വാളയാര്‍, അട്ടപ്പാടി വഴി പന്തീരാങ്കാവ്, കേരള പൊലീസ് പിണറായിക്ക് ഭാരമാകുന്നോ?

പ്രതിഛായയ്ക്കു മങ്ങലേല്‍ക്കുന്ന നടപടികള്‍ ഒന്നിനു പിറകെ മറ്റൊന്നായി സംഭവിക്കുന്നത് പാര്‍ട്ടി നേതൃത്വത്തില്‍ അസ്വസ്ഥതയ്ക്കു കാരണമായിട്ടുണ്ട്.

വാളയാര്‍, അട്ടപ്പാടി വഴി പന്തീരാങ്കാവ്, കേരള പൊലീസ് പിണറായിക്ക് ഭാരമാകുന്നോ?

സി.വി ശ്രീജിത്ത്

ആദ്യം വാളയാര്‍. രണ്ടു പെണ്‍മക്കളുടെ ദുരൂഹമായ മരണത്തില്‍(കൊലപാതകമെന്നു മാതാപിതാക്കള്‍) പ്രതികള്‍ കുറ്റവിമുക്തരായി വിലസുന്നു. അടുത്തത്- അട്ടപ്പാടിയില്‍ നാലു മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊല്ലുന്നു. ആത്മരക്ഷാര്‍ത്ഥം പൊലീസ് വെടിയുതിര്‍ത്തതെന്നു പൊലീസ് വിശദീകരിച്ചെങ്കിലും വ്യാജ ഏറ്റുമുട്ടലെന്നു സി.പി.ഐ ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. പട്ടികയിലവസാനം, പന്തീരാങ്കാവില്‍ ലഘുലേഖ കൈവശം വെച്ചതിനു രണ്ടു പാര്‍ട്ടി സഖാക്കളെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു. ഇതാവട്ടെ ഭരണമുന്നണിയിലും പ്രതിപക്ഷത്തും ഒരു പോലെ പ്രതിഷേധത്തീയുയര്‍ത്തിയ സംഭവം. മൂന്നിടത്തും പ്രതികൂട്ടില്‍ ആഭ്യന്തര വകുപ്പുതന്നെ. ഇതും മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചനയെന്നു പച്ചകുത്തി തള്ളിക്കളഞ്ഞേക്കാം. അപ്പോഴും, സമീപകാല സംഭവങ്ങള്‍ ഇടതുമുന്നണിയെ, വിശിഷ്യാ സി.പി.എമ്മിനെ ചിലതു പഠിപ്പിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൂടാ.

ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്തെ അട്ടിമറി ജയത്തിലൂടെ ആത്മവിശ്വാസത്തിന്റെ കൊടിമുടിയില്‍ വിരാജിക്കുമ്പോഴാണ് ഇടിത്തീ പോലെ വാളയാറിലെ പോക്‌സോ കേസ് വിധി ഇടതു സര്‍ക്കാരിനു മേല്‍ പതിച്ചത്. രണ്ടു കുഞ്ഞുപെണ്‍മക്കള്‍ മരണപ്പെട്ട കേസ് പ്രൊസിക്യൂഷനും പൊലീസും ചേര്‍ന്നു സുന്ദരമായി തോറ്റുകൊടുത്തു എന്ന ആരോപണം പിണറായി സര്‍ക്കാരിനു കളങ്കമായി. കേസിനാസ്പദമായ സംഭവം നടന്നതും വിചാരണ പൂര്‍ത്തിയാക്കിയതും വിധി പ്രസ്താവിച്ചതും പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ. സംഭവം നടന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ഇപ്രകാരമായിരുന്നു-ഇരകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍, കേസില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. പ്രതികളെ എല്ലാവരെയും വെറുതെ വിട്ടതിനു പിറ്റേദിവസം നിയമസഭയിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇരകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഇതുപക്ഷെ, പ്രതിപക്ഷത്തിനോ പൊതുസമൂഹത്തിനോ വിശ്വാസ്യമായ പ്രസ്താവനയായിരുന്നില്ല. കേസില്‍ മനപൂര്‍വ്വമായ തോറ്റുകൊടുക്കലുണ്ടായി എന്ന ആരോപണം ശക്തിപ്പെട്ടു.

