സൗഹൃദങ്ങള്‍ സമ്പാദ്യമാക്കിയ കെ.പി കുഞ്ഞിമൂസ

വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകൾ, ലേഖനങ്ങൾ ഇത്രയധികം എഴുതിയ മറ്റൊരാളില്ല. അദ്ദേഹം ആറായിരം വ്യക്തികളെക്കുറിച്ച് മരണശേഷമുള്ള അനുസ്മരണങ്ങൾ എഴുതിയതായി മാദ്ധ്യമറിപ്പോർട്ടുകളിൽ കണ്ടു. അവിശ്വനീയംതന്നെ. അരനൂറ്റാണ്ടു കാലം വർഷം തോറും നൂറും നൂറ്റമ്പതും കുറിപ്പുകൾ എഴുതിയാലേ ഈ എണ്ണം തികക്കാനാവൂ. അപരിചിതരെക്കുറിച്ചുള്ള ചരമറിപ്പോർട്ടുകളല്ല അവ. അദ്ദേഹത്തിന്റെ അസൂയാർഹമായ സൗഹാർദ്ദ ബന്ധങ്ങളുടെ തെളിവാണ് ഈ രചനകൾ. പരിചയപ്പെടുന്നവരെക്കുറിച്ചെഴുതാൻ അദ്ദേഹം ആൾ മരിക്കുന്നതു വരെ കാത്തുനിൽക്കാറില്ല! കാലിക്കറ്റ് ടൈംസ് പത്രത്തിൽ അറുനൂറോളം വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മിക്കതും ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ളതായിരുന്നു. അതൊരു സർവകാല റെക്കോഡ് തന്നെയാണ്, സംശയമില്ല.

സൗഹൃദങ്ങള്‍ സമ്പാദ്യമാക്കിയ കെ.പി കുഞ്ഞിമൂസ

അനുസ്മരണം / എന്‍.പി രാജേന്ദ്രന്‍

ഒരാഴ്ച മുമ്പ് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവർത്തകൻ എന്ന നിലയിലെ ഒരു തെരഞ്ഞെടുപ്പ് അനുഭവം എഴുതിത്തരണമെന്ന് ആവശ്യപ്പെടാനാണ് വിളിച്ചത്. തത്മമയം പത്രത്തിൽ അങ്ങനെയൊരു പംക്തി പലരെക്കൊണ്ടും എഴുതിക്കുന്നുണ്ടായിരുന്നു. എന്തെഴുതാൻ പറഞ്ഞാലും കുഞ്ഞിമൂസ തടസ്സമൊന്നും പറയാറില്ല. ലേഖനകാര്യം ഓർമ്മിപ്പിക്കാൻ വീണ്ടും കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. കിട്ടിയില്ല. തിരിച്ചുവിളിച്ചുമില്ല. ഇല്ല, ആ ലേഖനം അദ്ദേഹം ഇനി എഴുതുകയില്ല.

ഞാനും കുഞ്ഞിമൂസയെപ്പോലൊരു തലശ്ശേരിക്കാരനാണ്. പത്തു വർഷത്തെ സീനിയോറിറ്റി അദ്ദേഹത്തിനുണ്ട്. 1966-ൽ 21 ാം വയസ്സിൽ അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകനായി എത്തിയിട്ടുണ്ട്. കുറച്ചു പത്രപ്രവർത്തനവും കുറെ രാഷ്ട്രീയ പ്രവർത്തനവും ആയിരുന്നു അന്നത്തേത്. പിന്നെയും പതിനഞ്ചു വർഷം കഴിഞ്ഞാണ് ഞാൻ എത്തുന്നത്. യൂണിയൻ സമ്മേളനങ്ങളിൽ കണ്ടു മുട്ടാറുണ്ടെങ്കിലും തലശ്ശേരി ബന്ധം പറഞ്ഞു പരിചയപ്പെടാനൊന്നും പോയിരുന്നില്ല. അദ്ദേഹം ചന്ദ്രികയിൽനിന്നു വിരമിച്ച ശേഷമാണ് അതിനു അവസരമുണ്ടായത്. ഞാൻ ചോദിച്ചു-നമ്മൾ തമ്മിൽ ആദ്യം കണ്ടത് എപ്പോൾ എവിടെ എന്നു ഓർമ്മയുണ്ടോ? അദ്ദേഹം സംശയത്തോടെ എന്നെ നോക്കി ഇല്ലെന്നു തലയാട്ടി. ഞാനതു വിവരിച്ചു.

