കർഷകരും ന്യൂനപക്ഷങ്ങളും കോൺഗ്രസ്സിനെ തുണക്കുമോ

സംസ്ഥാനത്തെ കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളിലുള്ള മാറിമറിയലുകളിലും കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരത്തിലുമാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. കർഷക ആത്മഹത്യകളും മുസ്‌ലിംകൾക്കും ദലിതര്‍ക്കുമെതിരേ നടക്കുന്ന സർക്കാർ സ്‌പോൺസേഡ് ആക്രമണങ്ങളും വോട്ടാക്കി മാറ്റാനാണ് പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നത്‌

കർഷകരും ന്യൂനപക്ഷങ്ങളും കോൺഗ്രസ്സിനെ തുണക്കുമോ

ഹൈന്ദവ പുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജ്യത്തെ വടക്കൻ സംസ്ഥാനമാണ് ഹരിയാന. മഹാഭാരത യുദ്ധം നടന്നുവെന്ന് കരുതപ്പെടുന്ന കുരുക്ഷേത്ര എന്ന പ്രദേശം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇന്ത്യൻ ചരിത്രത്തിലെ മൂന്നു പ്രധാനപ്പെട്ട യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച പാനിപത്ത് എന്ന സ്ഥലം സ്ഥിതിചെയ്യുന്നതും ഹരിയാനയിൽ തന്നെ.

സ്വാതന്ത്ര്യത്തിനു ശേഷം പഞ്ചാബ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ഹരിയാന, 1966 നവംബർ ഒന്നിനാണ് മറ്റൊരു സംസ്ഥാനമായി മാറിയത്. ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശമാക്കി ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമാക്കി നിലനിർത്തി. ദേശീയ തലസ്ഥാന മേഖലയുടെ (എൻ.സി.ആർ) ഭാഗമായ ഫരീദാബാദ് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. എൻ.സി.ആറിലെ മികച്ച സാമ്പത്തിക കേന്ദ്രമായ ഗുഡ്ഗാവ് (ഗുരുഗ്രാം) ഹരിയാന സംസ്ഥാനത്തിന്റെ ഭാഗമാണ്. ഹരി, അയന എന്നീ സംസ്‌കൃത പദങ്ങൾ ചേർന്നാണ് ഹരിയാന എന്ന വാക്കുണ്ടായതെന്നാണ് ഒരു ഐതിഹ്യം. ദൈവത്തിന്റെ വാസസ്ഥലം എന്നാണ് ഇതിന് അർത്ഥം. മറ്റൊരു വാദ പ്രകാരം ഹരിത് (പച്ച), അരന്യ (കാട്) എന്നീ സംസ്‌കൃത പദങ്ങൾ ചേർന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

ഏഴു ഡിവിഷനുകളിലായി 22 ജില്ലകൾ അടങ്ങിയതാണ് ഹരിയാന. 83 ശതമാനത്തിന് മുകളിൽ ഹിന്ദുക്കളും എട്ടു ശതമാനം വരുന്ന മുസ്‌ലിംകളും അഞ്ചു ശതമാനം വരുന്ന സിഖ് മതക്കാരുമാണ് സംസ്ഥാനത്തെ പ്രധാന ജനവിഭാഗങ്ങൾ. നൂഹ് ജില്ലയിലാണ് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യയിലെ നല്ലൊരു വിഭാഗവും വസിക്കുന്നത്. പഞ്ചാബിനോട് ചേർന്നു സ്ഥിതിചെയ്യുന്ന സിർസ, ജിന്ദ്, ഫതേഹാബാദ്, കൈതാൽ, കുരുക്ഷേത്ര, അംബാല, പഞ്ച്കുല ജില്ലകളിലായാണ് സിഖ് മതക്കാർ താമസിക്കുന്നത്.

