ഈച്ചര ഇയ്യാണി മുതല്‍ എ.കെ.ജി വരെ ഒന്നാം സഭയിലെ മദിരാശി കേരളീയര്‍

1951ൽ കേരളം രൂപീകരിക്കപ്പെട്ടിരുന്നില്ല. മദ്രാസ്, തിരുവിതാംകൂർ-കൊച്ചി ഭാഗങ്ങളിലായാണ് കേരളം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഈച്ചര ഇയ്യാണി മുതല്‍ എ.കെ.ജി വരെ  ഒന്നാം സഭയിലെ മദിരാശി കേരളീയര്‍

1951ൽ കേരളം രൂപീകരിക്കപ്പെട്ടിരുന്നില്ല. മദ്രാസ്, തിരുവിതാംകൂർ-കൊച്ചി ഭാഗങ്ങളിലായാണ് കേരളം തെരഞ്ഞെടുപ്പിനെ നേരിട്ടത്. മദ്രാസിനു കീഴിൽ ആന്ധ്രയിലെ പാദപട്ടണം തൊട്ട് കേരളത്തിലെ പൊന്നാനി വരെ 62 മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. ഇതിൽ ഇപ്പോഴത്തെ കേരളത്തിന്റെ ഭാഗമെന്നു പറയാവുന്നത് കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പൊന്നാനി (സംവരണം) മണ്ഡലങ്ങൾ മാത്രം.

കാസർകോട് ജില്ലയിലെയും കർണാടകത്തിലെയും ചില പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു ദക്ഷിണ കനറ (തെക്ക്) മണ്ഡലം. ഇവിടെ നിന്ന് ബി. ശിവറാവുവാണ് ലോക്‌സഭയിലെത്തിയത്. മാഞ്ചസ്റ്റർ ഗാഡിയന്റെയും ദ ഹിന്ദുവിന്റെയും കറസ്‌പോണ്ടന്റായിരുന്നു മംഗലാപുരം സ്വദേശിയായ റാവു. കിറ്റി വെഴ്സ്റ്റൻഡിഗ് എന്ന ഓസ്‌ട്രേലിയക്കാരിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഭരണഘടനയെ കുറിച്ച് ആഴത്തിൽ അറിവുണ്ടായിരുന്ന അദ്ദേഹം ഏഴിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1947 മുതൽ അമ്പതു വരെ യു.എന്നിലെ ഇന്ത്യൻ സംഘത്തെ നയിച്ചതും ശിവറാവുവായിരുന്നു.

കണ്ണൂരിൽ നിന്ന് സി.പി.ഐ ടിക്കറ്റിൽ സഭയിലെത്തിയ എ.കെ ഗോപാലനാണ് (എ.കെ.ജി) 'മദിരാശി കേരള'ത്തിലെ രണ്ടാമൻ. എ.കെ.ജി കാസർകോട് മണ്ഡലത്തിൽ നിന്നാണ് ആദ്യസഭയിലെത്തിയത് എന്ന തെറ്റിദ്ധാരണയുണ്ട്. 1957ൽ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷമാണ് കാസർകോട് മണ്ഡലം രൂപീകരിക്കപ്പെടുന്നത്. സഭയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു എ.കെ.ജി. 16 അംഗങ്ങളാണ് ആദ്യസഭയിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നത്. തലശ്ശേരിയിലും കോഴിക്കോട്ടും പൊന്നാനിയിലും ജയിച്ചത് കെ.എം.പി.പി (കിസാൻ മസ്ദൂർ പ്രജാ പാർട്ടി)യാണ്.

തലശ്ശേരിയിൽ നെട്ടൂർ ദാമോദരനും കോഴിക്കോട്ട് കെ.എ ദാമോദര മേനോനും പൊന്നാനിയിൽ കെ.കേളപ്പനും. കേരള സാഹിത്യ പരിഷത്തിന്റെ പ്രധാന സംഘാടകനും മദ്രാസ് കേരള സമാജത്തിന്റെ പ്രഥമ സെക്രട്ടറിയുമായിരുന്നു നെട്ടൂർ. മദ്രാസ് കൃസ്ത്യൻ കോളജിലെ ആദ്യ യൂണിയൻ പ്രസിഡന്റായിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ടു വർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

മാതൃഭൂമി പത്രാധിപരായിരുന്നു കെ.എ ദാമോദര മേനോൻ. ബർമയിലെ പ്യാപ്പോൺ നഗരത്തിൽ സർക്കാർ സ്‌കൂളിൽ ജോലി നോക്കവെ ഗാന്ധിയിൽ ആകൃഷ്ടനായാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. സ്വാതന്ത്ര്യസമരകാലത്ത് പല തവണ ജയിലിൽ കിടന്നിട്ടുണ്ട്. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവായിരുന്നു കേളപ്പൻ. മാതൃഭൂമിയുടെയും സമദർശിയുടെയും പത്രാധിപരും.

പൊന്നാനി സംവരണ മണ്ഡലത്തിൽ വിജയിച്ച ഈച്ചര ഇയ്യാണി പാലക്കാട് ഹരിജൻസഭ സംഘാടകൻ ആയിരുന്നു. സിവിൽ സപ്ലൈസ് വകുപ്പിൽ ക്ലർക്കായി ജോലി ചെയ്യവെയാണ് സഭയിലേക്ക് മത്സരിക്കുന്നത്. മുസ്‌ലിംലീഗ് ടിക്കറ്റിൽ സഭയിലെത്തിയ ബി.പോക്കർ അഭിഭാഷകനായിരുന്നു. മലബാർ മുസ്‌ലിംകൾക്കിടയിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന് സഹായകരമായ കേരള മുസ്‌ലിം എജ്യുക്കേഷൻ അസോസിയേഷൻ സ്ഥാപിച്ചത് അദ്ദേഹമാണ്. ഭരണഘടനാ നിർമ്മാണ സഭാംഗമായിരുന്നു.

ഏറ്റവും രസകരമായ കാര്യം ഒന്നാം സഭയിലെ അംഗങ്ങളുടെ ജീവചരിത്രക്കുറിപ്പ് ചോദിച്ചപ്പോൾ ബി. പോക്കർ അത് അയച്ചില്ല എന്നതാണ്. അദ്ദേഹം അടക്കം 22 പേരാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന് ജീവചരിത്രക്കുറിപ്പ് അയക്കാതിരുന്നത്. അതിൽ കെ. കാമരാജ്, പുരുഷോത്തം ടാണ്ടൻ, ആർ.ജെ പരഞ്ജ്‌പെ, റഫി അഹ്മദ് കിദ്വായ് തുടങ്ങിയ പ്രമുഖരുമുണ്ട്.

Read More >>