പടയ്‌ക്കൊരുങ്ങി യു.എസ്

യുദ്ധം ഉണ്ടാകുന്നപക്ഷം ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തയ്യാറാകുമെന്ന് ഉറപ്പാണ്. ഇത് ലോകരാഷ്ട്രങ്ങളുടെ എണ്ണ വ്യാപാരത്തെ പ്രതിരോധത്തിലാക്കും. ഇറാനിൽ കൈപൊള്ളിയാണ് ജിമ്മികാർട്ടർക്ക് രണ്ടാംമൂഴം നഷ്ടമായതെന്ന കാര്യം ട്രംപ് ഓർക്കുമെന്ന് കരുതാം. പെട്ടെന്ന് ഒരു യുദ്ധത്തിനുള്ള സാധ്യത ആരും കാണുന്നില്ലെങ്കിലും ബുഷ് ഭരണകൂടം ഇറാഖിനെ വരിഞ്ഞുകെട്ടിയതുപോലെ ഇപ്പോൾ ട്രംപും ഇറാനെ വരിഞ്ഞുകെട്ടുകയാണെന്നും അത് യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്നുമുള്ള വിലയിരുത്തലുകളും ശക്തമാണ്‌

പടയ്‌ക്കൊരുങ്ങി യു.എസ്

ലോക രാഷ്ട്രങ്ങൾക്കുമേൽ ആധിപത്യം ഉറപ്പിക്കാനുള്ള യു.എസ്സിന്റെ ശ്രമങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ഇറാനെയും ചൈനയേയും വരിഞ്ഞുമുറുക്കി ഉറക്കെച്ചിരിക്കുന്ന യു.എസ്, മറ്റ് രാജ്യങ്ങൾക്ക് ഭീതി പകരുന്നുണ്ട്. ഇറക്കുമതി തീരുവ ഉയർത്തി ചൈനയെ തളർത്താൻ വീണ്ടും വീണ്ടും ശ്രമിക്കുമ്പോൾ ഇറാനുനേരെ യുദ്ധമെന്ന ഭീഷണിയാണ് യു.എസ് പ്രയോഗിക്കുന്നത്.

2015ൽ ഇറാനുമായി യു.എസ് ഉൾപ്പെടെ ആറ് ലോകശക്തികൾ ഒപ്പിട്ട ആണവകരാറിൽ നിന്ന് ഏകപക്ഷീയമായി യു.എസ് പിൻമാറിയതോടെയാണ് നിലവിലെ പ്രശ്‌നങ്ങളുടെ തുടക്കം. സൗദി അറേബ്യയുടെയും യു.എ.ഇയുടെയും എതിർപ്പു വകവയ്ക്കാതെയാണ് 2015ൽ ബറാക് ഒബാമ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. ഇതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള യു.എസ് ബന്ധത്തിന്റെ ഗതി മാറി. അധികാരത്തിലെത്തിയ ആദ്യനാളുകൾ മുതൽക്കേ, ഗൾഫ് ബന്ധം പഴയപടിയാക്കാനുള്ള നീക്കങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ചിരുന്നു.

കരാറിൽ നിന്ന് പിന്മാറിയതിനൊപ്പം ട്രംപ് ഇറാനെതിരെ ഉപരോധം കൊണ്ടുവരികയും ചെയ്തു. യു.എസ്സിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ അന്ന് ശബ്ദമുയർത്തിയത് ചൈനയും റഷ്യയും മാത്രമാണ്. യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ വാക്കുകൊണ്ട് പിന്തുണ പ്രഖ്യാപിച്ചെങ്കിലും യു.എസ്സിന്റെ കണ്ണുരുട്ടലിനുമുമ്പിൽ മൗനം പാലിച്ചു. ഇത് ഇറാനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ യു.എസ്സിന് കരുത്തായി.

കഴിഞ്ഞവർഷമാണ് യു.എസ് കരാറിൽ നിന്ന് പിൻമാറിയത്. ഇതോടെ ഇറാനിലെ എണ്ണവ്യാപാരത്തിന് മേൽ യു.എസ് കടിഞ്ഞാണിട്ടു. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു യു.എസ് മുന്നറിയിപ്പ് നൽകി. പതിവുപോലെ യു.എസ്സിന്റെ ഉത്തരവ് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.