സമ്പദ്ഘടന

ഹരിയാനയുടെ സമ്പദ് ഘടനയുടെ മുഖ്യ പങ്കും സേവന മേഖലയിൽ നിന്നും വ്യവസായ മേഖയിൽ നിന്നുമാണ്. മൊത്തം സമ്പദ് ഘടനയുടെ 18 ശതമാനം മാത്രമാണ് കാർഷിക മേഖലയിൽ നിന്നുള്ളത്. പരമ്പരാഗതമായി കാർഷിക സമൂഹമാണ് ഹരിയാനയിലേത്. ഗോതമ്പ്, അരി, കരിമ്പ്, പരുത്തി, കടുക്, സൂര്യകാന്തി, ഉരുള കിഴങ്ങ്, ഉള്ളി, തക്കാളി, കോളിഫ്‌ളവർ എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കൃഷി. പ്രത്യേക ഇനം കന്നുകാലികൾക്ക് പ്രസിദ്ധമാണ് ഹരിയാന. കന്നുകാലി വളർത്തലിലൂടെ ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന നല്ലൊരു വിഭാഗം ജനങ്ങളും സംസ്ഥാനത്തുണ്ട്. മുർറ പോത്തുകളാണ് ക്ഷീരോൽപാദനത്തിനായി സംസ്ഥാനത്ത് ധാരാളമായി ഉപയോഗിക്കുന്നത്. ഹരിയാനവി, മേവാത്തി, സഹിവാൾ, നിലി രവി തുടങ്ങിയ തദ്ദേശീയ കന്നുകളെയും ധാരാളമായി ഉപയോഗിക്കുന്നു.

തെരഞ്ഞൈടുപ്പ് ചരിത്രം

90 നിയമസഭാ മണ്ഡലങ്ങളും 10 ലോക്‌സഭ മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. 90ൽ 17 നിയമസഭാ മണ്ഡലങ്ങളും എസ്.സി സംവരണ മണ്ഡലങ്ങളാണ്. 10 ലോക്‌സഭ മണ്ഡലങ്ങളിൽ സിർസ, അംബാല എന്നിവ സംവരണ മണ്ഡലങ്ങളാണ്.

2014ലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 90ൽ 47 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് കേവലം ഭൂരിപക്ഷം ലഭിച്ചു. ഇന്ത്യൻ നാഷണൽ ലോക് ദൾ 19 സീറ്റിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17 സീറ്റിലും ജയം നേടി. അകാലി ദൾ, ബി.എസ്.പി കക്ഷികൾ ഓരോ സീറ്റിലും കക്ഷിരഹിതർ അഞ്ചു സീറ്റിലും വിജയിച്ചു. മുഖ്യമന്ത്രിയായി മനോഹര്‍ലാല്‍ ഖട്ടാറിനെയാണ് ബി.ജെ.പി നിയോഗിച്ചത്. ലോക്ദള്‍ നേതാവ് അഭയ്സിങ് ചൗതാലയാണ് പ്രതിപക്ഷ നേതാവ്. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹുഡയാണ് കോണ്‍ഗ്രസ്സിന്റെ നിയമസഭാ കക്ഷിനേതാവ്.

2009ൽ നാലു സീറ്റുകൾ മാത്രമുണ്ടായിരുന്ന ബി.ജെ.പിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത്. 2005ലെ തെരഞ്ഞെടുപ്പിൽ 90ൽ 67 സീറ്റായിരുന്നു കോൺഗ്രസ്സിന്. 2000ൽ നടന്ന തെരഞ്ഞെടുപ്പിൽ ലോക്ദൾ 47 സീറ്റ് നേടി അധികാരത്തിലെത്തി. 1987ൽ നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ബി.ജെ.പിക്ക് പിറകിലായത്. അക്കുറി ബി.ജെ.പി 16 സീറ്റും കോൺഗ്രസ് അഞ്ചു സീറ്റിലും വിജയിച്ചു. 60 സീറ്റ് നേടിയ ലോക്ദൾ അധികാരത്തിലെത്തി. എന്നാൽ 1991ൽ കോൺഗ്രസ് ശക്തമായി തിരിച്ചുവന്നു. 51 സീറ്റിൽ വിജയിച്ച കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി.