എഴുപതുകളുടെ ആദ്യം വിദ്യാർത്ഥി പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തെ ചെന്നു കണ്ടിട്ടുണ്ട്. അദ്ദേഹം അന്നൊരു പ്രമുഖ എം.എസ്.എഫ് വിദ്യാർത്ഥി നേതാവാണ്. ഞാൻ ഒരു സാധാരണ വിദ്യാർത്ഥി മാത്രവും. വിമത ലീഗ് എന്നു വിളിച്ചിരുന്ന അഖിലേന്ത്യാ ലീഗിന്റെ വിദ്യാർത്ഥി സംഘടന. മുസ്ലിം ലീഗിൽ നിന്നു പിളർന്നു മാറിയ പാർട്ടിയാണ് അഖിലേന്ത്യാ ലീഗ്. അന്നു കുഞ്ഞിമൂസയെ ചെന്നു കണ്ടത് തലശ്ശേരി പട്ടണമദ്ധ്യത്തിലെ ഒരു വീട്ടിലാണ്. മുസ്ലിം ലീഗിന്റെ പ്രമുഖനായ നേതാവ് ചെറിയ മമ്മുക്കേയിയുടെ വീടാണ് അത്. വിമത ലീഗിന്റെ ഒരു സംസ്ഥാനതല നേതാവാണ് ചെറിയ മമ്മുക്കേയി. പാർട്ടിയിലെ ഒരു വലിയ ശക്തി ആയിരുന്നു അദ്ദേഹമെങ്കിലും തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാത്ത നേതാവായിരുന്നു. തലശ്ശേരി അഖിലേന്ത്യാ ലീഗിന്റെ ശക്തികേന്ദ്രമായത് അദ്ദേഹം കാരണമാണ്.

പെരിങ്ങളത്തെ കിരീടമില്ലാ രാജാവായിരുന്ന പി.ആർ കുറുപ്പിന്റെ സ്‌കൂൾ മാനേജ്‌മെന്റ് ഒരു വിദ്യാർത്ഥിയെ പിരിച്ചുവിട്ടതിന് എതിരെ സമരം നടക്കുന്നുണ്ടായിരുന്നു. എസ്.എഫ്.ഐയും വിമത എം.എസ്. എഫും സോഷ്യലിസ്റ്റ് വിദ്യാത്ഥി സംഘടനയും പരിവർത്തനവാദി വിദ്യാർത്ഥി സംഘടനയുമാണ് സമരത്തിലുണ്ടായിരുന്നു. പിരിച്ചുവിടലിനു എതിരെ തലശ്ശേരി ഡി.ഇ.ഓ ഓഫീസിനു മുന്നിൽ നടക്കുന്ന ഉപവാസസമര വേദിയിൽ പ്രസംഗിക്കുന്നതിനാണ് കുഞ്ഞിമൂസ ക്ഷണിച്ചത്. അദ്ദേഹം വരികയും ആവേശകരമായി പ്രസംഗിക്കുകയും ചെയ്തു. തമാശയൊന്നും ഒട്ടും ഇല്ലാത്ത പ്രസംഗമായിരുന്നു അതെന്നു ഓർക്കുന്നു. ഒരു പക്ഷേ, കുഞ്ഞിമൂസ എന്തിലും തമാശ കലർത്തിത്തുടങ്ങിയത് പിന്നീടെപ്പോഴോ ആയിരിക്കാം.