രണ്ടു പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാക്കാനും പീഡനശ്രമം തെളിയാതിരിക്കാനും പൊലീസ് ഒത്തുകളിച്ചു എന്ന വിമര്‍ശനം ശക്തിപ്പെട്ടു. പ്രതികളുമായുള്ള സി.പി.എം ബന്ധത്തെ ചൊല്ലിയും വിവാദം തലപൊക്കി. പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെ ശിശു ക്ഷേമ സമിതി ചെയര്‍മാനാക്കിയതു പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നല്‍ വ്യാപകമായതോടെ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു. വിഷയം നിയമസഭയിലും എത്തി. സി.ബി.ഐ അന്വേഷണം വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ അതു പൂര്‍ണമായി നിഷേധിക്കാതെ, അംഗീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയിലും, എന്തുസഹായത്തിനും സര്‍ക്കാര്‍ ഒരുക്കമാണെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. കേസിലുണ്ടായ വീഴ്ച പുനരന്വേഷത്തിലൂടെ പരിഹരിക്കാമെങ്കിലും സര്‍ക്കാരിനുണ്ടായ രാഷ്ട്രീയമായ തിരിച്ചടി അപരിഹാര്യമാണ്. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു കേസ് തീര്‍ത്തും ദുര്‍ബലമാക്കി കോടതിയുടെ പരിഗണനയ്‌ക്കെത്തിച്ചതു തന്നെ ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ്. രണ്ടു കുട്ടികളുടെയും പോസ്റ്റ്‌മോര്‍്ട്ടം റിപ്പോര്‍ട്ടോ, ഡോക്ടറുമാരുടെ മൊഴിയോ വേണ്ടവിധം തെളിവായി അവതരിപ്പിക്കാനാകാത്ത പ്രൊസിക്യൂഷനും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി.

വാളയാറിലെ പരുക്ക് ഭേദമാകും മുമ്പാണ് അട്ടപ്പാടിയില്‍ നാലു മാവോയിസ്റ്റുകള്‍ക്കെതിരായ വെടിശബ്ദം ഉയര്‍ന്നത്. തണ്ടര്‍ ബോള്‍ട്ടിന്റെ പതിവു പരിശോധനയ്ക്കിടെ അപ്രതീക്ഷിതമായി വെടിയുതിര്‍ത്ത മാവോയ്‌സ്റ്റുകള്‍ക്കെതിരെ തിരികെ വെടിവെച്ചപ്പോഴാണ് നാലുപേര്‍ മരിച്ചതെന്ന പൊലീസ് ഭാഷ്യം മുഖ്യമന്ത്രി അതേപടി നിയമസഭയിലും അവതരിപ്പിച്ചു. എന്നാല്‍ അതു വിശ്വസിക്കാന്‍ അധികമാളെ കിട്ടിയില്ല. എന്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും മുഖ്യമന്ത്രിയെ തള്ളി പരസ്യമായി രംഗത്തെത്തി. വ്യാജ ഏറ്റുമുട്ടല്‍ എന്ന ഗുരുതരമായ ആരോപണം, പ്രതിപക്ഷത്തിനു മുമ്പെ ഉന്നയിച്ച് കാനം സര്‍ക്കാരിനെ, മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കി. വ്യാജ ഏറ്റുമുട്ടലല്ലെന്നും മാവോവാദികളെ ന്യായീകരിക്കരുതെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും മണിവാസനുള്‍പ്പെടെ കൊല്ലപ്പെട്ടതില്‍ അടിമുടി ദുരൂഹത നിറഞ്ഞു നില്‍ക്കുകയാണ്. കീഴടങ്ങാന്‍ തയ്യാറായ, ശാരീരികമായി അവശതയിലായവരെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചിടുകയായിരുന്നു എന്ന ആരോപണത്തെ ബലപ്പെടുത്തുന്ന സാഹചര്യത്തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച സി.പി.ഐ സംഘത്തിന്റെ നിഗമനവും മറ്റൊന്നല്ല. . സ്വന്തം ഘടകകക്ഷിയെ പോലും വിശ്വസിപ്പിക്കാന്‍ കഴിയാത്ത തരത്തിലേക്കു മാവോയിസ്റ്റുകള്‍ക്കെതിരായ വെടിവെപ്പു മാറിയത് ആഭ്യന്തര വകുപ്പിനെ വെട്ടിലാക്കി.

