അംബേദ്കർ: കടപുഴകിയ വന്മരം

അംബേദ്കറെ തോല്‍പ്പിക്കാന്‍ നെഹ്റുവും കമ്യൂണിസ്റ്റ് നേതാവ് ഡാങ്കെയും പണിയെടുത്തു. നിരവധി തവണയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി നെഹ്റു ബോംബെയിലെത്തിയത്.

അംബേദ്കർ:   കടപുഴകിയ വന്മരം

ആദ്യ തെരഞ്ഞെടുപ്പിലെ ജനവിധി വന്നപ്പോള്‍ പാര്‍ലമെന്റിലെ 489 സീറ്റില്‍ 364 സീറ്റിലും വിജയിച്ചു. 3280 അസംബ്ലി സീറ്റുകളില്‍ 2247 ഇടത്തും വിജയിച്ചത് കോണ്‍ഗ്രസ് തന്നെ. പോര്‍ക്കളത്തിലിറങ്ങിയ മിക്ക പ്രധാനനേതാക്കളും വിജയം കണ്ടു. തെലങ്കാനയിലെ കമ്യൂണിസ്റ്റ് നേതാവ് രവി നാരായണ റെഡ്ഢിയുടെ വിജയമാണ് ഞെട്ടിച്ചത്. ആന്ധ്രയിലെ നാല്‍ഗോണ്ട മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ അദ്ദേഹം നെഹ്റുവിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് പാര്‍ലമെന്റിലെത്തിയത്. ഗാന്ധിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ സമരത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു റെഡ്ഢി.

ജയം റെഡ്ഢിയുടേത് ആയിരുന്നെങ്കില്‍ ഞെട്ടിച്ച തോല്‍വി ഭരണഘടനാ ശില്‍പ്പി ബി.ആര്‍ അംബേദ്കറുടേത് ആയിരുന്നു. ബോംബെ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചത് ചെറുകിട പാല്‍ക്കച്ചവടക്കരനായ നാരായണ്‍ സദോബ കജ്റോല്‍ക്കര്‍. അംബേദ്കറുടെ സഹയാത്രികന്‍ കൂടിയായിരുന്നു കജ്റോല്‍ക്കര്‍. അംബേദ്കറിന് 123576 വോട്ടും കജ്റോല്‍ക്കറിന് 137950 ഉം വോട്ടാണ് കിട്ടിയത്. 14374 വോട്ടിന്റെ കുറവ്.

അംബേദ്കറെ തോല്‍പ്പിക്കാന്‍ നെഹ്റുവും കമ്യൂണിസ്റ്റ് നേതാവ് ഡാങ്കെയും പണിയെടുത്തു. നിരവധി തവണയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി നെഹ്റു ബോംബെയിലെത്തിയത്. അംബേദ്കര്‍ ദേശവിരുദ്ധനാണ് എന്നായിരുന്നു ഡാങ്കെയുടെ ആരോപണം. പട്ടികജാതിക്കാര്‍ക്കും മുസ്ലിംകള്‍ക്കും പ്രത്യേകം മണ്ഡലങ്ങള്‍ വേണമെന്ന ആശയത്തെ അംബേദ്കര്‍ പിന്തുണയ്ക്കുന്നതായി ഡാങ്കെയുടെ നേതൃത്വത്തില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ പറഞ്ഞിരുന്നു.

തോല്‍വിക്കു ശേഷം അംബേദ്കര്‍ രാജ്യസഭയിലെത്തി. രണ്ടു വര്‍ഷത്തിന് ശേഷം 54ല്‍ മഹാരാഷ്ട്രയിലെ ബന്ദാര മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വീണ്ടും ജനവിധി തേടിയെങ്കിലും അവിടെയും തോറ്റു.

കോണ്‍ഗ്രസ്സില്‍ ഗാന്ധിജിക്ക് മാത്രമാണ് അംബേദ്കറോട് അല്‍പ്പമെങ്കിലും മമതയുണ്ടായിരുന്നത്. ഗാന്ധിജിയുടെ അഭ്യര്‍ത്ഥനയിലാണ് ആദ്യ നെഹ്റു മന്ത്രിസഭയില്‍ അംബേദ്കറിന് ഇടം ലഭിക്കുന്നത്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അംബേദ്കര്‍ പിന്നീട് രാജിവയ്ക്കുകയും ചെയ്തു. മന്ത്രിസഭയില്‍ താന്‍ അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

കോണ്‍ഗ്രസ് ആദ്യമായല്ല അംബേദ്കറെ 'വേണ്ടെന്നു' വയ്ക്കുന്നത്. അദ്ദേഹം ഭരണഘടനാ നിര്‍മാണ സഭയിലെത്തിയത് മുസ്ലിംലീഗിന്റെ പിന്തുണയിലാണ്; ബംഗാളില്‍ നിന്ന്. സര്‍വേന്ത്യാ മുസ്ലിംലീഗ് നേതാവായിരുന്ന ഹുസൈന്‍ ഷഹീദ് സുഹ്റവര്‍ദിയാണ് അംബേദ്കറിനെയും ഗോത്ര നേതാവ് ജോഗീന്ദര്‍ നാഥ് മണ്ഡലിനെയും ബംഗാളില്‍ നിന്ന് ഉപരിസഭയിലെത്തിച്ചത്. രണ്ടു സീറ്റും മുസ്ലിംലീഗിന്റേതായിരുന്നു എന്നതാണ് ശ്രദ്ധേയം.

Read More >>