിവയ്പ്പുകളാണ് സംസ്ഥാനത്തുണ്ടായത്. നാല് കൊലപാതകങ്ങളും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്ക് മേല്‍ സര്‍ക്കാറിന് ഒരു നിയന്ത്രണവുമില്ല- അവര്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ചുള്ള അമര്‍ ഉജാലയുടെ വാര്‍ത്ത ഷെയര്‍ ചെയ്താണ് പ്രിയങ്കയുടെ വിമര്‍ശനം. സംസ്ഥാനത്ത് വെടിവയ്പ്പുകള്‍ കൂടി വരുന്നതായും ലൈസന്‍സില്ലാത്ത തോക്കുകള്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലഖ്‌നൗവിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും ഒടുവില്‍ കൊലപാതകം നടന്നത്. നെഞ്ചില്‍ വെടിയേറ്റ് ദീപു വര്‍മ എന്നയാളാണ് കൊല്ലപ്പെട്ടത്.

ഈയിടെയായി യു.പി വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന പ്രിയങ്ക നിരന്തരം യോഗി സര്‍ക്കാറിനെ ആക്രമിക്കുന്നുണ്ട്. അടുത്ത തവണ യു.പി പിടിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കയുടെ നീക്കങ്ങള്‍ എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം.

ചിന്മയാനന്ദ്, കര്‍ഷക വിഷയങ്ങളിലും സര്‍ക്കാറിനെതിരെ പ്രിയങ്ക ശക്തമായ ഭാഷയില്‍ സംസാരിച്ചിരുന്നു.

Read More >>