കാനം രാജേന്ദ്രനും സി.പി.ഐക്കാരും പറയുന്നതു അവിശ്വസിക്കണോ മുഖ്യമന്ത്രി പറയുന്നതു മാത്രമാണോ ശരി തുടങ്ങിയ ചിന്തകള്‍ സ്വാഭാവികമായും ഉയരുന്നു. ജുഡീ്ഷ്യല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിച്ചത് സ്വാഭാവികം. പൊലീസ് മന്ത്രിയെന്ന നിലയ്ക്കു അതല്ലാതെ വഴിയില്ല. എന്നാല്‍ ചില രാഷ്ട്രീയ, ധാര്‍മ്മിക, നൈതിക പ്രശ്‌നങ്ങള്‍ കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. അതു ചോദ്യം ചെയ്യപ്പെടാനിടയാക്കിയതിലും ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ക്കു ഒരളവോളം പങ്കുണ്ട്.

വെടിവെപ്പിന്റെ ആധികാരികതയില്‍ സംശയം ബലപ്പെടുന്നതിനിടയിലാണ്, കോഴിക്കോടു രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് മാവോയിസ്റ്റ് ബന്ധമാരോപിച്ചു അറസ്റ്റു ചെയ്തു തുറുങ്കിലടച്ചത്. ലഘുലേഖ കൈവശം വെച്ചു എന്ന കാരണത്താല്‍ അവര്‍ക്കെതിരെ ചുമത്തിയ കുറ്റം യു.എ.പി.എ പ്രകാരമുള്ള വകുപ്പുകളാണ്. സി.പി.എം തുടക്കം മുതല്‍ യു.എ.പി.എയ്ക്ക് എതിരാണ്. അതു കരിനിയമമെന്ന പ്രചാരണമാണ്, ദേശീയ തലത്തില്‍ പാര്‍ട്ടി നടത്തുന്നത്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് രണ്ടു യുവാക്കളെ അതേ നിയമം ഉപയോഗിച്ച് ജയിലിലടച്ചത്. വ്യാപക പ്രതിഷേധത്തിനാണ് സംഭവം വഴിവെച്ചത്. ഇക്കുറി പ്രതിഷേധം പുറത്തൊതുങ്ങിയില്ല. അലയൊലികള്‍ അകത്തും സജീവമായി. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ പൊലീസ് നടപടിക്കെതിരെ പരസ്യമായി രംഗത്തുവന്നു. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഒരുപക്ഷെ, അപൂര്‍വ്വമായ നടപടി. ഇവിടെയും ആഭ്യന്തര വകുപ്പു പ്രതികൂട്ടിലാണ്.

എന്തുകൊണ്ടാണ് സംസ്ഥാനത്തെ പൊലീസ് സേന നിരന്തരം സര്‍ക്കാരിനു തലവേദനകള്‍ സമ്മാനിക്കുന്നത്. ആരാണ് പൊലീസിനെ നയിക്കുന്നതും വഴിതെറ്റിക്കുന്നതും. എന്തായാലും പൊലീസിന്റെ പോക്കു പാര്‍ട്ടിക്കും സര്‍ക്കാരിനും എന്തിന് മുഖ്യമന്ത്രിക്കും പേരുദോഷമുണ്ടാക്കുന്നു എന്ന ആരോപണം എല്ലാ ഭാഗത്തുനിന്നും ഒരു പോലെ ഉയരുന്നുണ്ട്. പ്രതിഛായയ്ക്കു മങ്ങലേല്‍ക്കുന്ന നടപടികള്‍ ഒന്നിനു പിറകെ മറ്റൊന്നായി സംഭവിക്കുന്നത് പാര്‍ട്ടി നേതൃത്വത്തില്‍ അസ്വസ്ഥതയ്ക്കു കാരണമായിട്ടുണ്ട്. ഈ ഘട്ടത്തിലെങ്കിലും ആത്മപരിശോധനയ്ക്കു മുഖ്യമന്ത്രി തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് സ്വന്തം പാര്‍ട്ടിഅണികള്‍ പോലും. പൊലീസ് മന്ത്രിയെന്ന നിലയില്‍ സേനയെ തള്ളിക്കളയുന്ന പ്രസ്താവന അദ്ദേഹത്തില്‍ നിന്നുണ്ടാകുമെന്നു ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, പേരുദോഷമുണ്ടാക്കുന്ന നടപടി ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരും ആവശ്യപ്പെടുന്നു.

Next Story
Read More >>