തരൂരിന്റെ 'മോദി സ്തുതി'; അടഞ്ഞ അദ്ധ്യായത്തിലെ തുറന്ന പാഠങ്ങള്‍

തരൂരിന്റെ വസ്തുനിഷ്ഠവും കണക്കുകളും തെളിവുകളും ഉദ്ധരിച്ചുള്ളതുമായ ദീര്‍ഘമായ വിശദീകരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു തൃപ്തരാകാതെ വയ്യെന്ന സാഹചര്യമാണ്, വിശിഷ്യാ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. ആ സമ്മര്‍ദ്ദത്തിലാണ് ഖേദപ്പെടാതെ തന്നെ തരൂര്‍ വിഷയം അടഞ്ഞ അദ്ധ്യായമായത്

തരൂരിന്റെ മോദി സ്തുതി; അടഞ്ഞ അദ്ധ്യായത്തിലെ തുറന്ന പാഠങ്ങള്‍

അന്തര്‍ധാര/ സി.വി ശ്രീജിത്ത്

ഒടുവില്‍ കെ.പി.സി.സി തീരുമാനിച്ചു; മോദി സ്തുതിയുടെ പേരില്‍ ഡോ. ശശി തരൂരിനെതിരെ തുടര്‍ നടപടി വേണ്ടെന്ന്. അതിനര്‍ത്ഥം, വിവാദമായ പരാമര്‍ശങ്ങളുടെ പേരില്‍ വിശദീകരണം ചോദിച്ചതിനു തരൂര്‍ നല്‍കിയ മറുപടിയില്‍ പാര്‍ട്ടി തൃപ്തരാണ് എന്നാണ്. മോദിക്കെതിരെ താന്‍ പറഞ്ഞു എന്ന പേരില്‍ തനിക്കെതിരെ ആക്ഷേപിക്കപ്പെട്ട ആരോപണങ്ങള്‍ വസ്തുതാ പരമല്ലെന്നും അതു പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെ തെറ്റിദ്ധരിച്ചതാണെന്നും തരൂര്‍ വിശദീകരണത്തില്‍ ബോധിപ്പിച്ചിരുന്നു.

മാത്രവുമല്ല, കഴിഞ്ഞ കാലത്തു താന്‍ പാര്‍ലമെന്റിലും പുറത്തും വാക്കാലും എഴുത്താലും മോദിക്കും സംഘപരിവാരത്തിനും എതിരായി നടത്തിയ പോരാട്ടത്തിന്റെ പത്തിലൊന്നു പോലും കേരളത്തിലെ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയില്ലെന്നും തരൂര്‍ വിശദീകരിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ ജയറാം രമേശ്, മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായിരുന്ന മനു അഭിഷേക് സിംഗ്വി എന്നിവരുടെ അഭിപ്രാങ്ങളെ ട്വിറ്റര്‍ വഴി പിന്തുണച്ച തനിക്കെതിരെ, പരിഭ്രാന്തരായി പ്രകോപനം നടത്തേണ്ടേ സാഹചര്യം എന്തായിരുന്നു എന്നും തരൂര്‍ ലളിതമായി ചോദിച്ചിരുന്നു. ഇതിനെല്ലാം രണ്ടുവാക്കില്‍ 'അടഞ്ഞ അദ്ധ്യായം' എന്ന മറുപടിയാണ് പി.സി.സി നേതൃത്വം നല്‍കിയത്.

വിഷയം ഇവിടെ അവസാനിപ്പിക്കുന്നു എന്നര്‍ത്ഥം. അതേസമയം, ഇത്രമേല്‍ പ്രതിഷേധക്കാറ്റു വീശിയിട്ടും ഒരു വാക്കില്‍ പോലും ഖേദം പ്രകടിപ്പിക്കാത്ത തരൂരിന്റെ വിശദീകരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തൃപ്തിപ്പെട്ടത് എന്തുകൊണ്ടായിരിക്കാം എന്ന സ്വാഭാവിക ചോദ്യം ബാക്കിയാണ്.

ധൃതിപ്പെട്ടു നടപടികള്‍ അവസാനിപ്പിക്കാനുള്ള കാരണമെന്തെന്ന ചോദ്യത്തിനു ഉത്തരം ലളിതമാണ്; പാലായും പാണക്കാടും. ഉപതെരഞ്ഞെടുപ്പു ആസന്നമായ പാലായ്ക്കു മുമ്പില്‍ തരൂരിന്റെ വിഷയം ചര്‍ച്ചയാക്കാന്‍ പാര്‍ട്ടിയോ മുന്നണിയോ ആഗ്രഹിക്കുന്നില്ല. തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നടക്കുന്ന ചര്‍ച്ചകള്‍ പാലായില്‍ പ്രതിഫലിക്കുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നിര്‍ണായക സ്വാധീനമുള്ള മണ്ണാണ് പാല. മോദി സ്തുതിയുടെ രാഷ്ട്രീയത്തെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ പാലായിലെ പള്ളിയും പട്ടക്കാരും പിണങ്ങും. അതു പൊല്ലാപ്പാകും.

ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിക്കഴിഞ്ഞ മണ്ഡലത്തില്‍ മോദിയുടെ പേരിലെ തര്‍ക്കം പടരുന്നത് ഒട്ടും ഗുണകരമല്ലെന്നു മാത്രമല്ല, തിരിച്ചടിക്കു കാരണവുമായേക്കാം. പാലാ മാത്രമല്ല, പിന്നാലെ വരുന്ന വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും ഈ ആപത്തു വിടാതെ പിന്തുടര്‍ന്നേക്കാം. അതാണ് വിഷയം, ചര്‍വ്വിത ചര്‍വ്വണമാക്കാതെ ഒത്തുതീര്‍പ്പിലെത്തിച്ചതിന്റെ ഒരു കാരണം. മറ്റൊന്നു മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടലാണ്.

