ആലത്തൂരിൽ ഇടതുകോട്ട ഉലയുമോ?

ഇടതുപക്ഷം ഏകപക്ഷീയമായി വിജയിക്കുന്ന ആലത്തൂർ ഇന്ന് കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഇവിടെ പ്രധാന എതിരാളികളുടെ പ്രകടനവും പ്രചാരണവും ശ്രദ്ധേയമാണ്

ആലത്തൂരിൽ ഇടതുകോട്ട ഉലയുമോ?

സ്വന്തം ലേഖകൻ

ഇടതുപക്ഷത്തിന് ഏറെ ആത്മവിശ്വാസമുള്ള മണ്ഡലമാണ് ആലത്തൂർ. മണ്ഡലത്തിൽ ഏറെയുള്ള സാധാരണക്കാരിലും കർഷകത്തൊഴിലാളികളിലും ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള പിന്തുണയാണ് ഈ ആത്മവിശ്വാസത്തിന് കാരണം. മൂന്നാവട്ടവും പി.കെ ബിജുവിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി(എൽ.ഡി.എഫ്) സ്ഥാനാർത്ഥിയായി അവസരം നൽകുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഇടതുചേരി പ്രതീക്ഷിക്കുന്നില്ല. വിജയമെന്ന ഉറച്ച ധാരണ കാരണമാണ് ആലത്തൂർ ഇലക്ഷൻ കൺവെൻഷൻ ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയത്. പക്ഷെ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥിയായി രമ്യ ഹരിദാസ് രംഗത്തെത്തിയതോടെ മണ്ഡലം എങ്ങോട്ട് ചായും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കോൺഗ്രസ് മത്സരിക്കും സി.പി.എം ജയിക്കും എന്ന പതിവിൽ നിന്നുമാറി ഒരുകൈ നോക്കാനുള്ള ആവേശം യു.ഡി.എഫ് പ്രവർത്തകരിലുമുണ്ട്.

കഠിനപാതകള്‍ താണ്ടിയ സ്ഥാനാര്‍ത്ഥി

ധാരണപ്രകാരം എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനാണ് ആലത്തൂർ. ടി.വി ബാബുവാണ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന എസ്.എൻ.ഡി.പി വോട്ടർമാരും ബി.ജെ.പി വോട്ടുകളുമാണ് ബി.ഡി.ജെ.എസിനെ പ്രസക്തമാക്കുന്നത്. ഇടതുപക്ഷം ഏകപക്ഷീയമായി വിജയിക്കുന്ന ആലത്തൂർ ഇന്ന് കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഇവിടെ പ്രധാന എതിരാളികളുടെ പ്രകടനവും പ്രചാരണവും ശ്രദ്ധേയമാണ്. കോൺഗ്രസ്സിലെ രമ്യ ഹരിദാസ് മണ്ഡലത്തിൽ അവരുടെ കഴിവും ചുറുചുറുക്കും പാട്ടുംകളിയും ഒക്കെയായി പ്രചാരണ രംഗത്ത് മുന്നേറുമ്പോൾ രമ്യക്കെതിരെ വിമർശനം മാത്രമല്ല പി.കെ ബിജുവിന്റെ ജീവിതത്തിലെ കഠിനപാതകൾ താണ്ടിയുള്ള വളർച്ചയുടെ ചരിത്രം വരെ ഇപ്പോൾ ആലത്തൂരിൽ പ്രചാരണവിഷയമാണ്.

ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച പി.കെ ബിജു മണ്ഡലം മുഴുവൻ ഒന്നാംഘട്ട പ്രചാരണം നടത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞതോടെ രമ്യ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥന തുടങ്ങി.

