തനിയാവര്‍ത്തനമായി...

എന്തായാലും മുൻതൂക്കം നിലനിർത്താനുള്ള ശ്രമത്തിൽ എൽ.ഡി.എഫും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള തീവ്രയജ്ഞത്തിൽ യു.ഡി.എഫ് ക്യാമ്പും പരമാവധി വോട്ടു പിടിക്കാൻ എൻ.ഡി.എയും തന്ത്രം മെനയുന്ന തിരക്കിലാണ്

തനിയാവര്‍ത്തനമായി...

പ്രളയം, കർഷക ആത്മഹത്യകൾ തുടങ്ങിയവ ചർച്ചാ വിഷയമായി കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നായി ഇടുക്കി മാറി കഴിഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും അന്നത്തെ പരിചയ സമ്പത്തുമായി യു.ഡി.എഫിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ അഡ്വ. ഡീൻ കുര്യാക്കോസും എൽ.ഡി.എഫിൽ സിറ്റിങ് എം.പിയായ അഡ്വ. ജോയ്‌സ് ജോർജ്ജും അങ്കം കുറിക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബിജു കൃഷ്ണനും കളത്തിലിറങ്ങിയതോടെ ഇടുക്കിയിൽ പോരാട്ടത്തിന് അന്തിമ ചിത്രമായി കഴിഞ്ഞു. സാഹചര്യങ്ങൾ അൽപം മാറിയെങ്കിലും 2014 ന്റെ തനിയാവർത്തനമാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ നടക്കുന്നത്.

എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക ആദ്യം പുറത്തു വന്നതിനാൽ സിറ്റിങ് എം.പി കൂടിയായ അഡ്വ. ജോയ്‌സ് ജോർജ്ജിന് ആദ്യഘട്ട പ്രചരണത്തിൽ മുൻതൂക്കം ലഭിച്ചിരുന്നു. എൽ.ഡി.എഫിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പ് കൺവൻഷനും നിയോജകമണ്ഡലംതല തെരഞ്ഞെടുപ്പ് കൺവൻഷനുകളും പൂർത്തിയായ ശേഷമാണ് യു.ഡി.എഫ് പട്ടിക പുറത്തു വരുന്നത്. അൽപം വൈകിയാണ് പ്രചാരണ രംഗത്തിറങ്ങിയതെങ്കിലും യു.ഡി.എഫ് ക്യാമ്പുകളിലെ ആൾക്കൂട്ടം ഡീൻ കുര്യാക്കോസിന് ആത്മ വിശ്വാസം പകരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് കൺവൻഷനിലും നിയോജകമണ്ഡലംതല തെരഞ്ഞെടുപ്പ് കൺവൻഷനുകളിലും ഉണ്ടായ ജനപങ്കാളിത്തത്തിലൂടെ പ്രചരണ രംഗത്ത് മേൽക്കോയ്മ നേടാൻ യു.ഡി.എഫിനും കഴിഞ്ഞിട്ടുണ്ട്. സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിച്ചും കോർണർ മീറ്റിങുകൾ സംഘടിപ്പിച്ചുമാണ് ഇരുമുന്നണികളും ഇപ്പോൾ പ്രചരണ രംഗത്ത് മുന്നേറുന്നത്.

എൻ.ഡി.എയിൽ ഇടുക്കി സീറ്റ് ബി.ഡി.ജെ.എസിനാണ്. വളരെ വൈകിയാണ് ബി.ഡി.ജെ.എസ് സീറ്റു പ്രഖ്യാപനം നടത്തിയത്. എങ്കിലും എസ്.എൻ.ഡി.പി വോട്ടുകൾ നിർണ്ണായകമായ ഇടുക്കിയിൽ ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥി ബിജു കൃഷ്ണൻ. എൽ.ഡി.എഫ് സർക്കാരിന്റെ ജനപക്ഷ നിലപാടുകളും വാഗ്ദാനങ്ങൾ നിറവേറ്റിയുള്ള വികസനവും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ നിഴലിക്കുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പ് പറയുന്നത്. എന്നാൽ, വികസനം ഫ്‌ളക്‌സ് ബോർഡുകളിൽ മാത്രം ഒതുങ്ങിയെന്നും പൊള്ളയായ വാഗ്ദാനങ്ങൾ വോട്ടർമാർ തിരിച്ചറിഞ്ഞതായും ചൂണ്ടിക്കാട്ടി യു.ഡി.എഫ് ക്യാമ്പും തിരിച്ചടിച്ചു കഴിഞ്ഞു. പാതിവഴി പോലും എത്താത്ത ഇടുക്കി മെഡിക്കൽ കോളജ്, ശബരി റെയിൽപാത, പട്ടയവിതരണം തുടങ്ങിയവയാണ് ഇതിന് ഉദാഹരണമായി യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ തവണ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയാണ് എൽ.ഡി.എഫ് വിജയം നേടിയതെന്നും ഇത്തവണ അത് വിലപ്പോവില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കസ്തൂരി രംഗൻ, പട്ടയ പ്രശ്നങ്ങളിൽ യു.ഡി.എഫുമായി ഇടഞ്ഞു നിന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാടാണ് ഇപ്പോഴും ചർച്ചയാകുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതി നോമിനിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്ജ്.

കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി വൈദികർ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഇടയലേഖനം ഇറക്കിയത് സമിതിക്കൊപ്പം എൽ.ഡി.എഫിനും ക്ഷീണം ചെയ്തിട്ടുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതി ഒരു സമുദായത്തിന്റെ മാത്രം സംഘടനയല്ലെന്നും ഇതര സമുദായത്തിൽപ്പെട്ട ആളുകൾ സംഘടനയിൽ ഉണ്ടെന്നുമുള്ള വാദവും ഇതിനിടെ ഉയരുന്നുണ്ട്.

2014 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിൽ എൽ.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. പീരുമേട്, ഉടുമ്പൻചോല, ഇടുക്കി, ദേവികുളം നിയോജകമണ്ഡലങ്ങളിലാണ് എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത്. യു.ഡി.എഫ് കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ മണ്ഡലങ്ങളിലും ലീഡ് നേടി. 2016 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴിൽ അഞ്ചും എൽ.ഡി.എഫിന് ഒപ്പം നിന്നു. പീരുമേട്, ഉടുമ്പൻചോല, ദേവികുളം, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളാണ് എൽ.ഡി.എഫ് നേടിയത്. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് സമ്പൂർണ പരാജയമായിരുന്നു. ഇടുക്കി, തൊടുപുഴ മണ്ഡലങ്ങൾ കേരളാ കോൺഗ്രസിന് ഒപ്പം നിന്നതു മാത്രമാണ് യു.ഡി.എഫിന് ആശ്വാസം.

Read More >>