ആകവേ മുങ്ങി നില്‍ക്കുന്ന, അത്യന്തം അപകടകരമായ രാഷ്ട്രീയ പരിസരത്തു നിന്ന്, തരൂരിനെ പോലൊരാളെ മറുകണ്ടം ചാടിക്കുന്ന തരത്തിലുള്ള ഒരു വിവാദത്തിനും വെള്ളം വെയ്ക്കരുതെന്നു ലീഗ് നേതൃത്വത്തിനു നിര്‍ബന്ധമുണ്ട്. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഈ ആവശ്യമുണര്‍ത്തി പ്രസ്താവന നടത്തുകയും ചെയ്തു. പാര്‍ലമെന്റില്‍ സംഘവിരുദ്ധ രാഷ്ട്രീയത്തെ നിശിതവും വസ്തുനിഷ്ഠവുമായി വിമര്‍ശിക്കുന്ന തരൂരിന്റെ പ്രകടനം ലീഗു നേരിട്ടു കണ്ടതാണ്. ഇംഗ്ലീഷിലും, ചില നേരത്തു ഹിന്ദിയിലും തരൂരിന്റെ പ്രകടനത്തിനു മുന്നില്‍ ഭരണപക്ഷം നിഷ്പ്രഭമാകാറുമുണ്ട്. മോദിക്കെതിരെ ബലാബലത്തിനു പറ്റിയ ആശയദൃഢതയും വാക്ചാതുരിയുമുള്ള തരൂരിനെ പോലുള്ളവര്‍ പ്രതിപക്ഷ നിരയിലുണ്ടാവണമെന്നു ലീഗ് ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാനുമൊക്കില്ല.

മേല്‍ വിവരിച്ച രണ്ടു പ്രധാന കാരണങ്ങള്‍ക്കപ്പുറം സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചില അന്തര്‍ധാരകളും തരൂരിനെതിരെ ഉറഞ്ഞുതുള്ളിയവരെ നിശബ്ദരാക്കി. തരൂരിനെതിരെ കെ. മുരളീധരനും ടി.എന്‍ പ്രതാപനും ബെന്നി ബെഹന്നാനുമാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. മുരളീധരന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തരൂരിനു ബി.ജെ.പിയിലേക്കു പോകാനുള്ള വഴിയും കാട്ടികൊടുത്തു.

എന്നാല്‍ ഇതൊന്നും ഇഷ്ടപ്പെടാത്ത, ഇത്തരം പ്രകോപനങ്ങളെ പ്രോത്സാഹിപ്പിക്കാത്ത നിലപാടിലായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അമിതാവേശത്തിനു ഉമ്മന്‍ചാണ്ടി നിന്നില്ല. രാഷ്ട്രീയ സാഹചര്യം ഇത്തരം ആവേശപ്രകടനങ്ങള്‍ക്കു പറ്റിയതല്ലെന്നു ഉമ്മന്‍ചാണ്ടിക്കറിയാം. ദേശീയ രാഷ്ട്രീയവും സംഘടനാ സംവിധാനവും തീര്‍ത്തും പ്രതികൂലമാണ്. പാര്‍ട്ടിയില്‍ നിന്നു അകന്നവരെ തിരികെ എത്തിക്കാനുള്ള നേതൃപരമായ ഇടപെടല്‍ നടത്തേണ്ട അവസരമാണിത്. മോദിയിലേക്കുള്ള ഒഴുക്കു തടയാനാണ് ശ്രമിക്കേണ്ടത്.

പകരം പരമാവധി പേരെ ആട്ടിപ്പായിക്കുന്ന സമീപനം ആത്മഹത്യാപരമാണെന്നു ഉമ്മന്‍ചാണ്ടിക്കു നന്നായറിയാം. ഒരു വിശദീകരണത്തില്‍ അവസാനിപ്പിക്കേണ്ട വിഷയം പ്രകോപനത്തിനും, പരിധിവിട്ട ആക്ഷേപത്തിനു വഴിമരുന്നാക്കിയതില്‍ ചാണ്ടിക്കുള്‍പ്പെടെ കടുത്ത അതൃപ്തിയുണ്ട്. ഉമ്മന്‍ ചാണ്ടി മാത്രമല്ല, കെ. സുധാകരനും, കെ.വി തോമസിനും, വി.ഡി സതീശനെ പോലുള്ള രണ്ടാ നിര നേതാക്കള്‍ക്കും തരൂരിനെതിരെ പരസ്യമായി ആക്ഷേപം ചൊരിഞ്ഞ നടപടിയില്‍ നീരസമുണ്ട്. അതു പരസ്യമാക്കാത്തതു സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്.

തരൂരിന്റെ വസ്തുനിഷ്ഠവും കണക്കുകളും തെളിവുകളും ഉദ്ധരിച്ചുള്ളതുമായ ദീര്‍ഘമായ വിശദീകരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു തൃപ്തരാകാതെ വയ്യെന്ന സാഹചര്യമാണ്, വിശിഷ്യാ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. ആ സമ്മര്‍ദ്ദത്തിലാണ് ഖേദപ്പെടാതെ തന്നെ തരൂര്‍ വിഷയം അടഞ്ഞ അദ്ധ്യായമായത്.

Next Story
Read More >>