ഒന്നാംവട്ടം 20,960 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച ബിജു രണ്ടാംവട്ടം ഭൂരിപക്ഷം 37,312 ആയി ഉയർത്തി. അന്ന് ആലത്തൂർ മണ്ഡലത്തിൽ 20,000 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. എന്നിട്ടും ബിജുവിന് ഭൂരിപക്ഷം ഉയർത്താനായി. മണ്ഡലത്തിനു വേണ്ടി പാർലമെന്റിൽ ഏറ്റവും കൂടുതൽ വിഷയങ്ങൾ അവതരിപ്പിച്ചതും എം.പി ഫണ്ട് വിനിയോഗത്തിലൂടെ ഗതാഗത, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഇടപെടാൻ കഴിഞ്ഞതും നേട്ടമാണ്. നോട്ടയ്ക്ക് റെക്കോഡ് നൽകിയ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ ജയിച്ചത് എൽ.ഡി.എഫ് ആണെന്നതും ബിജുവിന് നേട്ടമാണ്. മണ്ഡലത്തിൽ കാണാൻ കിട്ടാത്ത എംപി എന്ന വിമർശനമാണ് ബിജു നേരിടുന്നത്. ആലത്തൂരിന്റെ വികസനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതും ചൂണ്ടിക്കാണിക്കുന്നു.


പുതുമുഖത്തിന്റെ ഉണര്‍വ്

അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസ് ആലത്തൂരിന്റെ സ്ഥാനാർത്ഥിയായി എത്തുന്നത്. മണ്ഡലത്തിൽ പറഞ്ഞുകേട്ടിരുന്ന സുനിൽ ആലൂർ, ഐ.എം വിജയൻ, കെ.എ തുളസി, ഷീബ തുടങ്ങിയ നിരയിൽ ഒരിക്കൽപോലും രമ്യയുടെ പേര് ഉണ്ടായിരുന്നില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ രമ്യ പാട്ടും പാടി പ്രസംഗിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ ഈ സംഗീത ബിരുദധാരി ആലത്തൂരിലെ വോട്ടർമാർക്കിടയിൽ ചിരപരിചിതയെപ്പോലെയായി.

മണ്ഡലത്തിലെ പതിവ് പരാജയം മറന്ന് പ്രവർത്തിക്കാനുള്ള ഉണർവ്വാണ് രമ്യയുടെ സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്. നിലവിൽ കോഴിക്കോട്ടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ രമ്യ രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ മുന്നിലെത്തിയ പ്രവർത്തകയാണ്.

ഒരുപക്ഷേ രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ആലത്തൂര്‍ സാമൂഹ്യമാദ്ധ്യമങ്ങളിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. രമ്യയുടെ പാട്ടിനെയും കലാപ്രകടനത്തെയും കുറിച്ചുള്ള ഫേസ്ബുക്ക് കമന്റുകള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. വിജയം പ്രതീക്ഷിച്ചെത്തിയ ഈ യുവ നേതാവിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ആലത്തൂര്‍ മണ്ഡലത്തിലെ ഇടതുപക്ഷ സ്വാധീനം തന്നെയാണ്. വ്യക്തിപ്രഭാവം കൊണ്ട്, നേരത്തെ ഒറ്റപ്പാലമായിരുന്ന ഇന്നത്തെ ആലത്തൂരിനെ കോൺഗ്രസ് പക്ഷത്തെത്തിച്ച കെ.ആർ നാരായണന്റെ കഴിവ് രമ്യയുടെ ചെറുപ്പത്തിനും ചുറുചുറുക്കിനും ഉണ്ടാവുമോ എന്നാണ് കാണാനുള്ളത്. ഒറ്റപ്പാലത്തു നിന്നു ജയിച്ചുപോയ കെ.ആര്‍ നാരാണയന്‍ പിന്നീട് ഇന്ത്യയുടെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി മാറി.

പുലയർ മഹാസഭയുടെ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.വി ബാബു ബി.ഡി.ജെ.എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ആലത്തൂരിന്റെ വികസനത്തിനായി ഇതുവരെയുള്ളവർക്ക് ഒന്നുംചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് ബാബുവിന്റെ പ്രചാരണ വിഷയം. വടക്കാഞ്ചേരി ഒഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫ് പക്ഷത്താണ്.

Read More >>