യു.എസ് കരാറിൽനിന്ന് പിൻവാങ്ങിയിട്ടും ക്ഷമ കാട്ടിയ ഇറാനെ പിന്തുണയ്ക്കാൻ യു.എസ്സിനെ വാഴ്ത്തുന്ന രാഷ്ട്രങ്ങൾ തയ്യാറായില്ല. വടക്കുകിഴക്കൻ ഇറാനിലും തെക്കുപടിഞ്ഞാറൻ ഇറാനിലും വെള്ളപ്പൊക്കം നാശം വിതച്ചപ്പോൾപ്പോലും ഇറാനെ സാമ്പത്തികമായി സഹായിക്കാൻ മറ്റ് രാഷ്ട്രങ്ങൾക്ക് യു.എസ് ഉപരോധം തടസ്സമായി. ഒടുക്കം ആണവക്കരാറിൽ ഉറച്ചുനിന്നിട്ടും പ്രതീക്ഷിച്ച അന്താരാഷ്ട്രപിന്തുണ ലഭിക്കാതായപ്പോൾ കരാർ പാലിക്കുന്നതിൽനിന്ന് പിൻവാങ്ങുമെന്ന സൂചന ഇറാൻ കഴിഞ്ഞ ദിവസം നൽകിയത്. യുറേനീയം സമ്പുഷ്ടീകരണത്തിനും ഘനജല നിർമാണത്തിനും കരാർ ഏർപ്പെടുത്തിയ നിയന്ത്രണം പാലിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി വ്യക്തമാക്കുകയും ചെയ്തു. അറാക്കിലെ ഘനജല റിയാക്ടർ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന സൂചനയാണ് ഇറാൻ ഇതിനിടെ നൽകിയത്.

കാര്യങ്ങൾ അവിടംകൊണ്ടൊന്നും അവസാനിപ്പിക്കാൻ യു.എസ് തയ്യാറായില്ല. ഭീഷണിക്കുമുമ്പിൽ പതറാതെ നിന്ന ഇറാനെ തറപറ്റിക്കാൻ അവസാന അടവുമായി യു.എസ് രംഗത്തെത്തി. ഇറാൻ തീരത്തേക്ക് യു.എസ് വിമാന വാഹിനി കപ്പൽ അയച്ചു. ആണവകരാറിൽ നിന്ന് യു.എസ് പിൻമാറിയതിന്റെ വാർഷിക ദിനത്തിലായിരുന്നു ഈ അപ്രതീക്ഷിത നീക്കം. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും യുദ്ധക്കൊതിയനുമായ ജോൺ ബോൾട്ടനാണ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കനെ ഇറാൻ തീരത്തേക്ക് അയക്കുകയാണെന്ന് അറിയിച്ചത്. ഇറാനുള്ള വ്യക്തവും കൃത്യവുമായ സന്ദേശമാണിതെന്നും ബോൾട്ടൺ വളച്ചുകെട്ടില്ലാതെ പറഞ്ഞു. 13 വർഷം മുമ്പ് ഇതേ കപ്പലിൽനിന്നുകൊണ്ടാണ് യു.എസ് പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യൂ ബുഷ് ഇറാഖിനെതിരെയുള്ള യുദ്ധം വിജയിച്ചതായി പ്രഖ്യാപിച്ചത്. സ്വാഭാവികമായും യു.എസ്സിന്റെ 16-ാമത്തെ പ്രസിഡന്റിന്റെ പേരിലുള്ള യുദ്ധക്കപ്പലിനെ മദ്ധ്യധരണ്യാഴിയിൽനിന്ന് ഇറാൻ തീരത്തേക്ക് അയക്കുമ്പോൾ യുദ്ധത്തിന്റെ കാഹളമാണ് മുഴങ്ങുന്നതെന്ന് പറയാതെ പറയുന്നുണ്ട് ലോകരാഷ്ട്രങ്ങൾ. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സൈനിക താവളങ്ങളിൽ യു.എസ് സൈന്യത്തേയും ആയുധങ്ങളും നിറച്ചുകഴിഞ്ഞു. ഒരു യുദ്ധത്തിന് തൽക്കാലം തയ്യാറാല്ലെന്ന് പറയുമ്പോഴും ഇറാനെതിരെ പ്രകോപനമുണ്ടാക്കി യുദ്ധത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം യു.എസ്സിന് ഇല്ലേയെന്ന് സംശയിച്ചാൽ അതിൽ തെറ്റുപറയാനാകില്ല.