ഒരു കാര്യത്തിൽ പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തെ പിന്നിലാക്കാൻ മറ്റാർക്കും കഴിയില്ല. വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകൾ, ലേഖനങ്ങൾ ഇത്രയധികം എഴുതിയ മറ്റൊരാളില്ല. അദ്ദേഹം ആറായിരം വ്യക്തികളെക്കുറിച്ച് മരണശേഷമുള്ള അനുസ്മരണങ്ങൾ എഴുതിയതായി മാദ്ധ്യമറിപ്പോർട്ടുകളിൽ കണ്ടു. അവിശ്വനീയംതന്നെ. അരനൂറ്റാണ്ടു കാലം വർഷം തോറും നൂറും നൂറ്റമ്പതും കുറിപ്പുകൾ എഴുതിയാലേ ഈ എണ്ണം തികക്കാനാവൂ. അപരിചിതരെക്കുറിച്ചുള്ള ചരമറിപ്പോർട്ടുകളല്ല അവ. അദ്ദേഹത്തിന്റെ അസൂയാർഹമായ സൗഹാർദ്ദ ബന്ധങ്ങളുടെ തെളിവാണ് ഈ രചനകൾ. പരിചയപ്പെടുന്നവരെക്കുറിച്ചെഴുതാൻ അദ്ദേഹം ആൾ മരിക്കുന്നതു വരെ കാത്തുനിൽക്കാറില്ല! കാലിക്കറ്റ് ടൈംസ് പത്രത്തിൽ അറുനൂറോളം വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മിക്കതും ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ളതായിരുന്നു. അതൊരു സർവകാല റെക്കോഡ് തന്നെയാണ്, സംശയമില്ല.

പത്രപ്രവർത്തകൻ ഒരിക്കലും വിരമിക്കുന്നില്ല എന്നു പറയാറുണ്ട്. അപൂർവം ആളുകളുടെ കാര്യത്തിൽ മാത്രമേ അതു സത്യമാകാറുള്ളൂ. പലരും പത്രവായന പോലും ഉപേക്ഷിച്ച് ജീവിക്കുന്നതായി അറിയാം. കുഞ്ഞിമൂസ പത്രപ്രവർത്തകനും പൊതു പ്രവർത്തകനുമായിരുന്നു അവസാനദിവസം വരെ. ചെറുതും വലുതുമായ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം എല്ലായ്‌പ്പോഴും പത്രങ്ങളിൽ വായനക്കാരുടെ പംക്തികളിൽ എഴുതാറുണ്ട്. തികഞ്ഞ മതവിശ്വാസിയായിരിക്കവെ തന്നെ അദ്ദേഹം മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിന്നിരുന്നു. രാഷ്ട്രീയം പോലെ സൗഹൃദവും അദ്ദേഹത്തിനു മതേതരം ആയിരുന്നു. മാതൃഭൂമിയുടെ ഡപ്യൂട്ടി എഡിറ്ററായി വിരമിച്ച വി.എം. കൊറാത്തിനെക്കുറിച്ച് ചെറിയ ഒരു ജീവചരിത്രഗ്രന്ഥം എഴുതിയത് ഒരു ഉദാഹരണമാണ്. മാതൃഭൂമിയിൽനിന്നു വിരമിച്ച ശേഷം സംഘപരിവാർ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചുപോന്ന ആളായിരുന്നു കൊറാത്ത്. പക്ഷേ, അദ്ദേഹത്തിന്റെ മറ്റനേകം നന്മകൾ, ഇക്കാരണം കൊണ്ട് അവഗണിക്കപ്പെട്ടുകൂടാ എന്ന് കുഞ്ഞിമൂസ ഉറച്ചു വിശ്വസിച്ചു. മുസ്ലിം വിശ്വാസികൾക്കിടയിലുള്ള പല അന്ധവിശ്വാസങ്ങൾക്കും മത മൗലികവാദ പ്രവണതകൾക്കും എതിരെ ശബ്ദമുയർത്താൻ അദ്ദേഹം മടിച്ചിട്ടില്ല.

