ആദ്യ പാര്‍ലമെന്റിലെ പെണ്ണുങ്ങള്‍

ആദ്യ പാർലമെന്റിലെ 489 അംഗങ്ങളിൽ 20 പേർ മാത്രമായിരുന്നു സ്ത്രീകൾ. പ്രാതിനിധ്യം സഭയുടെ 4.4 ശതമാനം മാത്രം. ലോക്‌സഭയിലും ഉപരിസഭയിലും പത്തു വീതം.

ആദ്യ പാര്‍ലമെന്റിലെ പെണ്ണുങ്ങള്‍

ആദ്യ പാർലമെന്റിലെ 489 അംഗങ്ങളിൽ 20 പേർ മാത്രമായിരുന്നു സ്ത്രീകൾ. പ്രാതിനിധ്യം സഭയുടെ 4.4 ശതമാനം മാത്രം. ലോക്‌സഭയിലും ഉപരിസഭയിലും പത്തു വീതം. ദീർഘകാലം മഹാത്മാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന രാജ്കുമാരി അമൃത് കൗർ, കിസാൻ മസ്ദൂർ പ്രജാ പാർട്ടി നേതാവ് സുചേത കൃപലാനി, നെഹ്‌റുവിന്റെ അനന്തരവൻ ഷാംലാലിന്റെ ഭാര്യ ഉമാ നെഹ്‌റു, സാമൂഹ്യ പ്രവർത്തക പാലക്കാട്ടുകാരിയായ അമ്മു സ്വാമിനാഥൻ, സ്വാതന്ത്ര്യ സമരസേനാനിയും ആർ.ബി.ഐയുടെ ആദ്യ ഗവർണർ സി.ഡി ദേശ് മുഖിന്റെ ഭാര്യയുമായ ദുർഗാബായ് ദേശ് മുഖ്, തിരുവനന്തപുരത്തു നിന്ന് വിജയിച്ച ആനി മസ്‌ക്രീൻ എന്നിവരായിരുന്നു പ്രധാനപ്പെട്ടവർ. ആദ്യസഭയിൽ നാലു സ്ത്രീകളും മദ്രാസിൽ നിന്നായിരുന്നു എന്നതാണ് ശ്രദ്ധേയം.

ആനി മസ്‌ക്രീനായിരുന്നു കേരളത്തിൽ നിന്ന് ആദ്യമായി സഭയിലെത്തിയത്. ഭരണഘടനാ നിർമ്മാണസഭയിലെ അംഗം കൂടിയായിരുന്നു ഈ ലത്തീൻ കത്തോലിക്കക്കാരിയായ സ്വാതന്ത്ര്യ സമര നായിക. നിര്‍മ്മാണ സഭയിലെ 299 അംഗങ്ങളിൽ 15 പേർ മാത്രമായിരുന്നു വനിതകൾ. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ബീഗം ഇഅ്ജാസ് റസൂൽ, ദുർഗാഭായ് ദേശ്്മുഖ്, ഹൻസ ജിവ് രാജ് മേത്ത, കമല ചൗധരി, ലീലാ റോയ്, മാലതി ചൗധരി, പൂർണിമ ബാനർജി, രാജ്കുമാർ അമൃത് കൗർ, രേണുക റായ്, സരോജിനി നായിഡു, സുചേത കൃപലാനി, വിജയലക്ഷ്മി പണ്ഡിറ്റ്, ആനി മസ്‌ക്രീൻ എന്നിവർ.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലൂടെയാണ് ആനി മസ്‌ക്രീൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കൂടെ അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ. തിരുവിതാംകൂർ ദിവാൻ സി.പി രാമസ്വാമിക്കെതിരെയുള്ള സമരത്തിൽ നിരവധി തവണ അറസ്റ്റു വരിച്ച് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പല തവണ രാജ്യദ്രോഹക്കുറ്റം വരെ ചുമത്തി ഭരണകൂടം. 1902ൽ തിരുവിതാംകൂറിൽ ജനിച്ച ഇവർ മഹാരാജാസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദമെടുത്തിട്ടുണ്ട്. കുറച്ചു കാലം സിലോണിൽ അദ്ധ്യാപികയായിരുന്നു.

1948-52 കാലയളവിൽ തിരുവിതാംകൂർ-കൊച്ചിൻ ലജിസ്ലേറ്റീവ് അസംബ്ലി അംഗമായി. 1949-50 കാലയവളിൽ ടി.കെ നാരായണപ്പിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആരോഗ്യ-ഊർജ്ജ മന്ത്രിയായി. തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ മന്ത്രി കൂടിയാണ് മസ്‌ക്രീൻ.