ഉപതെരഞ്ഞെടുപ്പ് ഫലം

ഈ വർഷം ജനുവരിയിൽ ജിന്ദ് അസംബ്ലി മണ്ഡലത്തിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചു. കഴിഞ്ഞ രണ്ടു തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച ലോക്ദളിലെ ഹരി ചന്ദ് മിദ്ധയുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജനുവരി 28ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 21 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ ദേശീയ വക്താവുമായ രൺദീപ് സിങ് സുർജേവാല അടക്കമുള്ളവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പുകൾ

1991ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10ൽ ഒമ്പത് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. ഭിവാനി മണ്ഡലത്തിൽ നിന്ന് ഹരിയാന വികാസ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ജൻബിർ സിങ് വിജയിച്ചു. 1996ൽ കോൺഗ്രസ് രണ്ടു സീറ്റിൽ ഒതുങ്ങി. ബി.ജെ.പി നാലു സീറ്റിൽ വിജയിച്ചു. ഹരിയാന വികാസ് പാർട്ടി മൂന്നു സീറ്റും നേടി. സോനിപത്ത് സീറ്റിൽ കക്ഷിരഹിതനായി മത്സരിച്ച അരവിന്ദ് കുമാർ ശർമ്മ വിജയിച്ചു. 1998ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലോക്ദളിനായിരുന്നു മേൽകൈ, അവർ നാലു സീറ്റിലും കോൺഗ്രസ് മൂന്നു സീറ്റിലും വിജയിച്ചു. ബി.ജെ.പി ഒന്നിലൊതുങ്ങി.

ഹരിയാന വികാസ് പാർട്ടിയും ബി.എസ്.പിയും ഓരോ സീറ്റുകളിൽ വിജയിച്ചു. 1999ൽ കോൺഗ്രസ് സംപൂജ്യരായി. ബി.ജെ.പിയും ലോക്ദളും അഞ്ചു സീറ്റുകൾ വീതം പങ്കിട്ടെടുത്തു. 2004ൽ കോൺഗ്രസ് പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തി, 10ൽ ഒമ്പത് സീറ്റും നേടി. ബി.ജെ.പിക്ക് ഒരു സീറ്റിൽ മാത്രമെ വിജയിക്കാനായുള്ളു. 2009ലും കോൺഗ്രസ് വിജയം ആവർത്തിച്ചു.

കോൺഗ്രസ് 9 സീറ്റും നിലനിർത്തി. ബി.ജെ.പി സംപൂജ്യരായി. ശേഷിച്ച ഒരു സീറ്റിൽ ഹരിയാന ജൻഹിത് കോൺഗ്രസ് ടിക്കറ്റിൽ ഹിസ്സാർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഭജൻ ലാൽ വിജയിയായി. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളിൽ വിജയിച്ച് ബി.ജെ.പി മേൽകൈ നേടി. ലോക്ദൾ രണ്ടു സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.

ജാതി സമവാക്യങ്ങൾ

ജിന്ദ് അസംബ്ലി മണ്ഡലത്തിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് ബി.ജെ.പിയുടെ പ്രധാന പ്രതീക്ഷ. സംസ്ഥാനത്തെ കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളിലുള്ള മാറിമറിയലുകളിലും കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരവുമാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. കർഷക ആത്മഹത്യകളും മുസ്‌ലിംകൾക്കും ദലിതുകൾക്കുമെതിരെ നടക്കുന്ന സർക്കാർ സ്‌പോൺസേഡ് ആക്രമണങ്ങളും വോട്ടാക്കി മാറ്റാനാണ് പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നത്.

സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനം എസ്.സിയും 20 ശതമാനം ഒ.ബി.സി വിഭാഗങ്ങളുമാണ്. ബാക്കി 40 ശതമാനം ജാട്ട് സമുദായമാണ്. ബനിയ, ഖാത്രി, രജ്പുത്, ബ്രാഹ്‌മണ, ത്യാഗി വിഭാഗങ്ങൾ 10 ശതമാനത്തോളം വരും.