സമ്പദ്‌രംഗം നന്നാക്കുകയാണ് നിങ്ങളുടെ ജോലി, അല്ലാതെ കോമഡി സര്‍ക്കസ് കളിക്കുകയല്ല- കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മുന്നോട്ടു വെച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയായ ന്യായിന്റെ ആസൂത്രകനായിരുന്നു അഭിജിത്

സമ്പദ്‌രംഗം നന്നാക്കുകയാണ് നിങ്ങളുടെ ജോലി, അല്ലാതെ കോമഡി സര്‍ക്കസ് കളിക്കുകയല്ല- കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമ്പദ് മേഖലയെ തകര്‍ക്കുകയോ കോമഡി സര്‍ക്കസ് കളിക്കുകയോ അല്ല സര്‍ക്കാറിന്റെ ജോലിയെന്ന് അവര്‍ മുന്നറിയപ്പ് നല്‍കി. നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജിക്കെതിരെയുള്ള മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

അഭിജിത് ആലോചിക്കുന്നത് സ്വീകരിക്കേണ്ടതില്ല എന്ന് ഇന്ത്യന്‍ വോട്ടര്‍മാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാണിച്ചു തന്നു എന്ന് നേരത്തെ പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മുന്നോട്ടു വെച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയായ ന്യായിന്റെ ആസൂത്രകനായിരുന്നു അഭിജിത്. ഇതേക്കുറിച്ചായിരുന്നു ഗോയലിന്റെ പരാമര്‍ശങ്ങള്‍.

അഭിജിത് ഒരു ഇടത് ചായ്‌വുള്ള സാമ്പത്തിക ശാസ്ത്രജ്ഞനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

സ്വന്തം കാര്യം ചെയ്യാതെ മറ്റുള്ളവരുടെ നേട്ടങ്ങളെ അവമതിക്കാന്‍ സമയം കണ്ടെത്തുകയാണ് ബി.ജെ.പി നേതാക്കളെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ആത്മാര്‍ത്ഥമായി ജോലി ചെയ്തതു കൊണ്ടാണ് അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ പുരസ്‌കാരം കിട്ടിയതെന്നും അവര്‍ കുറ്റപ്പെടുത്തി.

പിയൂഷ് ഗോയലിനെ കൂടാതെ, ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹയും അഭിജിത് മുഖര്‍ജിക്കെതിരെ രംഗത്തു വന്നിരുന്നു.

വിദേശികളായ രണ്ടാം ഭാര്യമാര്‍ ഉള്ളവര്‍ക്കാണ് കൂടുതലും സമ്മാനം ലഭിക്കുന്നതെന്നും ഇതാണോ നൊബേല്‍ ലഭിക്കാനുള്ള യോഗ്യതയെന്നുമാണ് അദ്ദേഹം ചോദിച്ചിരുന്നത്.

അഭിജിത് ബാനര്‍ജിയെ കൂടാതെ ഫ്രഞ്ച്-അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധയായ എസ്താര്‍ ഡഫ്‌ലോ, അമേരിക്കന്‍ പ്രഫസര്‍ മിഷേല്‍ ക്രെമര്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. എസ്തര്‍ ഡഫ്‌ലോ അഭിജിത് ബാനര്‍ജിയുടെ രണ്ടാം ഭാര്യയാണ്.

Read More >>