പരസ്യമായ ശബ്ദം

നിരവധി പരസ്യചിത്രങ്ങൾക്ക് ശബ്ദം നൽകിയെങ്കിലും പുകവലിയെക്കുറിച്ചുള്ള പരസ്യം തനിക്കേറെ അനുഭവങ്ങൾ നൽകിയെന്ന് ഗോപൻ അനുസ്മരിച്ചിരുന്നു. നിരവധിപേർ ഈ പരസ്യം കണ്ട് പുകവലി നിർത്തുകയോ കുറയ്ക്കുകയോ ചെയതത് അംഗീകാരമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചെറുപ്പത്തിൽ താൻ ഒന്നാന്തരം പുകവലിക്കാരനായിരുന്നുവെന്ന സത്യവും ഗോപൻ മറച്ചുവച്ചില്ല. എഴുപതുകളിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ വന്നതോടെ പുകവലി പൂർണമായും നിർത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു.

പരസ്യമായ ശബ്ദംഗോപൻ

- ഡി.എസ്.പ്രമോദ്

തിരുവനന്തപുരം: തലമുറകളുടെ അന്തരമില്ലാതെ ചെവിയോർത്ത ശബ്ദമാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ ഗോപൻ എന്ന ഗോപിനാഥൻ നായരുടേത്. ആകാശവാണി വാർത്താ അവതാരകൻ എന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം പരസ്യചിത്രങ്ങൾക്കും ശബ്ദം നൽകി.

പഴയ തലമുറയ്ക്ക് ആകാശവാണിയിലെ വാർത്തകളിലൂടെ ഗോപനെ അറിയാം. ചാനലുകളൊന്നും സജീവമല്ലാത്ത കാലത്ത് ദേശീയ, അന്തർദ്ദേശീയ പ്രശ്‌നങ്ങൾ മുതൽ തൊട്ടടുത്തുള്ള പ്രാദേശിക സംഭവങ്ങൾ വരെ മലയാളി അറിഞ്ഞത് ഗോപന്റെ ഘന ഗാംഭീര്യ ശബ്ദത്തിലായിരുന്നു. പുകവലിക്കെതിരെയുള്ള സന്ദേശവുമായി സിനിമാ തീയേറ്ററുകളിലെത്തിയ പരസ്യചിത്രത്തിലെ ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും എന്ന പഞ്ച് ഡയലോഗിലൂടെ പുതുതലമുറയുടെ മനസ്സിലും ഗോപൻ ചേക്കേറി.

1962 മുതൽ 2001 വരെ ഡൽഹി ആകാശവാണി മലയാളം വിഭാഗത്തിലായിരുന്നു ഗോപൻ. ഇവിടെ നിന്നെത്തുന്ന ബുളളറ്റിനുകളിലൂടെയാണ് ഒരു കാലത്ത് മലയാളികൾ ലോകത്തിന്റെ സ്പന്ദനം അറിഞ്ഞത്. ആകാശവാണി ന്യൂഡൽഹി വാർത്തകൾ വായിക്കുന്നത് എന്ന് പറഞ്ഞുതുടങ്ങുമ്പോൾത്തന്നെ അത് ഗോപനാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞിരുന്നു.

ജവഹർലാൽ നെഹ്‌റുവിന്റെ മരണം മുതൽ രാജീവ് ഗാന്ധിയുടെ മരണം വരെ വേറിട്ട ശൈലികളിലൂടെ ശ്രോതാക്കളിലേക്ക് എത്തിച്ചതും ഗോപനാണ്. വാർത്തകളുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് എന്നാൽ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാനുള്ള ഗോപന്റെ കഴിവ് അനിതര സാധാരണമായിരുന്നു.

നിരവധി പരസ്യചിത്രങ്ങൾക്ക് ശബ്ദം നൽകിയെങ്കിലും പുകവലിയെക്കുറിച്ചുള്ള പരസ്യം തനിക്കേറെ അനുഭവങ്ങൾ നൽകിയെന്ന് ഗോപൻ അനുസ്മരിച്ചിരുന്നു. നിരവധിപേർ ഈ പരസ്യം കണ്ട് പുകവലി നിർത്തുകയോ കുറയ്ക്കുകയോ ചെയതത് അംഗീകാരമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചെറുപ്പത്തിൽ താൻ ഒന്നാന്തരം പുകവലിക്കാരനായിരുന്നുവെന്ന സത്യവും ഗോപൻ മറച്ചുവച്ചില്ല. എഴുപതുകളിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ വന്നതോടെ പുകവലി പൂർണമായും നിർത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരത്തെ റോസ്‌കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ഗോപന്റെ ജനനം. സി.വി.രാമൻപിള്ളയുടെ പേരമകളുടെ മകൻ. എം.എ പഠിച്ചിറങ്ങിയപ്പോൾ ചരിത്രാദ്ധ്യാപകനാകാൻ മോഹിച്ച് ഡൽഹിക്ക് വണ്ടികയറി. എന്നാൽ ലക്ഷ്യം നേടാനാകാത്തതിനാൽ മെയിൻ സ്ട്രീം എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിൽ ജോലിക്ക് കയറി.

അപ്പോഴാണ് ആകാശവാണി ഡൽഹി നിലയത്തിൽ അവതാരകന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ജോലി ലഭിച്ചു. ആദ്യശമ്പളം 300 രൂപ. ആദ്യവാർത്ത വായിക്കുമ്പോൾ പ്രായം 21 മാത്രം. പിന്നീടിങ്ങോട്ട് ഗോപൻ ആകാശവാണിയുടെ സ്വന്തമാകുകയായിരുന്നു ഒപ്പം മലയാളിയുടേയും.

Read More >>