പടക്കപ്പലുകളും വിമാനങ്ങളും അയച്ചതിന് പിന്നാലെ ആദ്യ സൂചനയെന്നോണം രാജ്യാന്തര ക്രൂഡോയിൽ നീക്കത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഹോർമുസ് കടലിടുക്കിനു സമീപം എണ്ണ ടാങ്കറുകൾക്കും കപ്പലുകൾക്കും നേരെ ആക്രമണമുണ്ടായി. യു.എ.ഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം നാലു കപ്പലുകൾക്കു നേരെയായിരുന്നു ആക്രമണം. ഒരു കപ്പൽ തങ്ങളുടേതാണെന്നു നോർവേ കമ്പനി അറിയിച്ചിരുന്നു. നാലാമത്തെ കപ്പൽ യുഎഇയുടേതാണെന്നു ചിത്രങ്ങൾ സൂചിപ്പിക്കുന്നതായിയിരുന്നു മാദ്ധ്യമ റിപ്പോർട്ടുകൾ. ഫുജൈറ തുറമുഖത്തു നിന്നു 10 കിലോമീറ്ററകലെ ഒമാൻ ഉൾക്കടലിലായിരുന്നു ആക്രമണം. 'ബാഹ്യ ശക്തി'കളുടെ കൈവിട്ട കളിയാണിതെന്നും അന്വേഷണം വേണമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. എന്നാൽ, പ്രതീക്ഷിച്ചതുപോലെ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യു.എസ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സജ്ജീകരണങ്ങളുമായി ഇറാനെ പ്രതിരോധത്തിലാക്കാനും ലോകരാഷ്ട്രങ്ങളെ ഒപ്പം നിർത്താനുമാവും യു.എസ്സിന്റെ ശ്രമം.

എന്നാൽ, ഇറാനെ ഒരു യുദ്ധത്തിലൂടെ കീഴടക്കുക എന്ന ട്രംപിന്റെ മോഹം അത്ര എളുപ്പം സാധിച്ചെടുക്കനാകില്ല. കാരണം ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമായി യു.എസ് വിന്യസിച്ച 20000 സൈനികരെ ലക്ഷ്യംവയ്ക്കാനുള്ള മിസൈൽ ശേഷി ഇറാനുണ്ട്. മാത്രമല്ല, ഇറാന്റെ ആണവകേന്ദ്രങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തായാണ് കിടക്കുന്നത്. ഇത് പൂർണമായും നശിപ്പിക്കുക യു.എസ്സിനെക്കൊണ്ട് അസാധ്യമാണുതാനും. യുദ്ധം ഉണ്ടാകുന്നപക്ഷം ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തയ്യാറാകുമെന്ന് ഉറപ്പാണ്. ഇത് ലോകരാഷ്ട്രങ്ങളുടെ എണ്ണ വ്യാപാരത്തെ പ്രതിരോധത്തിലാക്കും. ഇറാനിൽ കൈപൊള്ളിയാണ് ജിമ്മികാർട്ടർക്ക് രണ്ടാംമൂഴം നഷ്ടമായതെന്ന കാര്യം ട്രംപ് ഓർക്കുമെന്ന് കരുതാം. പെട്ടെന്ന് ഒരു യുദ്ധത്തിനുള്ള സാധ്യത ആരും കാണുന്നില്ലെങ്കിലും ബുഷ് ഭരണകൂടം ഇറാഖിനെ വരിഞ്ഞുകെട്ടിയതുപോലെ ഇപ്പോൾ ട്രംപും ഇറാനെ വരിഞ്ഞുകെട്ടുകയാണെന്നും അത് യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്നുമുള്ള വിലയിരുത്തലുകളും ശക്തമാണ്.

