ആദ്യ തെരഞ്ഞെടുപ്പിലെ കോട്ടയം പെരുമ

ആ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു രേഖപ്പെടുത്തിയത് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലായിരുന്നു. 80.5 ശതമാനം പോളിങ്ങാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്.

ആദ്യ തെരഞ്ഞെടുപ്പിലെ കോട്ടയം പെരുമ

1951 ഒക്ടോബർ 25 മുതൽ 52 മാർച്ച് 27 വരെയായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. വടക്കൻ അതിർത്തി പ്രദേശമായ, ഹിമാചലിലെ ചിനിയിൽ (ഇപ്പോൾ കിന്നൗർ) നിന്നാണ് വോട്ടെടുപ്പിന്റെ ആരംഭം. ചരിത്രത്തിലേക്ക് നടന്നുകയറിയ ആ വോട്ടിങ്ങിൽ പങ്കെടുത്ത ശ്യാം സാരങ് നേഗി എന്ന വോട്ടർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് നേഗിക്ക് നൂറു തികഞ്ഞത്. 'അടുത്ത തെരഞ്ഞെടുപ്പിന് ഞാനുണ്ടാകുമോ എന്നറിയില്ല, ഉണ്ടെങ്കിൽ വോട്ടു ചെയ്യണം'- ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഈയിടെ നേഗി പറഞ്ഞു.

ആ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു രേഖപ്പെടുത്തിയത് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലായിരുന്നു. 80.5 ശതമാനം പോളിങ്ങാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മദ്ധ്യപ്രദേശിലെ ഷഹദോളിൽ; 18 ശതമാനം.

കോൺഗ്രസ്സിന്റെ സി.പി മാത്യുവാണ് ഇവിടെ നിന്ന് സഭയിലെത്തിയത്. അന്ന് ട്രാവൻകൂർ-കൊച്ചിയുടെ ഭാഗമായിരുന്നു കോട്ടയം മണ്ഡലം. നാഗർകോവിൽ അടക്കം 13 മണ്ഡലങ്ങളാണ് ട്രാവൻകൂർ കൊച്ചിയിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരത്ത് 1896ൽ ജനിച്ച സി.പി മാത്യു മദ്രാസ് ക്രിസ്ത്യൻ കോളജിലെ തത്വശാസ്ത്ര പ്രൊഫസറായിരുന്നു. ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളജിൽ പ്രിൻസിപ്പളായി ജോലി ചെയ്യവെയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ക്രിസ്ത്യൻ കോളജിലെ മൂന്നാമത്തെ പ്രിൻസിപ്പളായിരുന്നു മാത്യു. ലോക്‌സഭാംഗമായിരിക്കെ യുനസ്‌കോയുടെ ജനറൽ കോൺഫറൻസിൽ പങ്കെടുത്തു. യു.എൻ അസംബ്ലിയിലേക്കുള്ള ഇന്ത്യൻ സംഘത്തിലും മാത്യു അംഗമായിരുന്നു. 1970 സെപ്തംബർ 24ന് മാത്യു അന്തരിച്ചു.

ആ വോട്ടെടുപ്പിലുണ്ടായ രസകരമായ സംഭവങ്ങൾ രാമചന്ദ്രഗുഹ എഴുതുന്നുണ്ട്. അസമിലെ ഗ്രാമീണ മേഖലയിൽ ഒരു മുസ്‌ലിം വയോധികൻ എത്തിയത് നെഹ്‌റുവിന് വോട്ടുചെയ്യാനായിരുന്നു. അതിനാവില്ലെന്ന് പ്രിസൈഡിങ് ഓഫീസർ പറഞ്ഞതോടെ അയാൾ നിരാശനായി തിരിച്ചുപോയി. മഹാരാഷ്ട്രയിലെ ബൂത്തിൽ ഒരു വനിതാ വോട്ടർ മരിച്ചുവീണു. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ശേഷം ലോക്‌സഭയിലേക്കു വോട്ടു ചെയ്യുന്നതിന്റെ മുമ്പായിരുന്നു മരണം.

ആ തെരഞ്ഞെടുപ്പ് വിജയകരമാക്കാൻ പോളിങ് ഉദ്യോഗസ്ഥരും കൈ മെയ് മറന്ന് പണിയെടുത്തു. ഹിമാചലിൽ ജില്ലാ മജിസ്‌ട്രേറ്റ് വിളിച്ച യോഗത്തിൽ പങ്കെടുക്കാനായി ഒരു പോളിങ് ഉദ്യോഗസ്ഥൻ ആറു ദിവസം നടന്നാണ് എത്തിയത്. ചെറിയ അനിഷ്ട സംഭവങ്ങളേ തെരഞ്ഞെടുപ്പിൽ റിപ്പോർട്ട് ചെയ്തുള്ളൂ. 1250 എണ്ണം മാത്രം. ഇതിൽ 817 ആൾമാറാട്ട കേസുകളായിരുന്നു.

17 കോടി വോട്ടർമാർക്കായി രാജ്യത്തുടനീളം 1,96,084 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. ഇതിൽ 27, 527 എണ്ണം സ്ത്രീകൾക്കു മാത്രവും. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമായി ജനവിധി തേടിയത് 17,500 സ്ഥാനാർത്ഥികൾ.

Read More >>