കുഞ്ഞിമൂസയുടെ എഴുത്തുകളിലും പ്രസംഗങ്ങളിലും തമാശയുടെ ഹാസ്യത്തിന്റെ അളവ് പ്രായത്തിനൊപ്പം കൂടിക്കൂടി വരുന്നതാണ് കണ്ടത്. പൊതുപ്രവർത്തനത്തിലെ ഗൗരവാംശങ്ങൾ അവഗണിച്ച് അദ്ദേഹം അവ തമാശകളാക്കി മാറ്റുന്നുണ്ടോ എന്നു പോലും ചിലപ്പോഴെല്ലാം തോന്നിയിട്ടുണ്ട്. അദ്ദേഹവും ഞാനും പങ്കാളികളായിരുന്ന ഗവ.ബ്രണ്ണൻ കോളജ് അലുംനി പോലുള്ള സംഘടനകളിൽ എല്ലാവരും കുഞ്ഞിമൂസയുടെ പ്രസംഗം വേണം എന്നു ആദ്യമേ ആവശ്യമുന്നയിക്കാറുണ്ട്. കാരണം, അവർക്ക് പൊട്ടിച്ചിരിക്കാൻ അദ്ദേഹത്തിന്റെ പ്രസംഗത്തിലേ അവസരം കിട്ടൂ. അല്ലാതെ, തമാശയല്ലാതെ അലുംനി സമ്മേളനത്തിൽ ഗൗരവമായി മറ്റെന്താണ് ഉണ്ടാവേണ്ടത് എന്നദ്ദേഹത്തിനു തോന്നിയിരിക്കാം. ബ്രണ്ണൻ കോളജ് അലുംനി സംഘടനയ്ക്ക് കോഴിക്കോട്ട് ബ്രാഞ്ച് ഉണ്ടാക്കാൻ മുൻകൈ എടുത്തത് കുഞ്ഞിമൂസ ആയിരുന്നു.

കോഴിക്കോടിനെയും തലശ്ശേരിയെയും കുറിച്ചുള്ള ഒരു സർവവിജ്ഞാന കോശമായിരുന്നു അദ്ദേഹം. ഗൗരവുമുള്ളതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. പലതും അദ്ദേഹത്തിന്റെ തന്നെ മൈത്രി ബുക്‌സ് ആണ് പ്രസിദ്ധപ്പെടുത്തിയത്. അദ്ദേഹം ഒരു ലേഖനമെങ്കിലും എഴുതിയിട്ടില്ലാത്ത ഒരു മലയാള ആനുകാലികം ഇല്ല എന്നു തന്നെ പറയാം. പൊതുപ്രവർത്തനവും എഴുത്തും ആരംഭിച്ച ശേഷം ഒരു മിനിട്ടും വെറുതെ ഇരിക്കാതെ മരണം വരെ ഇതു ചെയ്തുകൊണ്ടേ ഇരിക്കുകയായിരുന്നു കുഞ്ഞിമൂസ.

വലിയ ഉയരങ്ങൾ കയറിപ്പറ്റാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു, വലിയ അധികാരസ്ഥാനങ്ങൾ കയ്യടക്കി വലിയ വാഹനങ്ങളിൽ സഞ്ചരിക്കുന്ന പലരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. അദ്ദേഹം അവസാനം വരെയും ഒരു പഴയ സ്‌കൂട്ടറിൽ സഞ്ചരിച്ചു കൊണ്ടേ ഇരുന്നു. സൗഹാർദ്ദങ്ങളായിരുന്നു അദ്ദേഹത്തിന്റെ വലിയ സമ്പാദ്യം. അക്കാര്യത്തിൽ അതിസമ്പന്നനായിരുന്നു കെ.പി.കുഞ്ഞിമൂസ.

Next Story
Read More >>