ഇറാനുമേലുള്ള യു.എസ് ഉപരോധം ഇന്ത്യയ്ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഗുരുതരമാണ്. ചൈനയെപ്പോലെ ഇറാനുമായി ബാർട്ടർ അധിഷ്ഠിത വ്യാപാരസംവിധാനം ഇന്ത്യയ്ക്കില്ല. യു.എസ്-ഗൾഫ് ശക്തികളെ തള്ളിനീക്കി ഇറാനുമായി വ്യാപാരബന്ധം നിലനിർത്താൻ നരേന്ദ്ര മോദി സർക്കാർ ഉത്സാഹം കാട്ടിയതുമില്ല. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവ്യാപാരം തടസ്സപ്പെട്ടാൽ ഇന്ത്യയെയാണ് അത് ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്ത്യയുടെ കയറ്റുമതി സംരംഭങ്ങളെയും പ്രതികൂലമായി ബാധിക്കും. ജി.സി.സി രാജ്യങ്ങളിലുള്ള 60 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്കിടയിൽ ഇത് ആശങ്ക പരത്തിയിട്ടുണ്ട്.

ചൈനയോടുള്ള ഭ്രഷ്ട് യു.എസ്സിനും കോട്ടം വരുത്തും

ചൈനയെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയ്യുന്ന പ്രവർത്തികൾ അവർക്കു തന്നെ തിരിച്ചടിയാകുന്നുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയത് യു.എസ്സിനും തിരിച്ചടിയാണെന്ന് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കട്‌ലോ ആണ് തുറന്ന് സമ്മതിച്ചത്. ചൈനീസ് ഉൽപന്നങ്ങൾക്കുമേലുള്ള ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി യു.എസ് ഉയർത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം സങ്കീർണമാക്കുകയാണ്. ചൈനക്ക് വലിയ തിരിച്ചടി എന്ന രൂപത്തിലാണ് ട്രംപ് ഇതിനെ വ്യാഖ്യാനിച്ചിരുന്നത്. എന്നാൽ യു.എസ് സമ്പദ് വ്യവസ്ഥക്കും ഇത് തിരിച്ചടിയാണെന്ന് തുറന്നു സമ്മതിക്കുകയാണ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ്. ചൈനീസ് ഉല്പന്നങ്ങൾക്ക് വിലകൂടുന്നത് യു.എസ്സിലെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇറക്കുമതി തീരുവ 25 ശതമാനമാക്കി ഉയർത്തിയ യു.എസ്സിന് ചൈന അതേ നാണയത്തിൽ തന്നെ മറുപടിയും കൊടുത്തു. 6000 കോടി ഡോളർ മൂല്യമുള്ള യു.എസ് ഉൽപന്നങ്ങൾക്കുമേൽ ചൈന നികുതി വർദ്ധിപ്പിച്ചു. 5140 ഉൽപന്നങ്ങൾക്കാണ് നികുതി കൂട്ടിയത്.

നികുതി വർദ്ധന ജൂൺ ഒന്ന് മുതൽ നിലവിൽ വരുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ഏകപക്ഷീയമായ അമേരിക്കൻ നീക്കത്തിന്റെ ഫലമാണ് ചൈനയുടെ നികുതി വർദ്ധന.

തങ്ങളൊരിക്കലും ബാഹ്യസമ്മർദത്തിന് വിധേയരാവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷുവാങ് ഉറപ്പിച്ച് പറഞ്ഞു. അതേസമയം, യു.എസ്സിനോട് ചൈന തിരിച്ചടിക്കാൻ നിൽക്കരുതെന്നും അത് സാഹചര്യം വഷളാക്കുമെന്നുമെന്ന പതിവ് ഭീഷണി സ്വരമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്.

ചൈന ഇപ്പോഴും യു.എസ്സിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. കഴിഞ്ഞവർഷം ചൈനയുടെ കയറ്റുമതിയിൽ ഏഴു ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ, 2019ന്റെ ആദ്യ മൂന്നുമാസത്തിനിടെ യു.എസ്സിലേക്കുള്ള കയറ്റുമതിയിൽ ഒമ്പത് ശതമാനത്തിന്റെ ഇടിവുണ്ടായി. വ്യാപാരയുദ്ധം രാജ്യത്തെ ബാധിക്കാൻ തുടങ്ങുന്നുവെന്നതിന്റ സൂചനയാണിത്. യു.എസ്സിന്റെ നികുതി വർദ്ധന ചൈനയുടെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാൽ, തങ്ങളുടെ തീരുമാനത്തിലും നിയമത്തിലും മാറ്റം വരുത്താൻ ചൈന തയ്യാറായിട്ടില്ല.

Read More >>