നിലയ്ക്കാത്ത മണിമുഴക്കം

ഓരോ സിനിമയുടെ സെറ്റിൽ പോകുമ്പോഴും അവിടുത്തെ നാടൻപാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും. നേരം പുലരുന്നതുവരെ പാടി രസിക്കും. അതിൽ നിന്ന് പുതിയൊരീണം പിറക്കും. അങ്ങനെയാണ് പല പാട്ടുകളും പിറന്നത്. പാവങ്ങളായ രോഗികൾക്ക് മരുന്ന്, ചികിത്സ, ചാലക്കുടിയിൽ വായനശാല, സ്‌കൂൾ ബസ്, ഓണത്തിനും ക്രിസ്മസിനും 150 കുടുംബങ്ങൾക്ക് സൗജന്യ അരി, പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹധനസഹായം എന്നിവയെല്ലാം മണിയെന്ന മനുഷ്യന്റെ നന്മകളായിരുന്നു.

നിലയ്ക്കാത്ത മണിമുഴക്കം

ഒരുപാട് ചിരിപ്പിച്ച് പെട്ടെന്നൊരു നാൾ എല്ലാവരേയും കണ്ണീരിലാഴ്ത്തി മലയാളത്തിന്റെ മണിമുത്ത് ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നുവർഷം. ഇന്നും തോരാത്ത കണ്ണീരാണ് മലയാളികൾക്ക് മണി. ചാലക്കുടിയിലെ ആ വീട്ടുമുറ്റത്ത് എത്തുന്ന ഒട്ടേറെ പേരുണ്ട്. ആറടി മണ്ണിൽ ഉറങ്ങുന്ന മണിയോർമ്മയിൽ ഒന്നലിഞ്ഞു ചേരാൻ.

1995ൽ സുരേഷ് ഗോപി നായകനായ അക്ഷരത്തിലൂടെയാണ് മലയാള സിനിമാലോകത്ത് മണി ആദ്യാക്ഷരം കുറിക്കുന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ. 1996ൽ സല്ലാപം എന്ന ചിത്രത്തിൽ മഞ്ജു വാര്യരെ നോക്കി മുൻകോപക്കാരി മുഖം മറയ്ക്കും നിന്റെ മനസ്സൊരു മുല്ലപ്പൂങ്കാവല്ലേ എന്നു പാടിയപ്പോൾ മണിയുടെ ഉള്ളിലെ ഗായകനേയും മലയാളികൾ കണ്ടു. പിന്നീടങ്ങോട്ട് മണിനാദത്തിന്റെ നാളുകളായിരുന്നു. ഹാസ്യനടനായും സഹനടനായും വില്ലനായും നായകനായും മണി ഭാഷ ദേശാന്തരങ്ങൾക്കപ്പുറം വളർന്നപ്പോഴും ചവിട്ടിനിന്ന മണ്ണും പിന്നിട്ട വഴിയും മറക്കാത്ത യാഥാർത്ഥ കലാകാരനായി ജീവിച്ചു. കഷ്ടപ്പാടിന്റേയും ദാരിദ്ര്യത്തിന്റേയും പാഠമാണ് മണിയുടെ ജീവിതം. അതുകൊണ്ടു തന്നെയാവാം വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ ജീവിതംകണക്കെ അഭിനയിക്കാനായത്. വിനയന്റെ കരുമാടിക്കുട്ടനിലും മണി മലയാളികളെ വല്ലാതെ കരയിച്ചു. അതിലെ വിശന്നിട്ടാ മുതലാളി എന്ന മണിയുടെ കഥാപാത്രം പറയുമ്പോൾ പച്ചയായ സത്യങ്ങളായിരുന്നു അത്.

നാടൻപാട്ടിന്റെ രാജാവ് കൂടിയാണ് മണി. നാടൻപാട്ടിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കാൻ മണി നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പൂരപ്പറമ്പുകളിലും ഒത്തുകൂടലുകളിലും മണിയുടെ നാടൻപാട്ടില്ലെങ്കിൽ എന്തോ ഒരു കുറവായിരുന്നു മലയാളിക്ക്. ഇന്നും കെട്ടടങ്ങിയിട്ടില്ല ആ ഓളം.

ഓരോ സിനിമയുടെ സെറ്റിൽ പോകുമ്പോഴും അവിടുത്തെ നാടൻപാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും. നേരം പുലരുന്നതുവരെ പാടി രസിക്കും. അതിൽ നിന്ന് പുതിയൊരീണം പിറക്കും. അങ്ങനെയാണ് പല പാട്ടുകളും പിറന്നത്. പാവങ്ങളായ രോഗികൾക്ക് മരുന്ന്, ചികിത്സ, ചാലക്കുടിയിൽ വായനശാല, സ്‌കൂൾ ബസ്, ഓണത്തിനും ക്രിസ്മസിനും 150 കുടുംബങ്ങൾക്ക് സൗജന്യ അരി, പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹധനസഹായം എന്നിവയെല്ലാം മണിയെന്ന മനുഷ്യന്റെ നന്മകളായിരുന്നു.

മലയാളികൾക്കു മാത്രമല്ല അയൽക്കാരുടേയും കൺമണിയാണ് കലാഭവൻ മണി. തമിഴ്, തെലുങ്ക് സിനിമകളിലും മണിക്ക് പകരക്കാരനുണ്ടായില്ല. മണിയെക്കണ്ട് അയൽനാട്ടുകാരും അമ്പരന്നു, ചിരിച്ചു, കരഞ്ഞു. വില്ലൻ വേഷങ്ങളിൽ തെന്നിന്ത്യൻ സിനിമാലോകത്തെ അമ്പരിപ്പിച്ച കലാഭവൻ മണി മുപ്പതോളം തമിഴ് ചിത്രങ്ങളിലാണ് തകർത്തഭിനയിച്ചത്. മലയാളത്തിൽ ഹാസ്യനടനായി തിളങ്ങിനിന്നിരുന്ന മണിയെ മമ്മൂട്ടിയാണ് തമിഴകത്തിന് പരിചയപ്പെടുത്തിയത്. 1998ൽ മറുമലർച്ചി എന്ന ചിത്രത്തിലൂടെ. ജെമിനിയിലെ വൃത്യസ്തവേഷത്തിന് 2002 ലെ മികച്ച വില്ലനുളള ഫിലിംഫെയർ അവാർഡും മണി സ്വന്തമാക്കി. കമൽഹാസൻ, രജനികാന്ത്, ഐശ്വരറായി, വിക്രം തുടങ്ങി ഇന്ത്യൻ സിനിമയിലെ വിസ്മയങ്ങൾക്കൊപ്പം അഭിനയിച്ചപ്പോഴും മണിയുടെ പ്രതിഭ തിളക്കത്തോടെ നിന്നു.

രംഗബോധമില്ലാത്ത കോമാളിയായാണ് മരണത്തെ ഉപമിക്കുന്നത്. അങ്ങനെ ചിരിയരങ്ങിൽ നിന്ന് മരണമെന്ന തീരാഗർത്തത്തിലേക്ക് മണി യാത്രയായി. ആ മണിനാദം നിലച്ചിട്ട് ഇന്നേക്ക് മൂന്നുവർഷം.മലയാള സിനിമയിൽ കലാഭവൻ മണി എന്ന പ്രതിഭ ബാക്കിവച്ചുപോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടൻ മലയാളവും കടന്ന് അന്യഭാഷകൾക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേർത്തുവച്ചിരുന്നു. അതേസമയം മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും ബാക്കി നിൽക്കുകയാണ്.

Read More >>